യുവതിയുടെ മരണം: പ്രതിശ്രുത വരനെതിരെ രക്ഷിതാക്കൾ
text_fieldsനെടുമങ്ങാട്: മകളുടെ മരണത്തിന് കാരണം നിശ്ചയിച്ച വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിനാലെന്ന് യുവതിയുടെ മാതാപിതാക്കൾ. പലപ്പോഴായി വരൻ പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ, ഇത് നൽകാനാകാതെ വന്നപ്പോഴാണ് വരനും ബന്ധുക്കളും വിവാഹത്തിൽനിന്ന് പിന്മാറിയതെന്നാരോപിച്ച് യുവതിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. നെടുമങ്ങാട് ഡിവൈ.എസ്.പിക്കും വലിയമല എസ്.എച്ച്.ഒക്കുമാണ് പരാതി നൽകിയത്.
നെടുമങ്ങാട് വലിയമല സ്റ്റേഷൻ പരിധിയിലെ കുര്യാത്തി ശ്രീകൃഷ്ണ വിലാസത്തിൽ ശ്രീകുമാറിന്റെ മകളായ ആതിരയെയാണ് (25) മാതൃസഹോദരിയുടെ വീട്ടിൽ കഴിഞ്ഞ ആറിന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2022 നവമ്പർ 13ന് പനയമുട്ടം സ്വാതി ഭവനിൽ സോനുവുമായി യുവതിയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. 2023 ഏപ്രിൽ 30ന് വിവാഹ തീയതി തീരുമാനിച്ച് ക്ഷണക്കത്തും അച്ചടിച്ചു. വിവാഹ നിശ്ചയത്തിന് ശേഷം ആദ്യ രണ്ട് മാസം നല്ല ബന്ധത്തിലായിരുന്നു. പിന്നീട് തിരുവനന്തപുരം വട്ടിയൂർക്കാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ട് കൺസ്ട്രക്ഷനിൽ ജോലിയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന സോനുവിന്റെ സ്വഭാവത്തിൽ മാറ്റം വന്നതായി ബന്ധുക്കൾ പറയുന്നു. വിവാഹ നിശ്ചയശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് സോനു പെൺകുട്ടിയുടെ വീട്ടിൽനിന്ന് പണം വാങ്ങാൻ തുടങ്ങി.
തിരുവനന്തപുരം എസ്.കെ ആശുപത്രിയിൽ ആറുവർഷമായി ആതിര ജോലി നോക്കിവരികയായിരുന്നു. ആതിരക്ക് കിട്ടിയ ശമ്പളവും ഗൾഫിൽ ജോലി നോക്കുന്ന സഹോദരന്റെ പണവും പല പ്രാവശ്യം നൽകിയതായി പരാതിയിൽ പറയുന്നു.
നിരന്തരം പണം ആവശ്യപ്പെട്ടത്തോടെ വീട്ടുകാർ വലഞ്ഞു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായ സമയത്ത് കല്യാണത്തിൽനിന്ന് പിൻമാറിയതോടെ ആതിര തകർന്നെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. വിവാഹം നടന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ആതിര പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.