മഴ: തിരുവനന്തപുരം ജില്ലയിൽ 90 ലക്ഷത്തിന്റെ കൃഷിനാശം
text_fieldsതിരുവനന്തപുരം: കനത്ത മഴയിൽ ജില്ലയിൽ 89.87 ലക്ഷത്തിന്റെ കൃഷിനാശമെന്ന് പ്രാഥമികവിവരക്കണക്ക്.
438 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 234.05 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് നാശം സംഭവിച്ചതായി പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസർ അനിൽകുമാർ എസ് അറിയിച്ചു. ഒക്ടോബർ 13 മുതൽ 16 വരെയുള്ള കണക്കാണിത്. വാഴകൃഷിയെയാണ് മഴ സാരമായി ബാധിച്ചത്. 205.17 ഹെക്ടർ പ്രദേശത്തെ വാഴകൃഷി നശിച്ചു. 12.48 ഹെക്ടർ നെല്ല്, 10.30 ഹെക്ടർ പച്ചക്കറി, 5.80 ഹെക്ടർ മരച്ചീനി, 0.20 ഹെക്ടർ അടയ്ക്ക, 0.10 ഹെക്ടർ വെറ്റില എന്നിങ്ങനെയാണ് കൃഷിനഷ്ടത്തിന്റെ പ്രാഥമിക കണക്ക്.
ജില്ലയിൽ ഏറ്റവും അധികം കൃഷിനാശം സംഭവിച്ചത് പള്ളിച്ചൽ ബ്ലോക്കിലാണ്. 207.40 ഹെക്ടറിലായി 36.17 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ആറ്റിങ്ങൽ 12 ഹെക്ടറിലായി 18 ലക്ഷം, നെടുമങ്ങാട് 5.20 ഹെക്ടറിലായി 16.70 ലക്ഷം, വാമനപുരം 7.95 ഹെക്ടറിലായി 14.11 ലക്ഷം, നെയ്യാറ്റിൻകര 0.42 ഹെക്ടറിലായി 1.53 ലക്ഷം, പാറശ്ശാല 0.28 ഹെക്ടറിലായി 0.42 ലക്ഷം രൂപയുടെയും കൃഷിനഷ്ടം നിലവിൽ കണക്കാക്കിയിട്ടുണ്ട്.
കണിയാപുരത്ത് ദുരിതാശ്വാസ ക്യാമ്പിൽ 36 കുടുംബം
കണിയാപുരം: അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയിൽ വെള്ളം കയറിയതോടെ അണ്ടൂർക്കോണം പഞ്ചായത്തിലെ അഞ്ചുവാർഡുകളിൽ നിന്ന് ദുരിതാശ്വാസക്യാമ്പുകളിൽ എത്തിയത് 86 പേർ.
അതിൽ മൂന്ന് കിടപ്പുരോഗികളും 14 ഇതരസംസ്ഥാന തൊഴിലാളികളും ക്യാമ്പിൽ അഭയാർഥികളായുണ്ട്. ക്യാമ്പിൽ എത്തിയവർക്ക് വൈദ്യസഹായവും ഭക്ഷണവും ഉൾപ്പെടെ അണ്ടൂർക്കോണം പഞ്ചായത്ത് നൽകുന്നുണ്ട്.
കോവിഡ് കാലത്ത് വാങ്ങിെവച്ച കട്ടിലും മെത്തയും ഉപയോഗത്തിനുശേഷം സൂക്ഷിച്ചുെവച്ചതിനാൽ ക്യാമ്പിലെത്തിയവർക്ക് കിടക്കാൻ സഹായകമായി. മെഡിക്കൽ സംഘവും ക്യാമ്പിൽ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത് അംഗങ്ങളും സജീവമായി ക്യാമ്പിലുണ്ട് . കണിയാപുരം ഗവൺമെൻറ് എൽ.പി.എസിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. കുന്നിനകം, പറമ്പിൽപാലം, പായ്ചിറ, വലിയവീട്, അണ്ടൂർക്കോണം എന്നീ വാർഡുകളിൽ നിന്ന് 36 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്.
പ്രത്യേക ജാഗ്രതാനിർദേശം
തിരുവനന്തപുരം: 65 കിലോമീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ 17, 18, 19, 20 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് പ്രത്യേക ജാഗ്രതാനിർദേശം.
ചൊവ്വാഴ്ച തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം, മാലദ്വീപ് പ്രദേശം, അതിനോട് ചേർന്ന തെക്കുകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും ബുധനാഴ്ച തെക്കുകിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യകിഴക്കൻ അറബിക്കടൽ പ്രദേശങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ മധ്യ അറബിക്കടലിന്റെ മധ്യഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
ജില്ലയിൽ ഇന്നും മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം: ജില്ലയില്‍ ചൊവ്വാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്നും നാളെയും ജില്ലയില്‍ മഞ്ഞ അലര്‍ട്ടായിരിക്കും.
വീടുകളിൽ ചളി നിറഞ്ഞനിലയിൽ
തിരുവനന്തപുരം: തോടുകളിലെ ജലനിരപ്പ് കുറഞ്ഞതോടെ നഗരങ്ങളിലെ ഇടറോഡുകളിലെ വെള്ളക്കെട്ടും ഒഴിഞ്ഞുതുടങ്ങി. പക്ഷേ, വിവിധ സ്ഥലങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിന്റെ ദുരിതം ശേഷിക്കുകയാണ്. തിങ്കളാഴ്ച മഴ ഒഴിഞ്ഞുനിന്നെങ്കിലും വീടുകളിൽ ചളിയടിഞ്ഞ നിലയിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരില്‍ ഏറെപ്പേര്‍ക്കും മടങ്ങാനായിട്ടില്ല.
പൊഴിയൂരില്‍ കടലാക്രമണം
പൂവാർ: പൊഴിയൂരില്‍ ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ കടലാക്രമണത്തെതുടർന്ന് 56 വീടുകളിലേക്ക് വെള്ളം കയറി. മൂന്നുവീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇവരെ ഉടന്‍ ക്യാമ്പുകളിലേക്ക് മാറ്റുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. പൊഴിയൂര്‍ തീരത്തിന് അപ്പുറമുള്ള തമിഴ്നാട് ഭാഗത്തെ ഹാര്‍ബര്‍ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് മേഖലയിലെ കടലാക്രമണത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
കേന്ദ്ര സഹമന്ത്രി സന്ദർശിച്ചു
തിരുവനന്തപുരം: മഴയിൽ മുങ്ങിയ പ്രദേശങ്ങളിൽ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു.
നാട്ടുകാരിൽനിന്ന് അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. നാശനഷ്ടങ്ങൾ ലഘൂകരിക്കാനും തുടർന്നുള്ള പ്രശ്നപരിഹാരത്തിനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി.
ടെക്‌നോപാർക്കിൽ വെള്ളം ഒഴിഞ്ഞില്ല
തിരുവനന്തപുരം: തെറ്റിയാറിന്റെ പ്രദേശങ്ങളിൽ വെള്ളം ഉയർന്നത് ഒഴിഞ്ഞുപോയിട്ടില്ല
. ഗായത്രി കെട്ടിട സമുച്ചയത്തോടുചേർന്നുള്ള ആസ്റ്റർ ഹൗസിന്റ പ്രവർത്തനം തടസ്സപ്പെട്ടു. പവർ സിസ്റ്റം മുഴുവൻ തകരാറിലായി.
പലയിടത്തും നെഞ്ചിനൊപ്പം വെള്ളം ഉണ്ടായിരുന്നു.
മേയർ ദുരിതാശ്വാസ ക്യാമ്പിലെത്തി
തിരുവനനന്തപുരം: പൗണ്ട്കടവ് വാർഡിൽ മഴക്കെടുതിയെ തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് മേയർ ആര്യ രാജേന്ദ്രൻ സന്ദർശിച്ചു. 300ലധികം പേരെയാണ് ഈ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്.
അവർക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യപരിരക്ഷയും നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതയായും മേയർ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.