ചോരവീഴുന്ന തലസ്ഥാനം, കഞ്ചാവിൽ മയങ്ങി യൗവനം
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് ക്വട്ടേഷൻ സംഘങ്ങൾ രാവും പകലും സജീവമാണ്. പണത്തിനു വേണ്ടി ആരെയും ആക്രമിക്കാനും കൊലപ്പെടുത്താനും ഇവർ തയാറാണ്. ഇനി ഇവർ തിരക്കിലാണെങ്കിലും പറഞ്ഞുറപ്പിച്ച പ്രകാരം കൃത്യം നടക്കും. പുറത്ത് നിന്ന് ആളെ ഇറക്കിയാവും 'ഓപറേഷൻ'. പറഞ്ഞൊപ്പിച്ച തുകയിൽ ചെറിയ വ്യത്യാസം വരുമെന്ന് മാത്രം. ഇതാണ് തിരുവനന്തപുരം ജില്ലയുടെ ഇപ്പോഴത്തെ അവസ്ഥ. സംസ്ഥാന പൊലീസിെൻറ സ്പെഷൽ ബ്രാഞ്ച്, ഇൻറലിജൻസ് സംഘങ്ങളെക്കാൾ വിപുലമായ ശൃംഖലയാണ് ഇന്ന് ഗുണ്ടാസംഘങ്ങൾക്കുള്ളത്. വിവരങ്ങൾ അപ്പപ്പോൾ നൽകാൻ എല്ലായിടത്തും ആളുണ്ട്. അല്ലെങ്കിൽ ഭീഷണിപ്പെടുത്തി വിവരങ്ങൾ ശേഖരിക്കും.
ഡിസംബർ ആറിന് ആറ്റിങ്ങൽ മങ്കാട്ടുകവലയിൽ നടന്ന വധശ്രമത്തിലെ മൂന്നാംപ്രതിയായിരുന്നു സുധീഷ്. അന്ന് സുധീഷും സംഘവും രണ്ടുപേരെ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. സുധീഷ് ഒഴികെ നാലുപേർ അറസ്റ്റിലായി. എന്നാൽ സുധീഷ് ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാൻ പൊലീസിനായില്ല. സുധീഷിനെ കണ്ടെത്താൻ പേരുകേട്ട ഷാഡോ സംഘത്തിനും ആയില്ല. ഒളിവിലാണെന്ന് പൊലീസ് പറഞ്ഞയാളെയാണ് എതിർസംഘം പട്ടാപ്പകൽ കണ്ടെത്തി വെട്ടിക്കൊലപ്പെടുത്തിയശേഷം കാൽ റോഡിലേക്ക് വലിച്ചെറിഞ്ഞത്. പൊലീസിനെക്കാളും എത്ര കാര്യക്ഷമമായാണ് ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ ഒരൊറ്റ സംഭവം മതി.
കേരളത്തിൽ 4500 ഗുണ്ടകൾ ഉണ്ടെന്നും അതിലെ 1300 പേർ സജീവമാണെന്നുമുള്ള ഇൻറലിജൻസ് റിപ്പോർട്ട് പുറത്തായിട്ടും അമർച്ച ചെയ്യാൻ പൊലീസ് മടിക്കുന്നതിനുപിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് സേനക്കുള്ളിലെ ആരോപണം. പോത്തൻകോട് കൊലപാതകക്കേസിൽ അറസ്റ്റിലായ ഒട്ടകം രാജേഷിനെ 'ഉപദ്രവിക്കരു'തെന്ന് പറഞ്ഞുവിളിക്കാനും നഗരമധ്യത്തിൽ അച്ഛനെയും മകളെയും ആക്രമിച്ച പ്രതികൾക്ക് വേണ്ട സംരക്ഷണം ഒരുക്കാനും ഭരണപ്രതിപക്ഷ പാർട്ടി നേതാക്കൾ പലതവണയാണ് സ്റ്റേഷനിലേക്ക് വിളിച്ചത്. ഗുണ്ടകൾക്കും ക്രിമിനലുകൾക്കും ലഭിക്കുന്ന രാഷ്ട്രീയതണലാണ് ഇവരെ അമർച്ച ചെയ്യുന്നതിൽ നിന്നും പൊലീസിനെ പിന്നോട്ട് വലിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. കാരണം ഇവരിൽ പലരും ഇന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ യുവജനനേതാക്കളാണ്.
സാനിറ്ററി നാപ്കിെൻറ എണ്ണമെടുക്കാനും പൊലീസ്
കേരള പൊലീസ് ആക്ട് പ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകുക എന്നതാണ് പൊലീസിെൻറ പ്രധാന കടമ. എന്നാൽ കോവിഡിെൻറ വരവോടെ പൊലീസിെൻറ ജോലികളുടെ നിർവഹണം കീഴ് മേൽ മറിഞ്ഞു. കോവിഡ് കണക്കുകൾ ശേഖരിക്കുക, എയർപോർട്ടുകളിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കുക, 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണമെടുക്കുക തുടങ്ങി ആരോഗ്യവകുപ്പ് ചെയ്യേണ്ട ജോലികൾ പൊലീസിെൻറ തലയിലായി. ഒരുവർഷം മുമ്പ് സാനിറ്ററി നാപ്കിൻ ഉപയോഗിക്കാത്ത, വാങ്ങാൻ കഴിവില്ലാത്ത സ്ത്രീകളുടെ കണക്കെടുപ്പും തലസ്ഥാനത്ത് പൊലീസിെൻറ ഉത്തരവാദിത്തമായിരുന്നു. അങ്ങനെ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ പെറ്റിപിടിത്തവും കോവിഡ് കണക്കെടുപ്പും പ്രതിരോധ പ്രവർത്തനങ്ങളും മാത്രമായി പൊലീസിെൻറ ജോലി ഒതുങ്ങി. സംസ്ഥാന പൊലീസ് സേനയിലെ അംഗബലം 51,626 ആണ്. അതിൽ വനിതകളുടെ എണ്ണം 4,380 ആണ്. എന്നാൽ പൊലീസ് അസോസിയേഷൻ നേതാക്കളും വനിതകളും ഭൂരിഭാഗംപേരും സ്റ്റേഷൻ ഡ്യൂട്ടി ചെയ്യാൻ മടിച്ച് പ്രത്യേക ലാവണങ്ങളിൽ ചേക്കേറുന്നതോടെ പൊലീസ് സ്റ്റേഷൻ മതിയായ അംഗബലമില്ലാതെ മുടന്തുകയാണ്. തിരുവനന്തപുരം റൂറലിലാണ് ഏറെ പരിതാപകരം.
പല്ലുകൊഴിഞ്ഞ് സ്പെഷൽബ്രാഞ്ചും ഇൻറലിജൻസും
സംസ്ഥാന സർക്കാറിെൻറയും പൊലീസിെൻറയും നട്ടെല്ലാണ് സ്പെഷൽബ്രാഞ്ചും ഇൻറലിജൻസും. ഒരുകാലത്ത് ഇവർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുൻകരുതൽ നടപടികൾ പൊലീസ് സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്ന് പൊലീസുകാർക്ക് പണിയെടുക്കാതെ കുടുംബകാര്യങ്ങൾ മാത്രം നോക്കി ജീവിക്കാനുള്ള ലാവണങ്ങളാണ് സ്പെഷൽബ്രാഞ്ചും ഇൻറലിജൻസും. രാവിലെ ഭാര്യ ജോലിക്ക് പോകുമ്പോൾ മക്കളെ കുളിപ്പിച്ച് ഓൺലൈൻ ക്ലാസിലിരുത്താനും അവർക്ക് ഭക്ഷണം നൽകാനും ചന്തയിൽപോയി സാധനങ്ങൾ വാങ്ങലും മാത്രമായി സ്പെഷൽബ്രാഞ്ച്, ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെ പണി. ജോലി കഴിഞ്ഞ് ഭാര്യ വീട്ടിലെത്തുമ്പോൾ വൈകീട്ട് പൊലീസ് സ്റ്റേഷനിലെത്തി അന്ന് സ്റ്റേഷൻ പരിധിയിൽ നടന്ന കേസുകളും സംഭവങ്ങളും തലപ്പത്തേക്ക് എഴുതിവിടുന്നതോടെ സംസ്ഥാന ജില്ല സ്പെഷൽബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ജോലി കഴിയും. മുൻകാലങ്ങളിൽ അതത് പ്രദേശങ്ങളിലെ ക്രിമിനലുകളുടെ നീക്കങ്ങളും പരോളിലിറങ്ങുന്നവരുടെ ഇടപെടലുകളും പ്രദേശത്തെ രാഷ്ട്രീയപ്രവർത്തനങ്ങളും സ്പെഷൽബ്രാഞ്ചും ഇൻറലിജൻസും പരിശോധിച്ചിരുന്നെങ്കിൽ ഇന്ന് അത്തരം മെനക്കേടിനൊന്നും ബന്ധപ്പെട്ടവർ ഇറങ്ങുന്നില്ല. സ്പെഷൽബ്രാഞ്ചിലും ഇൻറലിജൻസിലും പണിയെടുക്കുന്നവരിൽ ഭൂരിഭാഗവും 45ന് വയസ്സിന് മുകളിലായതിനാൽ ശിഷ്ടകാലം ഇങ്ങനെയൊക്കെ തട്ടിയും മുട്ടിയും പോയാൽ മതിയെന്ന് ചിന്തിക്കുന്നവരാണ് ഏറെയും.
1500ൽ ഏറെ തടവുകാരാണ് കോവിഡിെൻറ പേരിൽ ലഭിച്ച ഇളവിൽ ജയിലിന് പുറത്തിറങ്ങിയത്. ഇവരെ നിരീക്ഷിക്കുന്നതിൽ പറ്റിയ പാളിച്ചയാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ തലസ്ഥാനത്തുണ്ടായ 23 ഗുണ്ടാ ആക്രമണങ്ങൾ. ഈ വർഷം മാത്രം എട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായത്.. രണ്ടുമാസത്തിനിടെ, രാഷ്ട്രീയസംഘർഷങ്ങളിൽ നാലുപേർ കൊല്ലപ്പെട്ടു. ക്രമസമാധാനപാലനത്തിലെ രാഷ്ട്രീയ ഇടപെടലും ക്രിമിനലുകളെ നിരീക്ഷിക്കുന്നതിൽ പൊലീസിനും സ്പെഷൽ ബ്രാഞ്ചിനും ഇൻറലിജൻസിനുമുണ്ടായ വീഴ്ചകളുമാണ് രാഷ്ട്രീയ അക്രമങ്ങൾ സംസ്ഥാനത്ത് വർധിക്കാനിടയാക്കിയത്.
ഗുണ്ടകളുമായി അടുത്തബന്ധം...
പൊലീസിലെ ചിലർക്ക് ഗുണ്ടകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആക്ഷേപം ശക്തമാണ്. അഞ്ച് ദിവസം മുമ്പ് ആരോപണമുയർന്ന ഒരു പൊലീസുകാരനെ പോത്തൻകോടുനിന്ന് മലയിൻകീഴിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവർട്ട് ക്വീലറിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു നടപടി. കഴിഞ്ഞ ദിവസം രാത്രി 11 നാണ് മംഗലപുരം പരിധിയിലെ പായ്ചിറയിൽ മുൻവൈരാഗ്യത്തിെൻറ പേരിൽ റോഡിൽ നിന്ന യുവാക്കളെ ഒരു സംഘം ആക്രമിക്കുകയും വീടുകൾ അടച്ചുതകർക്കുകയും ചെയ്തത്. വിവിധ സ്ഥലങ്ങളിൽ അക്രമികൾ അഴിഞ്ഞാടുമ്പോൾ പലയിടങ്ങളിലും പോലീസ് നോക്കുകുത്തികൾ ആകുന്നു. ഇത് മനസ്സിലാക്കി ഇവരെ ഒതുക്കാൻ സ്വാധീനത്തിന് വഴങ്ങാത്ത ഐ.പി.എസ് ഓഫിസറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു..
വർഷങ്ങൾക്കുമുമ്പ് ഗുണ്ടകൾക്കെതിര സ്ക്വാഡുകൾ നഗരത്തിൽ പ്രവർത്തിച്ചിരുന്നു. ശക്തമായ നിയമനടപടി പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പായാൽ സകല ക്വട്ടേഷൻ സംഘങ്ങളും പിൻവലിയുമെന്നതാണ് മുൻകാല അനുഭവം. അത്തരം നടപടികളാണ് പൊലീസിെൻറ തലപ്പത്തിരിക്കുന്നവരിൽനിന്ന് ഇനി ഉണ്ടാകേണ്ടത്.
കഴക്കൂട്ടവുമായി ബന്ധപ്പെട്ടാണ് നവീന തിരുവനന്തപുരം വളർന്നുവികസിക്കുന്നത്. സ്വാഭാവികമായും ഇവിടങ്ങളിൽ പണത്തിെൻറ ഒഴുക്കും കൂടുതലായിരിക്കും. ഗുണ്ടാപ്പിരിവിലൂടെയും മറ്റും ഇത് മുതലെടുക്കാനാണ് ക്വട്ടേഷൻ സംഘങ്ങൾ തമ്മിൽത്തല്ലി പേരെടുക്കാൻ ശ്രമിക്കുന്നത്. ഇവർക്ക് ഒത്താശയുമായി പ്രാദേശിക രാഷ്ട്രീയ നേതൃത്വവുമുണ്ട്. കഴക്കൂട്ടം, തുമ്പ, കഠിനംകുളം, മംഗലപുരം, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കഴിഞ്ഞ നാളുകൾക്കിടയിലുണ്ടായ ഗുണ്ടാ ആക്രമണങ്ങൾ പൊതുജനത്തിെൻറ ഉറക്കം കെടുത്തിയിരിക്കുകയാണ്. കഠിനംകുളം, മംഗലപുരം, പോത്തൻകോട് കേന്ദ്രീകരിച്ച് വൻ കഞ്ചാവ് വിൽപനയാണ് നടക്കുന്നത്. മുരുക്കുംപുഴയിലാണ് ട്രെയിൻ മാർഗം കഞ്ചാവ് എത്തുന്നത്. അവിടെനിന്ന് ചെറിയ പായ്ക്കറ്റുകളാക്കി വിവിധ പ്രദേശങ്ങളിൽ എത്തിക്കുകയാണ് ചെയ്യുക.
മൂന്നാഴ്ച മുമ്പാണ് കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പുത്തൻതോപ്പ് ആശുപത്രിക്ക് സമീപം ഉച്ചയ്ക്ക് രണ്ട് മണിക്ക് രണ്ടംഗ ഗുണ്ടാസംഘം ഗുണ്ടാപ്പിരിവ് നൽകാത്തതിന് കടകൾ അടിച്ചു തകർക്കുകയും കട ഉടമകളെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തത്. വാവറഅമ്പലത്ത് ബിരുദ വിദ്യാർഥിയെ കഞ്ചാവ് മാഫിയ തട്ടിക്കൊണ്ടുപോയി കഞ്ചാവ് വലിപ്പിക്കുകയും ക്രൂരമായി മർദിച്ചശേഷം പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്തതിെൻറ നടുക്കം മാറുന്നതിന് മുമ്പാണ് പോത്തൻകോട് കല്ലൂരിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പൊലീസിെൻറ നിഷ്ക്രയത്വത്തിനെതിരെ മന്ത്രി ജി.ആർ. അനിലിനുവരെ പരസ്യമായി പ്രതികരിക്കേണ്ടിവന്നു.
ലഹരിയിൽ മയങ്ങുന്ന യുവത്വം
ആക്രമണ പരമ്പരകളില്‍ പിടിയിലാകുന്നവരില്‍ അധികവും മയക്കുമരുന്നിെൻറ അടിമകളാണ്. ഇടപാടുകാരെക്കുറിച്ച് പൊലീസിന് കൃത്യമായി വിവരങ്ങള്‍ ലഭ്യമാണെങ്കിലും ഇത്തരം സംഘങ്ങള്‍ക്ക് ലഹരി ഉല്പന്നങ്ങള് നല്കുന്ന സംഘങ്ങളെ പിടികൂടാനോ കണ്ടെത്താനോ പൊലീസ് മെനക്കെടാറില്ല. സേനയില്‍ പ്രവര്‍ത്തിക്കുന്നവര്‍തന്നെ ഇത്തരം സംഘങ്ങളെ രഹസ്യമായി സഹായിക്കുന്നുമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. മയക്കുമരുന്ന് വില്പനക്ക് ഗുണ്ടാ സംഘങ്ങളുടെ സഹായം ആവശ്യമായതിനാല്‍ ഇത്തരം ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുന്നതും മയക്കുമരുന്ന് മാഫിയകളാണ്.
കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ജില്ലയില്‍ മാത്രം പിടികൂടിയത് കോടിക്കണക്കിന് രൂപയുടെ ലഹരി ഉൽപന്നങ്ങളാണ്. വിലകുറഞ്ഞ കഞ്ചാവ് മുതല്‍ മുന്തിയ ഇനമായ ഹാഷീഷും ഹെറേയിനും വരെ ഇതില്‍ ഉൾപ്പെടുന്നു. പൊലീസ് പിടികൂടുന്നതിെൻറ ഇരട്ടിയിലധികം ലഹരി ഉൽപന്നങ്ങള് ബസ് മാർഗവും ട്രെയിൻ മാര്‍ഗവും തലസ്ഥാനത്ത് പ്രതിദിനം എത്തുന്നുണ്ട്. ആന്ധ്രാപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുമാണ് ലഹരി തലസ്ഥാനത്ത് എത്തുന്നത്. വന്‍കിട ലഹരി മാഫിയിലെ ചെറികണ്ണികളായി തുടക്കത്തില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളാണ് പിന്നീട് അക്രമസംഭവങ്ങളിലേക്ക് തിരിയുന്നതും കൊലപാതകം ഉൾപ്പെടെയുള്ള കേസുകളില്‍ പ്രതികളാകുന്നതും. രണ്ടുമാസം മുമ്പ് കരമനയിലെ ലോഡ്ജിൽനിന്ന് മയക്കുമരുന്ന് സംഘത്തെ പിടികൂടാനെത്തിയ പൊലീസിന് നേരെ പടക്കമെറിഞ്ഞ് യുവാക്കൾ രക്ഷപ്പെട്ടിരുന്നു. ഇവരിൽനിന്ന് നാടൻ തോക്ക് അടക്കമുള്ള ആയുധങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. പൊലീസിെൻറ പിടിയിൽനിന്ന് രക്ഷപ്പെട്ടവർ ദിവസങ്ങൾക്ക് ശേഷം കരിക്കകത്ത് സംഘമായി എത്തി ബി.ജെ.പി നേതാവിെൻറ വീട് അടിച്ചുതകർക്കുകയും ചെയ്തിരുന്നു. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ ആരെയും കൂസാതെയാണ് യുവതലമുറയുടെ വളർച്ച.
തിരുവല്ലം ഇരുമ്പ് പാലം, ബീമാപള്ളിക്ക് പിറകുവശം, മുട്ടത്തറ, പെരുനെല്ലി, വടുവം, വലിയതുറ പാലത്തിന് സമീപം കൊച്ചുവേളി വ്യാവസായിക മേഖല, കമലേശ്വരം തുടങ്ങിയ സ്ഥലങ്ങളാണ് മയക്കുമരുന്ന് മാഫിയകളുടെ പ്രധാനതാവളം. ഇതരസസ്ഥാനത്തുനിന്ന് തലസ്ഥാനത്ത് എത്തുന്ന ലഹരിവസ്തുകള്‍ നേരേ പോകുന്നത് നഗരത്തിെൻറ തീരദേശത്താണ്. ഇവിടെനിന്നാണ് പിന്നീട് ഗുണ്ടാ സംഘങ്ങളുടെ പിന്തുണയോടെ വില്പന കേന്ദ്രങ്ങളിലേക്ക് എത്തുക. ഇത്തരം സംഘങ്ങളെ രഹസ്യമായി സഹായിക്കുന്ന പൊലീസുകാരുടെ എണ്ണവും വിവിധ സ്റ്റേഷനുകളില്‍ കൂടിക്കൂടി വരുന്ന അവസ്ഥയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നുമായി പിടികൂടിയ കഞ്ചാവ്, മയക്കുമരുന്ന് കേസിലെ പ്രതികള്‍ അധികം തീരദേശത്ത് നിന്നുള്ളവരാണ്. സംഘങ്ങളില്‍ സ്ത്രീകള്‍വരെ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.