ഒരു മാസം ദാ പോയി... ചങ്കിടിപ്പിന്റെ ദിനരാത്രങ്ങളിൽ തിരുവനന്തപുരം
text_fieldsതിരുവനന്തപുരം: ഒരു മാസം അൽപം നീണ്ട കാലയളവാണെന്ന് കരുതിയെങ്കിലും അതിവേഗം കടന്നുപോയതിന്റെ അങ്കലാപ്പും ഒപ്പം ആകാംക്ഷയുമാണ് തലസ്ഥാനത്തെ രാഷ്ട്രീയ ക്യാമ്പുകളിൽ. ചൂട്ടുപൊള്ളിയ പ്രചാരണാരവങ്ങൾക്കും കൂട്ടിക്കിഴിക്കലുകളിൽ പുകഞ്ഞുമറിഞ്ഞ കാത്തിരിപ്പുകൾക്കുംശേഷം ഹൃദയമിടിപ്പോടെ ജനവിധി കേൾക്കാൻ നിമിഷങ്ങളെണ്ണുകയാണ് തിരുവനന്തപുരം ലോക്സഭ മണ്ഡലം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തിൽ വലിയ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. അതുകൊണ്ട് ആകാംക്ഷയുടെയും നെഞ്ചിടിപ്പിന്റെയും നിമിഷങ്ങളിലൂടെയാണ് ഇനിലുള്ള മണിക്കൂറുകൾ. ദേശീയ, പ്രാദേശിക വിഷയങ്ങളിൽ ശക്തമായ പ്രചാരണം നടന്ന തിരുവനന്തപുരത്ത് പോളിങ്ങിലെ കുറവ് പലവിധ സാധ്യതകളിലേക്കാണ് വഴിതുറക്കുന്നത്.
സംസ്ഥാനതലത്തിലുണ്ടായ പൊതുപ്രവണത ഇവിടെയും സംഭവിച്ചെന്ന വിലയിരുത്തലാണ് ഇതിലൊന്ന്. ബി.ജെ.പി വിരുദ്ധ ചേരിയിലുള്ള നല്ലൊരു ശതമാനം മതേതര വോട്ടുകൾ മണ്ഡലത്തിലുണ്ട്. വിജയസാധ്യതയുള്ള സ്ഥാനാർഥിക്കാണ് ഇത് പതിവായി കിട്ടാറുള്ളത്. മൂന്ന് തവണ എം.പി എന്ന നിലയിലെ വിരുദ്ധവികാരവും നിലപാടുകളിലെ തരൂരിനോടുള്ള വിയോജിപ്പുമെല്ലാം മുമ്പത്തെക്കാൾ ഇക്കുറി ഏറെയായിരുന്നു. മറ്റൊരു ഓപ്ഷൻ ഇല്ലാത്തതിനാൽ വോട്ടർമാർ പ്രതിഷേധിച്ച് പിന്മാറിയിരിക്കാം എന്നതാണ് മറ്റൊരുവാദം.
മുന്നണികളൊന്നും ഇനിയും കണ്ടെത്താതെ തലപുകയ്ക്കുന്ന കാരണങ്ങൾ തിരുവനന്തപുരത്തിന്റെ കാര്യത്തിലും ബാധകം. ന്യൂനപക്ഷ വോട്ടുകൾ ഒപ്പം കൂട്ടാനാണ് ഇടതു-വലത് മുന്നണികൾ പ്രധാനമായും ശ്രദ്ധയൂന്നിയത്. മണ്ഡലത്തിലെ മുസ്ലിം വോട്ട് ബാങ്ക് പൊതുവിൽ തരൂരിനെ പിന്തുണച്ചുവെന്നാണ് വിലയിരുത്തൽ. ന്യൂനപക്ഷമേഖലകളിലെ ബൂത്തുകളിലെ കനത്ത പോളിങ് ഇതിന് അടിവരയിടുന്നു. തരൂരിനെ എക്കാലവും സഹായിക്കുന്ന തീരദേശവോട്ടിൽ നേരിയ ചോർച്ചയുണ്ടായെങ്കിലും ഭൂരിഭാഗവും ഒപ്പം തന്നെയായിരുന്നു. വോട്ടിങ് ദിനത്തിലെ തീരദേശത്തിന്റെ ആവേശത്തിലിതുണ്ട്. ലത്തീൻ അതിരൂപതയുടെ നിലപാട് ഇക്കാര്യത്തിൽ സവിശേഷ പ്രാധാന്യമർഹിക്കുന്നു.
തെരഞ്ഞെടുപ്പ് ഗോഥയിൽ വാവിട്ട വാക്ക് അൽപം കടന്നുപോയി എന്ന ധാരണയിൽ അനുരജ്ഞനവുമായി യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ, ഇടതു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനെ സമീപിച്ചതിനും തെരഞ്ഞെടുപ്പിന് ശേഷം തലസ്ഥാനം സാക്ഷിയായി. പ്രചാരണം കൊടുമ്പിരിക്കൊണ്ട അവസാന ലാപ്പിൽ ‘മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നും ഇവിടെ പന്ന്യന് എന്തുകാര്യം’ എന്നുമുള്ള തരൂരിന്റെ പാരമർശം വലിയ രാഷ്ട്രീയ വിവാദമായിരുന്നു. പന്ന്യനെ സംബന്ധിച്ച് വലിയ മുറിവും. ഇത്തരത്തിൽ സൗഹൃദത്തിൽ കല്ലുകടിയുണ്ടായ സാഹചര്യത്തിലാണ് പന്ന്യനെ തരൂർ വിളിച്ചത്. താരതമ്യേന സീറ്റെണ്ണം കൂടുതലാകുമെന്നതിനാൽ കോൺഗ്രസിന്റെ പ്രതിനിധിയായി പാർലമെന്റ് പോകുന്ന തനിക്കായിരിക്കും ലോക്സഭയിൽ കൂടുതൽ സംസാരിക്കാൻ സമയം ലഭിക്കുകയെന്നാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു തരൂരിന്റെ വിശദീകരണം. എന്നാൽ, അതൃപ്തി പന്ന്യൻ പരസ്യമായി പറഞ്ഞു. ‘ചന്ദ്രശേഖരനും തരൂരുമാണ് മത്സരമെന്നും പന്ന്യനെന്താ കാര്യം എന്നും ചോദിച്ചാൽ അതിന്റെ അർഥമെന്താണെന്നും നിങ്ങൾ പറഞ്ഞത് വലിയ മോശമായി പോയി’ എന്നുമായിരുന്നു പന്ന്യന്റെ പ്രതികരണം. ഒടുവിൽ നേരിൽ കണ്ട് സംസാരിക്കാമെന്ന് പറഞ്ഞ് ഇരുവരും സ്നേഹത്തോടെ തന്നെയാണ് സംസാരം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.