ഗതാഗതക്കുരുക്കിന് അയവില്ലാതെ മെഡിക്കൽ കോളജ് ജങ്ഷൻ
text_fieldsമെഡിക്കൽ കോളജ്: തലസ്ഥാനത്തെ തിരക്കേറിയ സ്ഥലങ്ങളിലൊന്നായ മെഡിക്കൽ കോളജ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി വർധിക്കുന്നു. രാവിലെ 8.45 മുതൽ ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് രാവിലെ 11.30 വരെയും വൈകീട്ട് നാലു മുതൽ 7.30 വരെയുമാണ് രൂക്ഷം. അവധിദിനങ്ങളിൽ മാത്രമാണ് തിരക്കിന് നേരിയ അയവുണ്ടാവുക.
ജങ്ഷനിൽനിന്ന് ഉളളൂർ ഭാഗത്തേക്കും കുമാരപുരം, പട്ടം, പൊട്ടക്കുഴി ഭാഗത്തേക്കും പോകുന്ന വാഹനങ്ങൾക്ക് കൃത്യമായ ട്രാഫിക് സംവിധാനം ഒരുക്കാത്തതാണ് പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ ഇടയാക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത വാഹന പാർക്കിങ്, ആശുപത്രിയുടെ മുൻഭാഗത്തുള്ള കെ.എസ്.ആർ.സി ബസ് സ്റ്റാൻഡിൽ നിന്നും നിയന്ത്രണമില്ലാതെ ഇറങ്ങിവരുന്ന ബസുകൾ , അതിനോട് ചേർന്നുള്ള അനധികൃത ഓട്ടോ സ്റ്റാൻഡ് എന്നിവയാണ് പ്രധാനമായും ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ജങ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇത് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഇരുചക്ര വാഹനങ്ങൾ മുതൽ കെ.എസ്.ആർ.ടി.സി ബസുകൾ വരെ സിഗ്നൽ അവഗണിച്ച് കടന്നുപോകുന്ന സാഹചര്യവുമുണ്ട്. ഇതുകാരണം ചെറുതും വലുതുമായ അപകടങ്ങൾ ദിനംപ്രതി ഉണ്ടാകാറുമുണ്ട്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ട്രാഫിക് പൊലീസോ 100 മീറ്റർ മാത്രം അകലെയുളള മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽനിന്നുള്ള പൊലീസുകാരോ എത്താറില്ല. ഇത് ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മറ്റു കാൽനടയാത്രികർക്കുമടക്കം ബുദ്ധിമുട്ടുണ്ടാക്കുന്നു. പൊലീസിന്റെ അഭാവത്തിൽ പലപ്പോഴും വലിയ വാഹനങ്ങൾ ചെറുവാഹനങ്ങൾക്ക് സൈഡ് നൽകാതെ കടന്നുപോകുന്നതും പതിവാണ്.
ജങ്ഷനിൽ ആവശ്യത്തിന് പൊലീസുകാരുടെ സാന്നിധ്യം ഉറപ്പാക്കുക, റോഡിന് ഇരുവശങ്ങളിലുമുളള വാഹന പാർക്കിങ് നിയന്ത്രിക്കുക, അനധികൃതമായി പ്രവർത്തിക്കുന്ന ഓട്ടോ സ്റ്റാൻഡ് മാറ്റി അനുയോജ്യമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കുക എന്നിവയാണ് ഗതാഗതക്കുരുക്കിന് പ്രതിവിധിയായി ചൂണ്ടിക്കാട്ടുന്നത്. സംഘടനകളും പൊതുപ്രവർത്തകരുമടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ നിസ്സംഗത തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.