ചൂട് കൂടുന്നു, തീപിടിത്തവും ഇരിക്കപ്പൊറുതിയില്ലാതെ അഗ്നിരക്ഷാസേന
text_fieldsതിരുവനന്തപുരം: വേനലിനെ പൊള്ളിച്ച് ജില്ലയിൽ ചൂട് കുത്തനെ ഉയരുന്നതിന്റെ ഫലമായി തീപിടിത്തവും വർധിക്കുന്നു. കഴിഞ്ഞ 48 ദിവസത്തിനിടയിൽ ചെറുതും വലുതുമായ 400ഓളം തീപിടിത്തസംഭവങ്ങളാണ് ജില്ലയിൽ ഉണ്ടായതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ദിവസവും എട്ടോളം ഫോൺ കാളുകളാണ് തീപിടുത്തവുമായി ബന്ധപ്പെട്ട് ഓരോ സ്റ്റേഷനിലേക്കുമെത്തുന്നത്. ഈ സാഹചര്യത്തിൽ ജൂൺവരെ തീപിടിത്തം ഒഴിവാക്കാൻ പരമാവധി ശ്രദ്ധപുലർത്തണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
പറമ്പുകളും കൃഷിയിടങ്ങളും വേനൽക്കാലത്തു വൃത്തിയാക്കി തീയിടുമ്പോൾ ചെറിയ കൂനകളാക്കി കത്തിക്കുക. തീ കത്തിക്കുന്നിടത്ത് വെള്ളം കരുതുക. തീ പൂർണമായും അണഞ്ഞതിനുശേഷം മാത്രം അവിടന്ന് പോവുക. രാവിലെ 11.30 മുതൽ ഉച്ചക്ക് മൂന്നുവരെ തീകത്തിക്കാതിരിക്കുക. ഇലക്ട്രിക്കൽ ലൈനുകൾക്ക് താഴെ തീയിടരുത്. അനാവശ്യമായി സിഗരറ്റ് കുറ്റികൾ, തിരികൾ എന്നിവ പറമ്പുകളിലേക്ക് വലിച്ചെറിയാതിരിക്കുക. പ്ലാസ്റ്റിക്കും മറ്റും കൂട്ടിയിട്ട് കത്തിക്കാതിരിക്കുക. കടകൾ അടക്കുമ്പോഴും തുറക്കുമ്പോഴും നിലവിളക്ക് കത്തിക്കുന്നതും കർപ്പൂരം കത്തിച്ച് ഉഴിയുന്നതും പൂർണമായി അണച്ചെന്ന് ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.
മറ്റ് ജാഗ്രതാനിർദേശങ്ങൾ
- വേനൽക്കാലത്ത് പെട്രോൾ, ഡീസൽ വാഹനങ്ങിൽ ഫുൾ ടാങ്ക് ഇന്ധനം നിറക്കാതിരിക്കുക. ആവശ്യത്തിന് മാത്രം ഇന്ധനം നിറയ്ക്കുക. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുമ്പോളും വളരെയധികം ശ്രദ്ധിക്കണം
- വനമേഖലയോട് അടുത്ത് താമസിക്കുന്നവർ വനംവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കുക.
- വീടുകളിൽ പെട്രോൾ, ഡീസൽ മുതലായവ സൂക്ഷിക്കാതിരിക്കുക
- പാചകത്തിന് ഗ്യാസ് ഉപയോഗിക്കുമ്പോൾ ഉപയോഗശേഷം നിർബന്ധമായും റെഗുലേറ്റർ ഓഫ് ചെയ്യുക.
- വീട് പൂട്ടി പുറത്തുപോകുന്ന അവസരത്തിൽ ഇലക്ട്രിസിറ്റി ഓഫ് ആക്കുക
- ഒന്നിൽ അധികം ഗ്യാസ് സിലിണ്ടറുകൾ വീട്ടിനുള്ളിൽ കരുതാതിരിക്കുക, കടകളിൽ ഗ്യാസ് സിലിണ്ടറുകൾ ഒരുമിച്ചുകൂട്ടി സൂക്ഷിക്കാതിരിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.