മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് നടപടി വേഗത്തിലാക്കണമെന്ന് ന്യൂനപക്ഷ കമീഷൻ
text_fieldsതിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടങ്ങൾ ഒഴിവാക്കാൻ നടത്തേണ്ട ഡ്രഡ്ജിങ് ജോലികളുടെ ടെൻഡർ നടത്തി തുടർപ്രവർത്തനം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ന്യൂനപക്ഷ കമീഷൻ ഉത്തരവ്.
മുതലപ്പൊഴി അപകട പരമ്പരയെ തുടർന്ന് കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഡ്രഡ്ജിങ് ജോലികളുടെ എസ്റ്റിമേറ്റിന് അദാനി പോർട്ട്സ് അംഗീകാരം നൽകിയിട്ടില്ലെന്ന് തിങ്കളാഴ്ച നടന്ന തെളിവെടുപ്പിൽ ഹാർബർ എൻജിനീയറിങ് വകുപ്പ് കമീഷനെ അറിയിച്ചു.
തുടർന്ന് കമീഷൻ നിർദേശ പ്രകാരം ഡ്രഡ്ജിങ് ജോലികളുടെ എസ്റ്റിമേറ്റിന് ഉടൻ അംഗീകാരം നൽകാമെന്ന് അദാനി പോർട്സ് കമീഷന് ഉറപ്പ് നൽകി.
ടെൻഡർ പൂർത്തിയാക്കി ജോലികൾ തുടങ്ങുന്ന മുറക്ക് എസ്റ്റിമേറ്റ് തുക 2.05 കോടി രൂപ ലഭ്യമാക്കാമെന്നും അദാനി പോർട്ട്സ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ എത്രയും വേഗം ആരംഭിച്ച് പ്രവൃത്തികളെ സംബന്ധിച്ച് കമീഷന് റിപ്പോർട്ട് നൽകണമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പിന് കമീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് നിർദേശം നൽകി.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമിയുടെ പൊന്നുംവില ലഭ്യമായില്ലെന്ന കരമന മുസ്ലിം ജമാഅത്ത് ഭാരവാഹികളുടെ പരാതിയിന്മേൽ ഹർജികക്ഷികൾ ഹാജരാക്കുന്ന രേഖകൾ പരിശോധിച്ച് തീരുമാനം കൈക്കൊള്ളാൻ തിരുവനന്തപുരം റവന്യൂ ഡിവിഷനൽ ഓഫിസറോട് കമീഷൻ നിർദേശിച്ചു.
നെയ്യാറ്റിൻകര അർബൻ സഹകരണ ബാങ്കിൽനിന്ന് എടുത്ത വായ്പ തിരിച്ചടക്കുന്നതിന് സാവകാശം ആവശ്യപ്പെട്ട് അമ്പൂരി സ്വദേശി സമർപ്പിച്ച പരാതി നിയമാനുസൃതമായ ഇളവുകൾ അനുവദിക്കാമെന്ന ബാങ്ക് അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീർപ്പാക്കി.
ജമാ അത്ത് അംഗത്വം മാറ്റുന്നതിനായി വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന തൊളിക്കോട് സ്വദേശി സമർപ്പിച്ച ഹരജിയിൽ വിടുതൽ സർട്ടിഫിക്കറ്റ് ഉടൻ അനുവദിക്കാമെന്ന് എതിർകക്ഷികൾ കമീഷനെ രേഖാമൂലം അറിയിച്ചതിനെ തുടർന്ന് നടപടി അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.