ഓണം വാരാഘോഷ സമാപന ഘോഷയാത്ര ഇന്ന്
text_fieldsതിരുവനന്തപുരം: ഒരാഴ്ച നീണ്ട ഓണം വാരാഘോഷത്തിന് വര്‍ണശബളമായ സാംസ്കാരിക ഘോഷയാത്രയോടെ ഇന്ന് സമാപനം. വൈകീട്ട് അഞ്ചിന് തുടങ്ങുന്ന ഘോഷയാത്രയില്‍ കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളുടെ വൈവിധ്യമാര്‍ന്ന കലാ- സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും അണിനിരക്കും. ലക്ഷക്കണക്കിന് കാണികള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ടവരെ റോഡിനിരുവശത്തും ഘോഷയാത്ര വീക്ഷിക്കാൻ ആവശ്യമായ ക്രമീകരണമൊരുക്കിയിട്ടുണ്ട്.
ഘോഷയാത്ര മാനവീയം വീഥിയിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ വകുപ്പുകളും അര്‍ധസര്‍ക്കാര്‍ -സഹകരണ- തദ്ദേശ- സ്ഥാപനങ്ങളും േഫ്ലാട്ടുകളും കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. യൂനിവേഴ്സിറ്റി കോളജിനുമുന്നില്‍ പ്രത്യേകം തയാറാക്കിയ വി.ഐ.പി പവലിയനില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എൽ.എമാര്‍ എന്നിവര്‍ക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനുള്ള സജ്ജീകരണമൊരുക്കിയിട്ടുണ്ട്. രാത്രി എട്ടിന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മികച്ച േഫ്ലാട്ടുകള്ക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിര്‍വഹിക്കും. നടന് ആസിഫ് അലി മുഖ്യാതിഥിയായിരിക്കുമെന്ന് ഘോഷയാത്ര കമ്മിറ്റി ചെയര്മാന് ഡി.കെ. മുരളി എം.എല്‍.എ അറിയിച്ചു.
വൈകീട്ട് അഞ്ചിന് ആരംഭിച്ച് എട്ടിന് അവസാനിക്കുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി പ്രത്യേക നിരീക്ഷണ സംവിധാനത്തോടുകൂടിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തില്‍ മൂന്നു മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും സിറ്റി പോലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.