വാഴമുട്ടത്തെ ബൈക്കപകടം; ഞെട്ടൽ മാറാതെ നാട്ടുകാർ
text_fieldsകോവളം: വാഴമുട്ടത്തെ ബൈക്കപകടത്തിൽ കാൽനടയാത്രികയും ബൈക്ക് യാത്രക്കാരനും മരിച്ചതിന്റെ ഞെട്ടൽ മാറാതെ പ്രദേശവാസികൾ. ബൈപാസിൽ അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. അപകടത്തിൽപെട്ട ബൈക്ക് മുമ്പും ഇതുവഴി അമിതവേഗത്തിൽ പോകുന്നത് കണ്ടിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ശാസ്തമംഗലത്തെ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു സന്ധ്യ. എന്നും രാവിലെ ആറിനുള്ള സ്വകാര്യ ബസിലാണ് ജോലിക്ക് പോകുന്നത്. ഞായറാഴ്ച ദിവസങ്ങളിൽ കുറച്ച് വൈകി പോകുകയാണ് പതിവ്.
പതിവുപോലെ വീട്ടിൽനിന്ന് ജോലിക്കു പോയ സന്ധ്യയിനി തിരിച്ചുവരില്ലെന്നത് ഭർത്താവ് അശോകന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. റോഡ് മുറിച്ചു കടക്കുമ്പോഴാണ് അമിതവേഗത്തിൽ വന്ന ബൈക്ക് സന്ധ്യയെ ഇടിച്ചുതെറിപ്പിച്ചത്. വലിയ ഒച്ച കേട്ട് സമീപത്തുള്ളവർ ഓടിയെത്തിയപ്പോൾ കണ്ടത് 80 മീറ്ററോളം ദൂരം തെറിച്ചുപോയ സന്ധ്യയുടെ കാലാണ്. കുടൽ പുറത്തുവന്നിരുന്നു. കാലിനു സമീപമാണ് അപകടത്തിന് കാരണമായ ബൈക്ക് ഓടിച്ചിരുന്ന ആനന്ദും കിടന്നിരുന്നത്. അപകടസ്ഥലത്തുനിന്ന് 200 മീറ്ററോളം മാറിയാണ് ബൈക്ക് കിടന്നിരുന്നത്. പല ദിവസങ്ങളിലും രാവിലെ ആറിനും ഏഴിനുമിടയിൽ ഈ ബൈക്ക് ഉൾപ്പെടെ യുവാക്കളുടെ സംഘം ഇതുവഴി അമിതവേഗത്തിൽ പോകുന്നത് കണ്ടിട്ടുണ്ടെന്ന് സ്ഥലവാസികൾ പറയുന്നു. ഈ സമയം റോഡിൽ തിരക്ക് കുറവായതിനാൽ ഫോട്ടോ ഷൂട്ടിനുവേണ്ടിയാണ് സംഘം ഈ റോഡിലൂടെ ചീറിപ്പായുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
സംഭവസമയം ബൈക്ക് ഓടിച്ചിരുന്ന അരവിന്ദിനൊപ്പം മറ്റ് രണ്ട് ബൈക്കുകളിലായി സുഹൃത്തുക്കൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും അധികൃതർ മത്സരയോട്ടം തടയാനായി നടപടികൾ സ്വീകരിക്കാത്തതിൽ വിമർശനമുയരുകയാണ്. ഈ അപകടം നടന്ന സ്ഥലത്തിനു സമീപമാണ് മാസങ്ങൾക്കു മുമ്പ് റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് യുവതികൾ വാഹനമിടിച്ച് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.