റവന്യു ജില്ല സ്കൂൾ കായികമേള; കൗമാരത്തിന്റെ കായിക കുതിപ്പിന് ഇന്ന് വിസിൽ
text_fieldsതിരുവനന്തപുരം: ഇനി പുതിയ വേഗവും ദൂരവും ഉയരവും തേടിയുള്ള പോരാട്ടത്തിന്റെ ദിനങ്ങൾ. സംസ്ഥാന സ്കൂൾ കായികമേളക്ക് ടിക്കറ്റെടുക്കാൻ തലസ്ഥാനത്തിന്റെ കായിക പ്രതിഭകൾ ഇന്ന് കാര്യവട്ടം എൽ.എൻ.പി.ഇ സിന്തറ്റിക് ട്രാക്കിലിറങ്ങും. തിരുവനന്തപുരം ജില്ലയിലെ 12 ഉപജില്ലകളിലും സ്പോർട്സ് സ്കൂളുകളിലും നിന്നുമായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 3000 കുട്ടികളാണ് ആവേശപോരിന് ഇറങ്ങുന്നത്. കായികമേള വെള്ളിയാഴ്ച രാവിവെ ഒമ്പതിന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് 1500 മീറ്റർ ഓട്ട മത്സരത്തിനാണ് ട്രാക്കിൽ ആദ്യവിസിൽ മുഴങ്ങുക. 98 ഇനങ്ങളിൽ ആദ്യദിനമായ ഇന്ന് 32 ഫൈനലുകളാണ് ട്രാക്കിലും ഫീൽഡിലുമായി നടക്കുക.
ഇത്തവണയും വിജയകിരീടം നിലനിറുത്താനുള്ള ഒരുക്കത്തിലാണ് നെയ്യാറ്റിൻകര ഉപജില്ല. മൂന്നുവർഷമായി പോയന്റ് ടേബിളിൽ നെയ്യാറ്റിൻകരയിലെ പിള്ളേരെ ഓടിത്തോൽപ്പിക്കാൻ മറ്റ് ഉപജില്ലകളിലെ കുട്ടികൾക്ക് കഴിയാറില്ല. ഇത്തവണയും ആ സ്ഥിതിക്ക് മാറ്റമുണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് നിലവിലെ ചാമ്പ്യന്മാർ. കഴിഞ്ഞ വർഷം 11 സ്വർണവും 15 വെള്ളിയും 11 വെങ്കലുവുമടക്കം 132 പോയന്റുമായാണ് നെയ്യാറ്റികരയുടെ ചുണക്കുട്ടികൾ കാര്യവട്ടത്തു നിന്ന് മടങ്ങിയതെങ്കിൽ ഇത്തവണ മെഡലുകളുടെ എണ്ണം കൂടുമെന്നാണ് കായികാധ്യാപകരുടെ ഉറപ്പ്.
വിജയക്കുതിപ്പിൽ നെയ്യാറ്റിൻകരയുടെ ഇന്ധനമാകുന്ന കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസിലെ പ്രതിഭകളും ആത്മവിശ്വാസത്തിലാണ്. എന്നാൽ ഇത്തവണ എന്ത് വിലകൊടുത്തും കിരീടം തിരിച്ചുപിടിക്കുമെന്ന ഉറപ്പിലാണ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് പിന്തള്ളപ്പെട്ട നെടുമങ്ങാടും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന തിരുവനന്തപുരം നോർത്തും ഇറങ്ങുക.
കായിക സ്കൂളുകളുടെ പോരാട്ടത്തിൽ ഇത്തവണയും മൈലത്തെ ജി.വി.രാജ സ്പോർട്സ് സ്കൂളാണ് ഫേവറൈറ്റുകൾ. എന്നാൽ ട്രാക്കിലും ഫീൽഡിലും കഴിഞ്ഞ വർഷത്തെപ്പോലെ ജി.വി. രാജയെ തിളങ്ങാൻ വിടില്ലെന്ന വാശിയില്ലാണ് സായിയിലെയും അയ്യങ്കാളി സ്പോർട്സ് സ്കൂളിലെയും കുട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.