മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രഭാഷണം കേട്ടാൽ വയറുനിറയുമോ? –കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കൈയിൽ നാല് കാശില്ലാതെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രഭാഷണം കേട്ടാൽ ജനങ്ങളുടെ വയറ് നിറയുമോ എന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ എം.പി. ജനങ്ങളിവിടെ സാമ്പത്തിക ബുദ്ധിമുട്ടിലും പട്ടിണിയിലുമാണ്. ആ സമയത്താണ് സിനിമ നടന്മാരെവെച്ച് കേരളപ്പിറവി ആഘോഷിക്കുന്നതും മുഖ്യമന്ത്രി സെൽഫിയെടുത്ത് ആനന്ദിക്കുന്നതും. ശമ്പള കമീഷനെ നിയമിക്കുക, ആറ് ഗഡു ഡി.എയും ലീവ് സറണ്ടറും അനുവദിക്കുക, മെഡിസെപ്പ് കുറ്റമറ്റതാക്കി നടപ്പാക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, സെക്രട്ടേറിയറ്റ് തസ്തികകൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച അനന്തപുരി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏഴാം ക്ലാസുകാരന്റെ ഫോൺ സന്ദേശം കേട്ട് പേടിച്ച മുഖ്യമന്ത്രിയാണ് ഈ ഇരട്ടച്ചങ്കൻ. മുഖ്യമന്ത്രിയുടെ യാത്രക്കുള്ള ലക്ഷ്വറി ബസിന്റെ പകുതി മുഖ്യമന്ത്രിക്കും ബാക്കി 20 മന്ത്രിമാർക്കുമെന്നാണ് കേൾക്കുന്നത്. ജന്മി-കുടിയാൻ ബന്ധം അവസാനിപ്പിച്ചെന്ന് പറയുന്നവരാണ് മാർക്സിസ്റ്റ് പാർട്ടി.
ഫലസ്തീന് ഉപാധിരഹിത പിന്തുണ പ്രഖ്യാപിച്ച പാർട്ടിയാണ് കോൺഗ്രസ്. യു.ഡി.എഫിൽ തർക്കമുണ്ടാക്കാമെന്ന് കരുതി ഫലസ്തീൻ റാലി നടത്തിയതുകൊണ്ട് കേരളത്തിലെ സി.പി.എം രക്ഷപ്പെടില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം തലകുത്തിനിന്നാലും ഒരു സീറ്റുപോലും കിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. ബിനോദ് അധ്യക്ഷതവഹിച്ചു. കെ.എഫ്.എസ്.എ പ്രസിഡന്റ് എസ്. പ്രദീപ്കുമാർ, കെ.എൽ.എസ്.എ പ്രസിഡന്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി എം.എസ്. മോഹനചന്ദ്രൻ, എൽ.എസ്.ഇ.ഒ പ്രസിഡന്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി.എ. ബിനു, കെ.എം. അനിൽകുമാർ, നൗഷാദ് ബദറുദ്ദീൻ, എ. സുധീർ, ഗോവിന്ദ് ജി.ആർ, റീജ എൻ, പ്രസീന എൻ, ജി. രാമചന്ദ്രൻ നായർ, റെയ്സ്റ്റൺ പ്രകാശ്, സജീവ് പരിശവിള തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.