വേദിയെ ഇളക്കിമറിച്ച് ടൊവിനോയും ആസിഫ് അലിയും
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി-നിളയാകെ ബുധനാഴ്ച വൈകീട്ട് കുട്ടിക്കൂട്ടത്തിന്റെ ആരവത്തിൽ അലിഞ്ഞു. ഇഷ്ട താരങ്ങളായ ടൊവിനോ തോമസിനെയും ആസിഫ് അലിയെയും അടുത്തുകണ്ട സന്തോഷത്തിലാൽ വിസിലടിച്ചും ആരവംമുഴക്കിയും കൈയടിച്ചും സദസ്സ് ഒന്നാകെ ഇളകിമറിഞ്ഞു.
ടൊവിനോയാണ് ആദ്യം വേദിയിലെത്തിയത്. തൊട്ടുപിന്നാലെ ആസിഫ് അലിയുമെത്തി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥികളായി എത്തിയതായിരുന്നു മലയാളത്തിന്റെ യുവതാരങ്ങൾ. സദസ്സിന്റെ പൾസറിഞ്ഞ പോലെയാണ് ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്പീക്കർ എ.എൻ. ഷംസീറും സംസാരിച്ചത്.
തങ്ങളുടെ പ്രസംഗം ഏതാനും വാക്കുകളിൽ ഒതുക്കി താരങ്ങൾക്കായി മൈക്ക് കൈമാറുകയായിരുന്നു ഇരുവരും. അത്രയേറെ ഹർഷാരവമായിരുന്നു ഇരുതാരങ്ങളുടേയും പേരുകൾ ഓരോ തവണ മൈക്കിൽ മുഴങ്ങുമ്പോഴും സദസ്സിൽനിന്ന് ഉയർന്നത്. കലോത്സവത്തിൽ പങ്കെടുത്തവർ മറ്റൊരു ജീവിതത്തിലേക്ക് പോകുമ്പോഴും കലയെ കൂടെ കൂട്ടണമെന്നാണ് ആസിഫ് അലി പറഞ്ഞത്.
‘ഇനി എനിക്കും പറയാമല്ലോ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന്’ എന്ന് പറഞ്ഞാണ് ടൊവിനോ ആവേശം പങ്കുവെച്ചത്. മനുഷ്യരെ തമ്മിൽ അടുപ്പിക്കുന്ന സർഗാത്മകമായ കഴിവുകളും സഹൃദയത്വവും കൈവിടാതെ കലാകാരന്മാരും കലാകാരികളുമായി തുടരാൻ കഴിയട്ടെയെന്നും ടൊവിനോ കുട്ടികളെ ആശംസിച്ചു.
സംസ്കൃതോത്സവത്തിന്റെ ഓവറോൾ സ്കൂളുകൾക്കുള്ള സമ്മാനങ്ങൾ ടൊവിനോ തോമസും കഴിഞ്ഞ വർഷത്തെ സംസ്ഥാസ്ഥാന കലോത്സവത്തിലെ മാധ്യമ പുരസ്കാരങ്ങൾ ആസിഫ് അലിയും നിർവഹിച്ചു. ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന ഇരുവരും തിരികെ മടങ്ങുമ്പോഴും കുട്ടിക്കൂട്ടങ്ങളുടെ ഹർഷാരവവും വിസിലടിയും അകമ്പടിയായി സെൻട്രൽ സ്റ്റേഡിയമാകെ നിറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.