പൊങ്കാലക്കായി കണ്ണുംനട്ട്
text_fieldsതിരുവനന്തപുരം: ഭക്തിനിര്‍ഭര അന്തരീക്ഷത്തില്‍ ആറ്റുകാല്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാനം.പൊള്ളുന്ന ചൂടിനെപ്പോലും വകവെക്കാതെ ക്ഷേത്രപരിസരങ്ങളിലും റോഡുകളിലും പൊങ്കാല അടുപ്പുകൾ തയാറായിരിക്കുകയാണ്. ക്ഷേത്രദർശനത്തിന് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുവരെ ഭക്തർ പൊങ്കാലക്കായി തലസ്ഥാനത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10.30ന് മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ പകരുന്നതോടെയാണ് ഭക്തരുടെ അടുപ്പുകളിലും തീ തെളിയുന്നത്. ഉച്ചക്ക് 2.30ന് ഉച്ചപൂജക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും.
ഇന്ന് ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം പൊങ്കാലയോടനുഅനുബന്ധിച്ച് ഇന്ന് ഉച്ച മുതല്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചക്ക് രണ്ട് മുതല്‍ ഞായറാഴ്ച വൈകീട്ട് എട്ടുവരെ ചരക്ക് വാഹനങ്ങള്‍, വലിയ വാഹനങ്ങള്‍ എന്നിവക്ക് നഗരത്തില്‍ പ്രവേശിക്കുന്നതിനോ റോഡ് അരികുകളിൽ പാർക്ക് ചെയ്യാനോ അനുവദിക്കില്ലെന്ന് സിറ്റി പൊലീസ് കമീഷണർ നാഗരാജു അറിയിച്ചു.
ഉയര്‍ന്ന ചൂട്: പൊങ്കാലയിടുന്നവര്‍ സുരക്ഷിതത്വമുറപ്പാക്കണം -മന്ത്രി വീണ ജോര്‍ജ്
ഇടക്കിടക്ക് വെള്ളം കുടിക്കാന്‍ മറക്കരുതേ
തിരുവനന്തപുരം: ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വമുറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണമുണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടക്കിടക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയവയുണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
മെഡിക്കല്‍ ടീമുകൾ സജ്ജം
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
- കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
- നേരിട്ട് സൂര്യപ്രകാശം ഏല്ക്കാതിരിക്കുവാന് തൊപ്പി, തുണി ഇവ കൊണ്ട് തലമറയ്ക്കുക
- ശുദ്ധജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക
- തണ്ണിമത്തന് പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയും
- ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക
- ഇടക്ക് കൈകാലുകളും മുഖവും കഴുകുക
- ഇടക്കിടെ തണലത്ത് വിശ്രമിക്കുക
- കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. ഇടക്കിടെ കുടിക്കാന്‍ വെള്ളം നല്‍കണം
- സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കുക
- കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ കൈയില്‍ കരുതണം
- പൊള്ളലേല്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്
- തീ പിടിക്കുന്ന വിധത്തില്‍ അലസമായി വസ്ത്രങ്ങള്‍ ധരിക്കരുത്.
- ചുറ്റമുള്ള അടുപ്പുകളില്‍ നിന്ന് തീ പടരാതെ സൂക്ഷിക്കണം.
- അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വെക്കരുത്
- തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വെക്കണം
- വസ്ത്രങ്ങളില്‍ തീപിടിച്ചാല്‍ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടന്‍ തീ അണയ്ക്കുക. അടുത്തുള്ള വളന്റിയര്‍മാരുടെ സഹായം തേടുക.
- തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യണം
- പൊള്ളലേറ്റ ഭാഗം വെള്ളമുപയോഗിച്ച് തണുപ്പിക്കണം
- വസ്ത്രമുള്ള ഭാഗമാണെങ്കില്‍ വസ്ത്രം നീക്കാന്‍ ശ്രമിക്കരുത്
- പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്
- ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക
- പൊങ്കാലക്കുശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം
- ഭക്ഷണം കരുതലോടെ
- ഭക്ഷണം കഴിക്കുന്നതിനുമുമ്പ് വൃത്തിയായി കൈകള്‍ കഴുകണം
- തുറന്നുവെച്ചിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ വാങ്ങി കഴിക്കരുത്.
- പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക
- മാലിന്യങ്ങള്‍ വലിച്ചെറിയരുത്. നിര്‍ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.