റെയിൽവേ സ്റ്റേഷന് മുന്നിലെ ഇരുചക്ര വാഹന പാർക്കിങ്; വലഞ്ഞ് യാത്രക്കാർ
text_fieldsവർക്കല: റെയിൽവേ സ്റ്റേഷന് മുന്നിലെ ടൂവീലർ പാർക്കിങ് മൂലം യാത്രക്കാർ ദുരിതത്തിൽ. സ്റ്റേഷന്റെ പ്രധാനപ്പെട്ട കവാടത്തിനോട് ചേർന്നാണ് ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാർക്കിങ്. തന്മൂലം സ്റ്റേഷനിലേക്കുള്ള പ്രവേശനം ഏറെ ക്ലേശകരമായ അവസ്ഥയിലാണ്.
കാർ പോർട്ടിക്കോയുടെ ഇരുവശവും നൂറോളം ടൂവീലറുകളാണ് യാത്രക്കാർ പാർക്ക് ചെയ്യുന്നത്. പണം കൊടുത്തുള്ള പാർക്കിങ് സൗകര്യമുണ്ടെങ്കിലും 'നോ പാർക്കിങ്' ഇടത്തിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്ത് ട്രെയിൻ കയറിപ്പോകുന്നു. തന്മൂലം യാത്രക്കാരെ വിളിക്കാനോ കൊണ്ടുവിടാനോ വരുന്ന ഇതര വാഹനങ്ങൾക്ക് ഉള്ളിൽ പ്രവേശിക്കാൻ ഏറെ ക്ലേശിക്കേണ്ടിവരുന്നു.
സ്റ്റേഷനിലോ പ്ലാറ്റ്ഫോമിലോ അത്യാഹിതം സംഭവിച്ചാൽ ആംബുലൻസിന് ഉള്ളിൽ പ്രവേശിക്കാൻ പോലും പറ്റില്ല. വികലാംഗർക്കുവേണ്ടി മാത്രം പാർക്കിങ് ഒരുക്കിയ ഇടങ്ങളിൽപോലും ഇതേ അവസ്ഥയാണ്.
വാഹനങ്ങൾ മോഷണം പോകുന്നതും ഇവിടെ സ്ഥിരം സംഭവമാണ്. സ്റ്റേഷന്റെ കിഴക്കുവശം മാർത്തോമ സ്കൂളിന് മുന്നിലെ ഇടുങ്ങിയ പാതയിലും അനധികൃത ടൂവീലർ പാർക്കിങ്ങുണ്ട്. ഈ റോഡിലെ വാഹനയാത്രയും ഏറെ പ്രയാസമായി മാറി. കാൽനട യാത്രക്കാർക്കുപോലും ഗുഡ്ഷെഡ് റോഡിലൂടെ നടന്നുപോകാനാവാത്ത വിധമാണ് റോഡരികിലെ ടൂവീലർ പാർക്കിങ്.
മുൻകാലങ്ങളിൽ ആർ.പി.എഫ് സ്ഥിരമായി നോപാർക്കിങ് ഇടങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴയിടുന്ന പതിവുണ്ടായിരുന്നു.
എന്നാൽ, ഇപ്പോൾ പൊലീസിന്റെ നിരീക്ഷണമില്ലാത്തതിനാൽ യാത്രക്കാർ വാഹനങ്ങൾ തോന്നിയപോലെയാണ് പാർക്ക് ചെയ്യുന്നത്.
റെയിൽവേ സ്റ്റേഷനിൽ മുന്നിലുള്ള അനധികൃത പാർക്കിങ് അവസാനിപ്പിക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് വർക്കല റെയിൽവേ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സി. പ്രസന്നകുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.