മാലിന്യ സംസ്കരണ പ്ലാന്റ് പൊട്ടിയൊലിച്ചു; പ്രദേശത്ത് ദുർഗന്ധം
text_fieldsകഴക്കൂട്ടം: പൊതുമാർക്കറ്റിൽ സ്ഥാപിച്ചിരുന്ന ‘ബയോവേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ്’ പൊട്ടി ജങ്ഷനിലും സമീപപ്രദേശങ്ങളിലും ദുർഗന്ധം. ശ്രീകാര്യം ജങ്ഷനിലെ പൊതുമാർക്കറ്റിൽ സ്ഥാപിച്ചിരുന്ന പ്ലാന്റാണ് ഇന്നലെ രാവിലെ ഒമ്പതോടെ പൊട്ടിയൊലിച്ചത്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ പ്രവർത്തിച്ചിരുന്ന പ്ലാന്റാണിത്. മാലിന്യം ഒഴുകി സമീപത്തെ ശ്രീകാര്യം- ചെമ്പഴന്തി റോഡിൽ പരന്നൊഴുകുകയായിരുന്നു.
രൂക്ഷമായ ദുർഗന്ധം നിറഞ്ഞതാേടെ കച്ചവടക്കാർ കടകളടച്ചു. വാഹന ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു. തുടർന്ന് കഴക്കൂട്ടത്തുനിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് റോഡിലെ മാലിന്യം കഴുകിക്കളഞ്ഞത്. ശ്രീകാര്യം ഗ്രാമപഞ്ചായത്തായിരുന്ന 2007 കാലഘട്ടത്തിലാണ് മാലിന്യത്തിൽനിന്നുള്ള ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച് തെരുവുവിളക്കുകൾ കത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ആദ്യമായി ഇവിടെ പദ്ധതി നടപ്പാക്കിയത്. തിരുവനന്തപുരത്തെ ബയോടെക് എന്ന സ്ഥാപനമാണ് പ്ലാന്റ് സ്ഥാപിച്ചത്. ഓരോവർഷവും നഗരസഭയുമായി ചേർന്ന് തയാറാക്കുന്ന കരാർ അനുസരിച്ചാണ് പ്ലാന്റ് നടത്തിപ്പ് അടക്കമുള്ള സേവനം കമ്പനി നൽകിയിരുന്നത്. ഏതാനും വർഷങ്ങളായി കോർപറേഷൻ കരാർ പുതുക്കുകയോ ജീവനക്കാർക്ക് ശമ്പളം നൽകുകയോ ചെയ്തിരുന്നില്ല. ഇതോടെ അറ്റകുറ്റപ്പണികൾ യഥാസമയം നടക്കാതെ വന്നു. ഇതാണ് പ്ലാന്റ് പൊട്ടി ഒലിക്കാൻ കാരണമായത്. ശ്രീകാര്യം വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് താൽക്കാലികമായി പ്ലാന്റിന്റെ ചോർച്ച പരിഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.