നാളികേരത്തിന്റെ പെരുമ അന്യമാകുന്നു
text_fieldsഅമ്പലത്തറ: നാളികേരത്തിന്റെ നാട്ടില്‍ നിന്ന് നാളികേരം അന്യമാകുന്നു. പരമ്പരാഗതമായ തെങ്ങിന് കൃഷിരീതികള്‍ അന്യമായതും റിയല്‍ എസ്റ്റേറ്റ് മാഫിയ തെങ്ങിന് പുരയിടങ്ങള്‍ വാങ്ങി തെങ്ങുകള്‍ മുറിച്ച് മാറ്റാന്‍ തുടങ്ങിയതും മൂലം നാളികേരത്തിന്റെ ഉൽപാദനം കുറഞ്ഞു. ഇതോടെ അന്യസംസ്ഥാനത്ത് നിന്നുള്ള ഇളനീരും നാളികേര ഉല്പന്നങ്ങളും കേരള വിപണി കീഴടക്കുന്നു.
നാളികേര കര്‍ഷകരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നാളികേര വികസന കൗണ്‍സില്‍ രൂപവത്കരിച്ച് 2018 മുതല്‍ 2028 വരെ നീണ്ടുനില്‍ക്കുന്ന വികസപദ്ധതികള്‍ക്ക് രൂപം നല്‍കിയിരുന്നു. നാളികേര ഗവേഷണ കേന്ദ്രങ്ങളില്‍ തെങ്ങിന് തൈ ഉൽപാദിപ്പിച്ച് സബ്സിഡി നിരക്കില്‍ നല്‍കുന്നുണ്ടെങ്കിലും തൈകള്‍ വാങ്ങുന്നവര്‍ പിന്നീട് തുടര്‍സംരക്ഷണം നല്‍കുന്നില്ല. കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ ബാലരാമപുരത്ത് പ്രവര്‍ത്തിക്കുന്ന നാളികേര ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പ്രതിവര്‍ഷം 35000 തെങ്ങിന് തൈകളാണ് വില്പന നടത്തുന്നത്. ഇതിന് സമാനമായി മറ്റുസ്ഥലങ്ങളില്‍ നിന്നും തൈകള്‍ ഉൽപാദനം നടത്തി വിതരണം ചെയ്യുന്നുണ്ട്. ഒാരോ തൈക്കും പ്രത്യേകം ക്യൂ.ആര് കോഡുണ്ട്. പരിചരണം, രോഗകീടനാശികള് നല്‍കേണ്ട സമയം, രാസവളം, ജൈവവളം എന്നിവയുടെ അളവ്, സമയവും എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ തെങ്ങ് കൃഷിയെ വളരെ പ്രാധാന്യത്തോടെയാണ് പരിചരിക്കുന്നത്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നാളികേര കര്‍ഷകരെ സംരക്ഷിക്കാനായി അവിടത്തെ സര്‍ക്കാറുകള്‍ നിരവധി പദ്ധതികളാണ് വര്‍ഷം തോറും നടപ്പാക്കുന്നത്.
നാളികേരത്തിന്റെ ഉപയോഗവും സമൂഹത്തില്‍ അതിന്റെ സ്വാധീനവും ഉയര്‍ത്തിക്കാട്ടുന്നതിനായാണ് 2009 സെപ്റ്റംബര്‍ രണ്ടിന് ഏഷ്യ പസഫിക്ക് കോക്കനട്ട് കമ്യൂണിറ്റി ആദ്യത്തെ ലോകനാളികേര ദിനം ആഘോഷിച്ച് തുടങ്ങിയത്. ഇത്തവണയും കേരളത്തില്‍ സെപ്റ്റംബര്‍ രണ്ടുമുതല്‍ നാലുവരെ നാളികേര വികസനബോര്‍ഡിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ലോകനാളികേര ദിനാഘോഷവും ശില്പശാലയും നടക്കുന്നുണ്ട്. നാളികേരത്തിന്റെ നല്ല കൃഷി രീതികള്‍ എന്ന വിഷയത്തിലാണ് ഇത്തവണ ശില്പശാല നടക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.