പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; ഇടപെടാതെ ജല അതോറിറ്റി
text_fieldsകഴക്കൂട്ടം: ദേശീയ പാതക്കരികിൽ കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങി ഒന്നരവർഷമായിട്ടും ഇടപെടാതെ ജല അതോറിറ്റി. കഴക്കൂട്ടം വെട്ടുറോഡ് ജങ്ഷനിലാണ് കുടിവെള്ളം പാഴാകുന്നത്. നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ല.
ജല അതോറിറ്റി ആറ്റിങ്ങൽ ഡിവിഷന് കീഴിൽ കഠിനംകുളത്തേക്കുള്ള 135 എം.എം കാസ്റ്റ് അയൺ പൈപ്പാണ് പൊട്ടിയൊഴുകുന്നത്. ഇതിനകം ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴായിട്ടും ഉദ്യോഗസ്ഥർക്ക് മിണ്ടാട്ടമില്ല. നേരത്തേ പലതവണ നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് രണ്ടുതവണ ചോർച്ച അടച്ചെങ്കിലും അന്നുതന്നെ വീണ്ടും പൈപ്പ് പൊട്ടി വെള്ളമൊഴുകാൻ തുടങ്ങി.
ബസ് കാത്തിരിപ്പ് കേന്ദ്രമായ വെട്ടുറോഡ് ജങ്ഷനിൽ വെള്ളം കെട്ടിനിന്നതോടെ കൊതുകുകൾ പെരുകി. രൂക്ഷമായ ദുർഗന്ധവുമുണ്ട്. ഒടുവിൽ സഹികെട്ട് നാട്ടുകാർ ഹൈകോടതിയെ സമീപിച്ചിരുന്നു. ജല അതോറിറ്റിയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് കോടതി. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. പോത്തൻകോട് ശ്രീനാരായണപുരത്തുനിന്ന് കഠിനംകുളത്തേക്ക് പോകുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. എന്നാൽ, റോഡ് കുഴിക്കാൻ ദേശീയപാതയിൽനിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നും റോഡ് ഗതാഗതം നിർത്തിവെച്ച് മാത്രമേ തകരാർ പരിഹരിക്കാനാകൂവെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.