ശാപമോക്ഷം കാത്ത് നഗരത്തിലെ സിഗ്നൽ ലൈറ്റുകൾ
text_fieldsതിരുവനന്തപുരം: ഗതാഗതക്കുരുക്ക് കുറക്കാനായി സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമായി മാസങ്ങങ്ങളായിട്ടും നടപടിയെടുക്കാതെ ട്രാഫിക് പൊലീസ് വിഭാഗം. ഏറെ തിരക്കുള്ള തമ്പാനൂർ ആർ.എം.എസ് ജങ്ഷൻ, ഹൗസിങ് ബോർഡ് ജങ്ഷൻ എന്നിവിടങ്ങളിലെ സിഗ്നലുകൾ കണ്ണടച്ചിട്ട് നാളേറെയായി. ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിട്ടും സിഗ്നൽ ശരിയാക്കാൻ നടപടിയില്ല. സിഗ്നൽ ഇല്ലാത്തതിനാൽ തന്നെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണെന്ന് യാത്രക്കാരുൾപ്പെടെ പറയുന്നു. ഇടറോഡ് കയറി മെയിൻ റോഡിലേക്ക് കയറുന്ന ഭാഗമായതിനാൽ അപകടസാധ്യതയും കൂടുതലാണ്. തമ്പാനൂരിലെ ഏറ്റവും ഗതാഗതക്കുരുക്കേറിയ ഭാഗമാണ് ആർ.എം.എസിന് മുന്നിലുള്ള ജങ്ഷൻ. എസ്.എസ്. കോവിൽ റോഡ്, മാഞ്ഞാലിക്കുളം റോഡ് എന്നിവിടങ്ങളിൽനിന്ന് തമ്പാനൂരിലേക്ക് പ്രവേശിക്കാനുള്ള എളുപ്പവഴിയാണിത്.
ഈ റോഡ് വന്ന് കയറുന്നത് ആർ.എം.എസിനുമുന്നിലാണ്. അവിടെയുള്ള സിഗ്നലാണ് കണ്ണടച്ചിട്ട് കാലമേറെയായത്. ഓവർബ്രിഡ്ജിൽനിന്നുള്ള വാഹനങ്ങൾ തമ്പാനൂരിലെത്തുന്നതും ഈ സിഗ്നൽ കടന്നാണ്. മൂന്ന് റോഡുകളുടെ സംഗമസ്ഥലമായതുകൊണ്ടുതന്നെ ഇവിടെ ട്രാഫിക് സിഗ്നൽ വളരെ അത്യാവശ്യമാണ്. സമാന അവസ്ഥയാണ് ഹൗസിങ് ബോർഡ് ജങ്ഷനിലുള്ള സിഗ്നലിനും. തമ്പാനൂരിൽനിന്ന് സെക്രേട്ടറിയറ്റ് ഉൾപ്പെടെയുള്ള ഭാഗത്തേക്ക് എത്താനുള്ള എളുപ്പവഴി കൂടിയാണിത്. അതിനാൽതന്നെ പല സർക്കാർ ജീവനക്കാരും സെക്രേട്ടറിയറ്റിലേക്ക് വിവിധ ആവശ്യങ്ങളുമായി വരുന്നവരും ഗതാഗതക്കുരുക്കിലും സമരക്കുരുക്കിലും പെടാതെ സർക്കാർ ഓഫിസുകളിൽ എത്താൻ ഈ വഴികളാണ് ആശ്രയിക്കുന്നത്.
രാത്രിയായാൽ ഈ ഭാഗത്ത് വെളിച്ചം കുറവുള്ളതും അപകടസാധ്യത വർധിപ്പിക്കുന്നു. എന്നാൽ വിവരം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും സിഗ്നലിന്റെ കേടുപാട് തീർക്കാൻ കെൽട്രോണിന് കത്ത് നൽകിയിട്ടുണ്ടെന്നുമാണ് ബന്ധപ്പെട്ടവരുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.