തിരുവനന്തപുരം മെട്രോ: റിപ്പോർട്ട് ഒരുമാസത്തിനകം
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തും കൊച്ചി മാതൃകയിൽ മെട്രോ റെയിൽ സ്ഥാപിക്കുന്നതിനുള്ള വിശദപദ്ധതി രേഖ ഒരു മാസത്തിനുള്ളിൽ ഡി.എം.ആർ.സി സർക്കാറിന് സമർപ്പിക്കും. പദ്ധതിയുടെ അന്തിമ രൂപരേഖക്ക് അനുമതി നൽകേണ്ടത് കേന്ദ്ര സർക്കാറാണ്. ഇതിനായി രൂപരേഖയിലെ നിർദേശങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കും.
തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയാണ് ആദ്യം ആലോചിച്ചിരുന്നത്. ഇതിനായി പ്രാഥമിക സർവേ നടപടികളും നടന്നിരുന്നു. എന്നാൽ, യാത്രക്കാരുടെ എണ്ണം ഉൾപ്പെടെ പരിഗണിക്കുമ്പോൾ തലസ്ഥാനത്തും മെട്രോ സർവിസിന് അനുമതി ലഭിക്കുമെന്നാണ് സംസ്ഥാനത്തെ മെട്രോ പദ്ധതികളുടെ ചുമതല വഹിക്കുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) വിലയിരുത്തൽ. തിരുവനന്തപുരത്തിനായി സമഗ്ര ഗതാഗത പദ്ധതി തയാറാക്കിയിരുന്നു. ഈ പഠനമനുസരിച്ച് 2051ൽ ഏറ്റവും തിരക്കുള്ള സമയത്ത് മണിക്കൂറിൽ ഒരു വശത്തേക്കുള്ള റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം 19,747 ആയിരിക്കുമെന്നായിരുന്നു കണ്ടെത്തൽ. ഈ കണക്കുകൾ മെട്രോ നയമനുസരിച്ച് വിലയിരുത്തുമ്പോൾ സാധാരണ മെട്രോ സർവിസിനുതന്നെ അനുമതി ലഭിക്കുമെന്നാണ് വിലയിരുത്തൽ.
സമഗ്ര ഗതാഗത പദ്ധതിയുടെ അടിസ്ഥാനത്തിൽ രണ്ട് റൂട്ടുകളാണ് തിരുവനന്തപുരം മെട്രോക്ക് നിർദേശിച്ചിരിക്കുന്നത്. ടെക്നോ സിറ്റി മുതൽ നേമം വഴി പള്ളിച്ചൽ വരെയുള്ള 27.4 കിലോമീറ്ററാണ് ഇതിലൊന്ന്. കഴക്കൂട്ടം മുതൽ ഈഞ്ചക്കൽ വഴി കിള്ളിപ്പാലം വരെയുള്ള 14.7 കിലോമീറ്റർവരെയുള്ളതാണ് രണ്ടാമത്തേത്. ഈഞ്ചക്കൽ മുതൽ കിള്ളിപ്പാലം വരെ ഭൂമിക്കടിയിലൂടെയുള്ള പാതയും നിർദിഷ്ട പദ്ധതിയിലുണ്ട്. രണ്ട് കോറിഡോറുകളിലായി 37 സ്റ്റേഷനുകൾ വരും. പള്ളിപ്പുറത്താണ് മെട്രോയുടെ യാർഡ് വിഭാവനം ചെയ്യുന്നത്.
സ്റ്റേഷനുകൾക്കാവശ്യമായ സ്ഥലമുൾപ്പെടെ കാര്യങ്ങളിൽ ഉൾപ്പെടെ പ്രാഥമിക ചർച്ചകൾ നടന്നു. കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരവും കോഴിക്കോടുമാണ് പരിഗണനയിലുണ്ടായിരുന്നത്. കോഴിക്കോട് മെട്രോയുമായി ബന്ധപ്പെട്ട് സമഗ്ര ഗതാഗത പദ്ധതിയുടെ കരടുരേഖ തയാറായതേയുള്ളൂ. തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പണിയുന്നതിന് 6728 കോടിയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, സർക്കാർ പിന്നീട് ഭരണാനുമതി തിരുത്തുകയും ചെലവ് 7,446 കോടിയായി പരിഷ്കരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.