വക്കം ഗ്രാമപഞ്ചായത്ത് ഭരണം പ്രതിസന്ധിയിൽ; ഭരണപക്ഷത്ത് തമ്മിലടി, ഒരു വിഭാഗം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു
text_fieldsആറ്റിങ്ങൽ: വക്കം ഗ്രാമപഞ്ചായത്തിൽ ഭരണപക്ഷത്ത് തമ്മിലടി, പ്രസിഡന്റിനെതിരെ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധവും ബഹിഷ്കരണവും. പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക്. വക്കം ഗ്രാമപഞ്ചായത്ത് ഓഫിസിൽ ബുധനാഴ്ച രാവിലെ നടന്ന യോഗമാണ് ബഹളത്തിൽ കലാശിച്ചത്.
കോൺഗ്രസ് പ്രതിനിധിയായ 13ാം വാർഡ് മെംബർ അശോകൻ തന്റെ വാർഡിൽ മാത്രം തെരുവുവിളക്ക് സ്ഥാപിക്കുന്നതിൽ വീഴ്ച വരുത്തുന്നു എന്നാരോപിച്ച് രംഗത്തുവന്നു.
ഇതിൽ തീരുമാനമെടുത്തിട്ട് മറ്റ് നടപടികളിലേക്ക് പോയാൽ മതി എന്നറിയിച്ച് നടുത്തളത്തിലിറങ്ങി ഇരുന്നു. ത്രീ ഫേസ് ലൈൻ ഇല്ലാത്തത് കൊണ്ടാണ് ബാക്കി മേഖലകളിൽ വിളക്ക് സ്ഥാപിക്കാത്തതെന്ന് പ്രസിഡന്റ് താജുന്നിസ വിശദീകരിച്ചു. ഇത് തെറ്റായ ന്യായീകരണമാണെന്ന് ആരോപിച്ച് കൂടുതൽ കോൺഗ്രസ് മെംബർമാരും പ്രതിപക്ഷ മെംബർമാരും രംഗത്തുവന്നു. സാധാരണ വൈസ് പ്രസിഡന്റ്, പ്രസിഡന്റിനൊപ്പം ഡയസിലാണ് ഇരിക്കുന്നത്. ബുധനാഴ്ച വൈസ് പ്രസിഡന്റ് ബിഷ്ണു ഡയസ് ഒഴിവാക്കി മറ്റു അംഗങ്ങൾക്കൊപ്പം ഇരിക്കുകയും പ്രസിഡന്റിനെതിരെ പ്രതിഷേധിക്കുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രസിഡന്റിനെതിരെ അഴിമതി ആരോപണങ്ങളും ഉയർന്നു. ഇതിനിടെ വൈസ് പ്രസിഡന്റ് എൻ. ബിഷ്ണു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലാലിജ, അരുൺ, ഫൈസൽ, അശോകൻ എന്നിവർ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഭരണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സംസാരിച്ച കോൺഗ്രസ് അംഗം ഗണേഷ് ബഹിഷ്കരണത്തിൽ പങ്കെടുത്തില്ല. അദ്ദേഹം കമ്മിറ്റിയിൽ തുടർന്നു. സ്വന്തം പാർട്ടി അംഗങ്ങളുടെ അവിശ്വാസത്തോടെ പ്രസിഡന്റിന് തുടരാൻ അർഹത നഷ്ടപ്പെട്ടെന്നും തൽസ്ഥാനം രാജിവെക്കണമെന്നും സി.പി.എം, ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു. വേഗത്തിൽ നടപടി പൂർത്തിയാക്കി കമ്മിറ്റി അവസാനിപ്പിച്ചു. ബഹിഷ്കരിച്ച കോൺഗ്രസ് അംഗങ്ങൾ പിന്നീട് കെ.എസ്.ഇ.ബി ഓഫിസിൽ സമരം നടത്തി.
ആറ് മാസംമുമ്പ് ആനുകൂല്യ വിതരണങ്ങളിൽ അഴിമതിയുണ്ടെന്നും ഗുണനിലവാരമില്ലാത്ത സാധനങ്ങളാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതെന്നും ആരോപിച്ച് രണ്ടാം വാർഡ് കോൺഗ്രസിന്റെ മെംബറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ലാലിജയും പഞ്ചായത്ത് പ്രസിഡന്റ് താജുന്നിസയും തമ്മിലുണ്ടായ തർക്കം കൈയാങ്കളിയിലെത്തിയിരുന്നു. 14 അംഗ ഭരണസമിതിയിൽ കോൺഗ്രസിന് ഏഴും ബി.ജെ.പിക്ക് അഞ്ചും സി.പി.എമ്മിന് രണ്ടും സീറ്റാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.