ട്രസ്റ്റ് പാർക്ക് ഉന്നതവിദ്യാഭ്യാസ, വ്യവസായ രംഗത്ത് വഴിത്തിരിവാകും
text_fieldsനേമം: വിളപ്പിൽശാലയിൽ സ്ഥാപിക്കുന്ന ട്രിവാൻഡ്രം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്ക് (ട്രസ്റ്റ് പാർക്ക്) ഉന്നതവിദ്യഭ്യാസ, വ്യവസായ വികസന രംഗത്ത് വഴിത്തിരിവാകും. അക്കാദമിക് സമൂഹവും വ്യവസായികമേഖലയും കൈകോർത്തുകൊണ്ടുള്ള നവീന സംരംഭങ്ങളുടെ രൂപവത്കരണം ലക്ഷ്യമിട്ടാണ് ട്രസ്റ്റ് പാർക്ക് സജ്ജമാക്കുക.
പാർക്ക് രൂപവത്കരണത്തിന് എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയാണ് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക. സാങ്കേതിക സർവകലാശാല ആസ്ഥാനം, 350 കോടി രൂപ ചെലവിൽ തിരുവനന്തപുരം നഗരസഭ വിഭാവനം ചെയ്യുന്ന ടൗൺഷിപ് പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ട്രസ്റ്റ് പാർക്ക്കൂടി വരുന്നതോടെ വിളപ്പിൽശാല മേഖലയുടെ മുഖച്ഛായ തന്നെ മാറുമെന്ന് ഐ.ബി. സതീഷ് എം.എൽ.എ പറഞ്ഞു. ഒരു കാലത്ത് നഗര ചവർകൂനയായിരുന്നവിളപ്പിൽശാല മേഖല പുതിയ മേൽവിലാസത്തിലേക്ക് മാറുകയാണിപ്പോൾ. സാങ്കേതിക സർവകലാശാലക്ക് വേണ്ടി വിജ്ഞാപനം ചെയ്യപ്പെട്ട 100 ഏക്കർ ഭൂമിയിൽ ഒന്നാംഘട്ടത്തിൽ ഏറ്റെടുത്ത 50 ഏക്കറിനോട് ചേർന്ന ബാക്കി 50 ഏക്കർ സ്ഥലമായിരിക്കും ട്രസ്റ്റ് പാർക്കിന് വേണ്ടി ഏറ്റെടുക്കുന്നത്. വിളപ്പിൽശാല പ്രദേശത്തിന്റെ സമൂല വികസനമായിരിക്കും എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ആസ്ഥാനത്തിലൂടെയും ട്രസ്റ്റ് പാർക്ക് ആസ്ഥാന സ്ഥാപനത്തിലൂടെയും നഗരസഭ ടൗൺഷിപ് പദ്ധതിയിലൂടെയും യാഥാർഥ്യമാകുക. നവീന സാങ്കേതികവിദ്യയുടെ വ്യവസായികവത്കരണമെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളായിരിക്കും ട്രസ്റ്റ് പാർക്കിൽ രൂപവത്കൃതമാകുന്നത്. ഇതിന് കീഴിൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 100 ആധുനിക കമ്പനികൾ സ്ഥാപിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.