വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചു
text_fieldsവിഴിഞ്ഞം: മൂന്നരമാസക്കാലം നിരവധി സംഭവ വികാസങ്ങൾക്ക് വേദിയായ വിഴിഞ്ഞം തുറമുഖ സമരപ്പന്തൽ ബുധനാഴ്ച ഉച്ചയോടെ പൊളിച്ചുമാറ്റി. പദ്ധതി പ്രദേശത്തേക്ക് ലോറികൾക്ക് കടക്കാൻ തടസ്സമായി കെട്ടിയ സമരപ്പന്തലാണ് പൊളിച്ചുനീക്കിയത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾക്കുശേഷം സമരം പിൻവലിക്കുന്നതായി ലത്തീൻ അതിരൂപത പ്രഖ്യാപിക്കുമ്പോൾ പന്തലിൽ വിരലിലെണ്ണാവുന്നവർ മാത്രമാണുണ്ടായിരുന്നത്. പ്രഖ്യാപനം വന്ന പിന്നാലെ പലരും പന്തൽ വിട്ടു.
ബുധനാഴ്ച രാവിലെ മുതൽ തന്നെ സമരപ്പന്തലിൽനിന്ന് കസേരകളും മൈക്ക് സെറ്റുകളും നീക്കംചെയ്തു. സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം നിർമിച്ചിരുന്ന ഊട്ടുപുരയിലെ ഗ്യാസ് സിലിണ്ടർ, പാത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളും കൊണ്ടുപോയി. സമര ലക്ഷ്യങ്ങൾ വിളംബരം ചെയ്ത് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും എഴുതിയ ഫ്ലക്സ് ബോർഡുകളും ഐക്യദാർഢ്യവുമായെത്തിയവർ പ്രദർശിപ്പിച്ചിരുന്ന ബാനറുകളും നീക്കി.
സമരക്കാർ തുറമുഖ നിർമാണ സ്ഥലത്തേക്ക് അതിക്രമിച്ച് കടക്കുന്നത് തടയാൻ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും പൊലീസ് മാറ്റിയതോടെ തുറമുഖ നിർമാണ സ്ഥലത്തേക്ക് കല്ലുമായി എത്തുന്ന ലോറികൾക്ക് തടസ്സമില്ലാതെ പോകാൻ വഴിയായി. രണ്ടാഴ്ച മുമ്പ് തുറമുഖത്തുനിന്ന് പുറത്തേക്ക് കൊണ്ടുപോകാനെത്തിയ വാഹനങ്ങളെ പന്തലിന് സമീപം സമരക്കാർ തടഞ്ഞിരുന്നു. തുറമുഖ നിർമാണ മേഖലയിൽ സ്ഥാപിച്ച ചെറിയ സമരപ്പന്തലും വൈകീട്ടോടെ നീക്കംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.