നീരണിയാതെ ചീലപ്പാറ പ്ലാൻറ്; തൊണ്ടവരണ്ട് ഗ്രാമം
text_fieldsനേമം: ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തിയാക്കിയിട്ടും കമീഷൻ ചെയ്യാതെ ചീലപ്പാറ ശുദ്ധജല പ്ലാൻറ്. കടുത്ത വേനലിൽ ശുദ്ധജല ദൗർലഭ്യം തുടങ്ങിയതോടെ വിളപ്പിൽ ഗ്രാമവാസികൾ തൊണ്ട നനയ്ക്കാൻ പാടുപെടുകയാണ്. ഇതിനുപുറമേ ജല അതോറിറ്റി കഴിഞ്ഞ ഒരുമാസമായി ആഴ്ചയിലൊരിക്കലാണ് ശുദ്ധജല വിതരണം നടത്തുന്നത്. പഞ്ചായത്തിലെ ചെറുകോട്, നൂലിയോട്, കാരോട്, ചൊവ്വള്ളൂർ, കാവിൻപുറം തുടങ്ങിയ വാർഡുകളിലെ ഉയർന്ന കുന്നിൻ പ്രദേശങ്ങളിൽ കിണറുകളില്ല. ഇവിടുത്തുകാർ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് പൈപ്പുകളെയാണ്. കിലോമീറ്ററുകൾ താണ്ടിയാണ് വെള്ളം തലച്ചുമടായി ഇവർ കൊണ്ടുവരുന്നത്.
വേനൽ കടുത്തതോടെ കിണറുകളും വറ്റിത്തുടങ്ങി. 500 വീടുകൾക്ക് ജലവിതരണം ലക്ഷ്യമാക്കിയാണ് കാവിൻപുറത്ത് അരനൂറ്റാണ്ട് മുമ്പ് ചീലപ്പാറ ശുദ്ധജല പ്ലാൻറ് തുടങ്ങിയത്. മൂന്ന് എം.എൽ.ഡി സംഭരണ ശേഷിയുള്ള പ്ലാൻറിൽനിന്ന് വിളപ്പിൽ പഞ്ചായത്തിലെ കാൽലക്ഷത്തോളം ജനങ്ങൾക്കാണ് കുടിവെള്ളം നൽകേണ്ടത്. പ്രശ്നം പരിഹരിക്കാൻ ചീലപ്പാറയിൽ പുതിയ പ്ലാൻറ് നിർമാണം പൂർത്തിയായെങ്കിലും വൈദ്യുതി കണക്ഷൻ കിട്ടാത്തതിനാൽ ഉദ്ഘാടനം വൈകുന്നു എന്നാണ് അധികൃതരുടെ ഭാഷ്യം.
വേനൽകാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ പഞ്ചായത്ത് ടാങ്കറുകളിൽ വെള്ളം എത്തിക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോൾ പഞ്ചായത്ത് അധികൃതരും മൗനംപാലിക്കുകയാണ്. ജലസമൃദ്ധി പദ്ധതി നടപ്പാക്കി ലോകശ്രദ്ധ നേടിയെന്ന് അവകാശപ്പെടുന്ന കാട്ടാക്കട മണ്ഡലത്തിലെ ഒരു ഗ്രാമമാണ് കുടിനീരിനായി കേഴുന്നത്. വരുന്ന രണ്ടുമാസം വേനൽ കടുക്കുമെന്ന് ഉറപ്പായതോടെ ജല ദൗർലഭ്യം അതിരൂക്ഷമായി തുടരുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.