ബസ് തിരക്കിൽ ശ്വാസംമുട്ടി തമ്പാനൂർ ഡിപ്പോ; കുരുക്കഴിക്കാൻ പുതിയ ക്രമീകരണം
text_fieldsതിരുവനന്തപുരം: തമ്പാനൂർ സെൻട്രൽ ഡിപ്പോയിലെ ബസുകളുടെ തിരക്കൊഴിവാക്കുന്നതിന് പുതിയ ക്രമീകരണവുമായി കെ.എസ്.ആർ.ടി.സി. ഓപറേഷനെല്ലാം തമ്പാനൂരിൽ നിന്നായിരിക്കുമെങ്കിലും ദീർഘദൂര ബസുകളെല്ലാം തമ്പാനൂരിന് പകരം പാപ്പനംകോട് ഡിപ്പോയിൽ നിർത്തിയിടാനാണ് തീരുമാനം.
മറ്റ് ഡിപ്പോകളിൽ നിന്നുള്ള ബസുകളെല്ലാം തമ്പാനൂരിൽ ആളിറക്കിയ ശേഷം നേരെ പാപ്പനംകോട്ടേക്ക് പോകും. ജീവനക്കാർക്ക് വിശ്രമത്തിന് വേണ്ട സൗകര്യങ്ങൾ പാപ്പനംകോട് ഒരുക്കും. അടുത്ത ട്രിപ്പ് സമയത്തായിരിക്കും ഇവ പാപ്പനംകോട് നിന്ന് വരുക. ബസുകളുടെ വരവറിയിച്ച് റെയിൽവേ സ്റ്റേഷനുകളുടെ മാതൃകയിൽ തമ്പാനൂരിൽ അനൗൺസ്മെന്റ് ഏർപ്പെടുത്തും.
നിലവിൽ ദീർഘദൂര ബസുകൾ തമ്പാനൂരിൽ ആളിറക്കിയാലും അടുത്ത ട്രിപ്പ് സമയം വരെ ഇവിടെ തന്നെ നിർത്തിയിടുകയാണ് ചെയ്യുന്നത്. ഇത് മൂലം വലിയ ഗതാഗതക്കുരുക്കും ശ്വാസം മുട്ടലുമാണ് തമ്പാനൂരിൽ ഉണ്ടാകുന്നത്. ബസുകൾ തമ്പാനൂരിലെ തിരക്കിൽപെട്ട് കേടുപാടുകളും ഉണ്ടാകുന്നുണ്ട്.
സെൻട്രൽ ഡിപ്പോയിൽ സൂപ്പർ ഫാസ്റ്റുകൾ മുതൽ മുകളിലേക്കുള്ള 183 ബസുകൾ വന്നുപോകുന്നുണ്ട്. ഫാസ്റ്റ് പാസഞ്ചറുകളാകട്ടെ 384 ഓളവും. ഒരു ബസ് തന്നെ ആറ്റിങ്ങലിൽ നിന്ന് മൂന്ന് പ്രാവശ്യം വരാം. 65 ബസുകൾ സെൻട്രൽ ഡിപ്പോക്ക് തന്നെയുണ്ട്. നാല് തെങ്കാശി ഫാസ്റ്റ് സർവിസുകളൊഴിച്ചാൽ ബാക്കിയെല്ലാം ദീർഘദൂര ഷെഡ്യൂളുകളാണ്.
സെൻട്രൽ ഡിപ്പോ വിശാലമാണെങ്കിലും സ്വന്തം ബസുകളും മറ്റ് ഡിപ്പോകളിൽ നിന്നുള്ള ബസുകളും ഉൾക്കൊള്ളാനുള്ള ശേഷിയില്ലെന്നതിനാലാണ് പുതിയ ക്രമീകരണം. നിലവിൽ ട്രിപ്പ് കഴിഞ്ഞ് ഇവ ആനയറയിലേക്ക് പോവുകയും അടുത്ത ഷെഡ്യൂൾ സമയത്ത് ആനയറയിൽ നിന്ന് തമ്പാനൂരിലെത്തി യാത്രക്കാരെ കയറ്റി പോവുകയുമാണ് ചെയ്യുന്നത്.
ഭാവിയിൽ ഇതൊഴിവാക്കി തമ്പാനൂരിലെത്താതെ ഇവ പൂർണാമായി ആനയറയിലേക്ക് മാറ്റാനും ആലോചനയുണ്ട്. സ്വിഫ്റ്റ് ബസുകൾക്കായി തമ്പാനൂരിലെത്തുന്ന യാത്രക്കാർക്കായി പ്രത്യേക ഫീഡർ സർവിസുകൾ ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്.
മറ്റ് തീരുമാനങ്ങൾ
- പുതുതായി എത്തുന്ന ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് ഡീസൽ ബസുകൾ മാറ്റും.
- സിറ്റിയിലെത്തുന്ന ഇലക്ട്രിക് ബസുകൾ വിവിധ യൂനിറ്റുകളിലേക്ക് മാറ്റും.
- സിറ്റിയിലേക്ക് വരുന്ന മുഴുവൻ ബസുകളും സിറ്റി സർക്കുലർ, സിറ്റി റേഡിയൽ സർവിസുകളാക്കി മാറ്റും.
- സിറ്റിലെ ഗാരേജുകളുടെ എണ്ണം കുറക്കും.
- സമീപ ഭാവിയിൽ സിറ്റി സർക്കുലർ സർവിസുകൾക്ക് മാത്രമേ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കൂ.
- സീസൺ ടിക്കറ്റ് സംവിധാനം നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.