തിരുവനന്തപുരം കോർപറേഷൻ: ബി.ജെ.പിക്ക് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ലഭിക്കില്ല
text_fieldsതിരുവനന്തപുരം: നഗരഭരണത്തിൽ ഇത്തവണ കേവല ഭൂരിപക്ഷം എൽ.ഡി.എഫ് മറികടന്നതോടെ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിൽ ഒരെണ്ണം പോലും ബി.ജെ.പിക്ക് ലഭിക്കാനിടയില്ല. എട്ട് സ്ഥിരം സമിതിയുടെയും അധ്യക്ഷ സ്ഥാനങ്ങൾ ഘടക കക്ഷികളുമായി പങ്കിട്ടെടുക്കാനാണ് സി.പി.എം തീരുമാനം. 2015ൽ എൽ.ഡി.എഫ് 43 സീറ്റിൽ ഒതുങ്ങിയതിനെ തുടർന്ന് 35 സീറ്റുള്ള ബി.ജെ.പിക്ക് നികുതി അപ്പീൽകാര്യ സ്ഥിരം സമിതി അധ്യക്ഷ പദവി ലഭിച്ചിരുന്നു.
100 കൗൺസിലർമാരും ഏതെങ്കിലും സ്ഥിരം സമിതിയിൽ അംഗങ്ങളായിരിക്കണമെന്നാണ് ചട്ടം. ഇത്തരത്തിൽ എട്ട് സ്ഥിരം സമിതികളിലായി അംഗങ്ങളെ വിഭജിക്കും. ഒരു കമ്മിറ്റിക്ക് കീഴിൽ 12-13 അംഗങ്ങൾ എന്ന നിലയിലാണ് വിഭജനം. ഇതിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഓരോ കമ്മിറ്റിയും പരമാവധി ഏഴുപേരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഭരണകക്ഷിയായ എൽ.ഡി.എഫ് അംഗങ്ങളെ ഉൾപ്പെടുത്തുന്നത്.
എൽ.ഡി.എഫിന് ഭൂരിപക്ഷം തികയാത്ത കമ്മിറ്റികളിൽ യു.ഡി.എഫ് അംഗങ്ങളെ ഉൾപ്പെടുത്താനാണ് നിലവിലെ തീരുമാനം. കമ്മിറ്റിയിലേക്ക് മത്സരമുണ്ടായാൽ യു.ഡി.എഫ് എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്നും സി.പി.എം കണക്കുകൂട്ടുന്നു. കൂടാതെ, പൂന്തുറയിലെ സ്വതന്ത്ര സ്ഥാനാർഥി മേരി ജിപ്സി ഇടതുപക്ഷത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി മേയർ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ ചുമതല വഹിക്കുന്നതിനാൽ ഇതിലേക്ക് തെരഞ്ഞെടുപ്പുണ്ടാകില്ല. വികസനം, ആരോഗ്യം, നഗരാസൂത്രണം, വിദ്യാഭ്യാസ സ്ഥിരം സമിതികൾ ഇത്തവണ വനിതാ സംവരണമാണ്. ക്ഷേമകാര്യം, മരാമത്ത്, നികുതി അപ്പീൽ സ്ഥിരം സമിതികളിൽ ഇക്കുറി സംവരണമില്ല.
ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി.ഐക്ക് നൽകും. മുതിർന്ന നേതാവ് പി.കെ. രാജുവാണ് പരിഗണനയിൽ മുന്നിൽ. ജില്ല കമ്മിറ്റി അംഗം വി.എസ്. സുലോചനെൻറ പേരും ഉയരുന്നുണ്ട്. ഡെപ്യൂട്ടി മേയർ സ്ഥാനത്തിന് പുറമെ ഇക്കുറി ഒരു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും കൂടി സി.പി.ഐ ചോദിച്ചേക്കും. 1995-2000 കാലയളവിൽ പാർട്ടി പ്രതിനിധികൾ ഏഴായിരുന്നു. അന്ന് ഡെപ്യൂട്ടി മേയർ സ്ഥാനം കൂടാതെ, പൂന്തുറയിൽ വിജയിച്ച ആൻറണി ബെഞ്ചിലാസിന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി നൽകി. കഴിഞ്ഞ നാല് കൗൺസിലുകളിലായി സി.പി.ഐ പ്രാതിനിധ്യം ഏഴിൽ താഴെയായിരുന്നു.
അതിനാൽ ഡെപ്യൂട്ടി മേയർ സ്ഥാനം മാത്രമാണ് ലഭിച്ചിരുന്നത്. ഇക്കുറി ഒമ്പതായി പ്രാതിനിത്യം വർധിച്ചതാണ് ഒരു സ്റ്റാൻഡിങ് കമ്മിറ്റിക്ക് കൂടി അവകാശവാദം ഉന്നയിക്കാൻ കാരണം. കോൺഗ്രസ് എസിലെ പാളയം രാജനെ ക്ഷേമകാര്യസമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. വികസനം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസ സ്ഥാനങ്ങൾ സി.പി.എം കൈവശം വെക്കാനാണ് സാധ്യത.
മെഡിക്കൽ കോളജിലെ ഡി.ആർ. അനിൽ, വള്ളക്കടവിൽ നിന്നുള്ള ഷാജിദ നാസർ, വഞ്ചിയൂരിലെ ഗായത്രി ബാബു, ചാക്കയിലെ എം. ശാന്ത, ശ്രീകാര്യത്തെ സ്റ്റാൻലി ഡിക്രൂസ്, മുട്ടത്തറയിലെ ബി. രാേജന്ദ്രൻ തുടങ്ങിയവരെയെല്ലാം സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.