തിരുവനന്തപുരം മെഡിക്കൽ കോളജ്; എയിംസ് മാതൃകയില്‍ അത്യാഹിതവിഭാഗം നാെള മുതൽ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നൂതന സംവിധാനങ്ങളോടുകൂടിയ അത്യാഹിതവിഭാഗത്തിെൻറ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യാതിഥിയാകും.
എയിംസ് മാതൃകയില്‍ അത്യാധുനിക സംവിധാനത്തോടെയുള്ള പുതിയ ട്രോമാ കെയര്‍ സംവിധാനവും എമര്‍ജന്‍സി മെഡിസിന് വിഭാഗവും ഉള്‍പ്പെെടയാണ് അത്യാഹിതവിഭാഗം പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നത്. 717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിെൻറ ഭാഗമായ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളജില്‍ നടന്നുവരുന്നത്.
ഇതിനുപുറെമയാണ് 33 കോടി രൂപ ചെലവഴിച്ച് ട്രോമാകെയര്‍, എമര്‍ജന്‍സി കെയര്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ അഞ്ചുകോടിയുടെ സമഗ്ര സ്ട്രോക്ക് സെൻററും സജ്ജമാക്കുന്നതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.അത്യാഹിത വിഭാഗത്തിന് മുന്‍വശമുള്ള സ്ഥലം മനോഹരമായി ലാൻഡ്സ്കേപ്പിങ് ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളജ് പൂര്‍വ വിദ്യാർഥി സംഘടനയാണ് മൂന്നുലക്ഷം രൂപ ചെലവഴിച്ച് സൗന്ദര്യവത്കരണം നടത്തിയത്. അത്യാഹിതവിഭാഗത്തോട് ചേര്‍ന്നുള്ള ഇന്‍ഫര്‍മേഷന്‍ സെൻററും പൂര്‍വ വിദ്യാർഥി സംഘടനയുടെ സംഭാവനയാണ്.
അടിയന്തര ചികിത്സക്ക് ട്രയാജ് സംവിധാനം
ഒരു രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ചാലുടനെ അത്യാഹിതത്തിെൻറ തീവ്രതയനുസരിച്ച് ചികിത്സ ഉറപ്പിക്കാനാണ് അത്യാധുനിക ട്രയാജ് സംവിധാനം. റെഡ്, യെല്ലോ, ഗ്രീന്‍ എന്നീ സോണുകള്‍ തിരിച്ചാണ് ചികിത്സ ഉറപ്പിക്കുന്നത്. അതിഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് അടിയന്തരചികിത്സ ഉറപ്പാക്കാന്‍ റെഡ് സോണിലേക്കും ഗുരുതരമായിട്ടുള്ളത് യെല്ലോ സോണിലേക്കും അത്ര വലിയ പ്രശ്നമില്ലാത്ത രോഗികളെ ഗ്രീന്‍ സോണിലേക്കും വിടും.
റെഡ് സോണിലേക്ക് അയക്കുന്നവരെ അടിയന്തര പരിശോധന നടത്തി പ്രാഥമിക എയര്‍വേ, ബ്രീത്തിങ്, സര്‍ക്കുലേഷന്‍ എന്നിവ ഉറപ്പുവരുത്തി ഐ.സി.യുവിലേക്കോ ഓപറേഷന് തിയറ്ററിലേക്കോ വാര്‍ഡിലേക്കോ മാറ്റും. എന്താണ് രോഗിയുടെ അവസ്ഥയെന്നറിഞ്ഞ് അടിയന്തരചികിത്സ ഉറപ്പുവരുത്തി ട്രീറ്റ്മെൻറ് പ്ലാനുണ്ടാക്കിയാണ് ഓരോ സോണിെലയും രോഗിയെ മാറ്റുന്നത്. റെഡ് സോണില്‍ 12 രോഗികെളയും യെല്ലോ സോണില്‍ 62 രോഗികളെയും ഗ്രീന്‍ സോണില്‍ 12 രോഗികെളയും ഒരേസമയം ചികിത്സിക്കാനാവും.
അത്യാഹിതവിഭാഗത്തില്‍ മെഡിസിന്, സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ഇ.എന്‍.ടി തുടങ്ങിയ പല വിഭാഗങ്ങളുണ്ടെങ്കിലും അവയുടെ ഏകീകരണമില്ലാത്തതിെൻറ പോരായ്മ പലപ്പോഴും ചികിത്സക്ക് കാലതാമസമെടുക്കാറുണ്ട്. ഇത് മനസ്സിലാക്കി ഇവയെല്ലാം ഏകോപിച്ചൊരു ചികിത്സാസമ്പ്രദായം ലഭ്യമാക്കാനാണ് എമര്‍ജന്‍സി മെഡിസിന് വിഭാഗം പുതുതായി ആരംഭിച്ചത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള മാനദണ്ഡത്തിലും ഇപ്പോഴത്തെ എമര്‍ജന്‍സി മെഡിസിന് ഗൈഡ്ലൈനും അനുസരിച്ചാണ് എയിംസ് മാതൃകയില്‍ അത്യാധുനിക എമര്ജി മെഡിസിന് വിഭാഗം സജ്ജമാക്കിയിരിക്കുന്നത്.
പരിശോധനക്ക് അലയേണ്ട
അത്യാഹിതവിഭാഗത്തിനോട് അനുബന്ധമായി ഡിജിറ്റല്‍ എക്സ്റേ, എം.ആര്.ഐ, സി.ടി. സ്കാന്‍, അള്‍ട്രാസൗണ്ട്, പോയൻറ് ഓഫ് കെയര്‍ ലാബ്, ഇ.സി.ജി തുടങ്ങിയ അടിയന്തര പരിശോധനകളെല്ലാംതന്നെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ നഴ്സിങ് സ്റ്റേഷന്, ലാബ്, ഫാര്‍മസി എന്നിവയും ഒരുക്കി.
ഓപറേഷന് തിയറ്ററും െഎ.സി.യുവും
അടിയന്തര ശസ്ത്രക്രിയക്ക് നൂതന സംവിധാനങ്ങളോടുകൂടിയ അഞ്ച് ഓപറേഷന് തിയറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സര്‍ജറി, ന്യൂറോ, ഓര്‍ത്തോ, പ്ലാസ്റ്റിക്, സെപ്റ്റിക് വിഭാഗങ്ങളിലായി നൂതനമായ നെഗറ്റിവ് പ്രഷര്‍ സംവിധാനവും ഒരുക്കി.
10 കിടക്കകളോട് കൂടിയ ട്രാന്‍സിറ്റ് ഐ.സി.യുവും എട്ട് കിടക്കകളോട് കൂടിയ കാഷ്വല്‍റ്റി ഐ.സി.യുവും സജ്ജമാണ്. 21 വെൻറിലേറ്ററുകൾ, മള്‍ട്ടിപാരാമീറ്റര്‍ മോണിറ്ററുകള്‍, ഡിഫിബ്രിലേറ്ററുകള്‍, ഹൈഡ്രോളിക് ട്രോളി, മൊബൈല്‍ കിടക്കകള്‍ എന്നീ രോഗീപരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പത്തും അമ്പതും കിടക്കകള്‍ ഉള്ള രണ്ട് ട്രാന്‍സിറ്റ് വാര്‍ഡുകളും തയാറാക്കി.
ഗതാഗതക്കുരുക്കഴിയും
മാസ്റ്റര്‍ പ്ലാനിെൻറ ആദ്യഘട്ടമായി അനുവദിച്ച 58 കോടി രൂപയില്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ റോഡിെൻറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പുതിയ അത്യാഹിതവിഭാഗത്തിലേക്ക് വരുന്ന വാഹനങ്ങള്‍ വണ്‍വേയായി നിലവിലെ അത്യാഹിതവിഭാഗം വഴിയുള്ള സമാന്തര റോഡ് വഴി പുറത്ത് പോകാം. ആംബുലന്‍സുകളും മറ്റ് അത്യാവശ്യ വാഹനങ്ങൾക്കും നിലവിലെ അത്യാഹിതവിഭാഗത്തിന് സമീപമായി പാര്‍ക്കിങ് സൗകര്യവും ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.