ചെറിയ മനസ്സിലെ വലിയ ആശയങ്ങളുമായി തിരുവനന്തപുരം ജില്ല ശാസ്ത്രോത്സവത്തിന് തുടക്കം
text_fieldsതിരുവനന്തപുരം: ചെറിയ മനസ്സിലെ കണ്ടുപിടിത്തങ്ങളും പുതിയ കാലത്തിന്റെ ആശയങ്ങളും ഒരു കുടക്കീഴിൽ സമ്മേളിക്കുന്ന ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് തലസ്ഥാനത്ത് തുടക്കം. കോട്ടൺ ഹിൽ സ്കൂളിൽ നടക്കുന്ന മേളയുടെ ആദ്യദിനം അവസാനിച്ചപ്പോൾ ഉപജില്ല തലത്തിൽ 665 പോയന്റുമായി കിളിമാനൂർ ഒന്നാംസ്ഥാനത്താണ്. 612 പോയന്റുള്ള ആറ്റിങ്ങൽ രണ്ടാംസ്ഥാനത്തും 603 പോയന്റുമായി തിരുവനന്തപുരം നോർത്ത് മൂന്നാമതുമുണ്ട്. നെയ്യാറ്റിൻകര (570 പോയന്റ്), തിരുവനന്തപുരം സൗത്ത് (566) ഉപജില്ലകളാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ.
സ്കൂൾ തലത്തിൽ 156 പോയന്റോടെ നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാംസ്ഥാനത്താണ്. ഭരതന്നൂർ ഗവ. എച്ച്.എസ്.എസ് 140 പോയന്റുമായി രണ്ടാമതും സിസ്റ്റർ എലിസബത്ത് ജോയൽ സി.എസ്.ഐ സ്കൂൾ ആറ്റിങ്ങൽ 136 പോയന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്. കടുവയിൽ കെ.ടി.സി.ടി ഇ.എം എച്ച്.എസ്.എസ് (131), ഗവ. എച്ച്.എസ്.എസ് തട്ടത്തുമല (122) സ്കൂളുകൾ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ മേള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സൻ രാഖി രവികുമാർ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ ജെ. തങ്കമണി, ആർ.ഡി.ഡി കെ. സുധ, ഡി.ഇ.ഒ സുരേഷ് ബാബു, സൗത്ത് എ.ഇ.ഒ ആർ. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനശേഷം വിദ്യാർഥികളുടെ തത്സമയ മത്സരങ്ങൾ തുടങ്ങി. ഉച്ചക്കുശേഷം വിദ്യാര്‍ഥികൾ നിർമിച്ച വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9.30 മുതൽ ശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐ.ടി മേള എന്നിവ കോട്ടൺഹിൽ സ്കൂളിൽ നടക്കും.
ചളിയിൽ വിസ്മയം തീർത്ത് വിദ്യാർഥികൾ
തിരുവനന്തപുരം: ചളിയിൽ വിസ്മയം തീർക്കുകയാണ് ക്ലേ മോഡലിങ്ങിൽ വിദ്യാർഥികൾ. ഹയർ സെക്കൻഡറി വിഭാഗം മത്സരത്തിന്റെ വിഷയം ചുമടെടുക്കുന്ന തൊഴിലാളി എന്നതായിരുന്നു. അതിൽ ഒന്നാംസ്ഥാനം നേടിയ കിളിമാനൂർ എച്ച്.എസ്.എസിലെ ആർ.വി. അമൽരാജിന് ചെളിയൊരു വീക്ക്നെസാണ്. ചളി കിട്ടിയാൽ അമൽരാജിന് ഏത് രൂപവും നിഷ്പ്രയാസം വഴങ്ങും. രണ്ടാം ക്ലാസിൽ തുടങ്ങിയതാണ് ചളിയിലെ ഈ ഭാവനകൾ. അച്ഛൻ രാജുവായിരുന്നു ആദ്യ ഗുരു. ക്രിസ്ത്യൻ പള്ളികളിൽ വീഞ്ഞ് സൂക്ഷിക്കുന്ന പാത്രം രൂപകൽപന ചെയ്യുന്ന ജോലിയാണ് രാജുവിന്.
അച്ഛന്റെ നിർദേശത്തെത്തുടർന്ന് ചെറുപ്രായത്തിൽ തന്നെ ശാസ്ത്ര മേളകളിൽ പങ്കെടുത്തുതുടങ്ങി. കഴിഞ്ഞതവണ സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ചു. ഇത്തവണ ഒന്നാംസ്ഥാനത്തോടെയുള്ള എ ഗ്രേഡാണ് ലക്ഷ്യം. മേളകളിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടിയ ഫൈൻ ആർട്സ് കോളജിൽ പഠിക്കുന്ന സഹോദരൻ അഖിലാണ് ഗുരു.
ഭൂമിയുടെ ചലനങ്ങള്‍ അളക്കാനുള്ള സീസ്മോഗ്രാഫ് തയാറാക്കി മുക്കോലക്കല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികൾ. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ നളിന്‍ ശങ്കറും വിനായകുമാണ് തടി പ്രതലത്തില്‍ ഗ്രാഫ്പേപ്പര്‍ കൊണ്ട് പൊതിഞ്ഞ ഡ്രമ്മും പേനയും സീസ്മോഗ്രാഫിനായി ഉപയോഗിച്ചത്. ഇതിന്റെ നീളമുള്ള ഒരുഭാഗം മണ്ണിനടിയിലേക്കും പ്രതലം മണ്ണിന് മുകളിലുമായി സ്ഥാപിക്കും. മണ്ണിനടിയിലുണ്ടാകുന്ന ചെറിയ ചലനം മോട്ടോറിന്റെ പ്രവര്‍ത്തനത്തോടെ ഗ്രാഫില്‍ രേഖപ്പെടുത്തുന്നതാണ് രീതി. ഗ്രാഫിലെ റീഡിങ്ങിന്റെ അടിസ്ഥാനത്തിൽ ഭൂചലന ത്രീവത രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.