തിരുവനന്തപുരം: നഗരങ്ങളിലെ വെള്ളക്കെട്ടിന് നേരിയ ശമനം
text_fieldsമെഡിക്കല്‍ കോളജ്: മഴയില്‍ വെള്ളം കയറിയ നഗരത്തിലെ താണപ്രദേശങ്ങളിലെ വെള്ളക്കെട്ടിന് നേരിയ ശമനം. ആമയിഴഞ്ചാന്‍ തോടിലെ നീരൊഴുക്ക് കുറഞ്ഞതോടെ തേക്കുംമൂട് ബണ്ട് കോളനിയിലെ വെള്ളംകയറിയ 150 ഓളം വീടുകളിലെ വെള്ളക്കെട്ടിന് നേരിയ ശമനമുണ്ടായി. കുമാരപുരം, കണ്ണമ്മൂല, ഗൗരീശപട്ടം, വഞ്ചിയൂര്‍ ഭാഗങ്ങളിലെ വെള്ളക്കെട്ടിനും നേരിയ ആശ്വാസം.
എന്നാല്‍, കണ്ണമ്മൂലയിലെ പല ഭാഗങ്ങളിലെയും വെള്ളക്കെട്ട് തുടരുന്നുണ്ട്.വേളി, വെട്ടുകാട്, ഓള്‍സെയിന്റ്‌സ് ഭാഗങ്ങളില്‍ വീടുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ കനത്ത വെള്ളക്കെട്ടുണ്ടായതിനെതുടര്‍ന്ന് ഞായറാഴ്ച രാത്രി വേളിയിലെ പൊഴി മുറിക്കുകയുണ്ടായി. ഇതോടുകൂടി ഈ ഭാഗങ്ങളിലെ വെള്ളം ഇറങ്ങിത്തുടങ്ങി.
കരിക്കകത്ത് റെയില്‍വേ ലെയിനിന്റെ അടിഭാഗത്തുള്ള കലുങ്ക് അടഞ്ഞതിനെതുടര്‍ന്ന് പരിസരത്തുണ്ടായ വെള്ളക്കെട്ട് ചാക്ക ഫയര്‍ സ്റ്റേഷനില്‍നിന്ന് ഇന്നലെ രാവിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫിസര്‍ സജീന്ദ്രന്റെ നേതൃത്വത്തിൽ തുറന്നുവിട്ടു.പുലയനാര്‍കോട്ട ശ്രീകൃഷ്ണ നഗറില്‍ ആര്യാ സദനത്തില്‍ വിമലയുടെ ഉടമസ്ഥതയിലുള്ള വീടിനുമേൽ സമീപവാസിയുടെ മരം കടപുഴകി വീണു. ഇന്നലെ ഉച്ചക്കായിരുന്നു മരം കടപുഴകി വീണത്.
വിവരമറിഞ്ഞ് ചാക്ക ഫയര്‍ സ്റ്റേഷനില്‍നിന്ന് ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫിസര്‍ സജീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് മരം മുറിച്ചുമാറ്റിയത്. വീടിന് ചെറിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചു.
ഓള്‍സെയിന്റ്‌സ് ജങ്ഷനില്‍ മുസ്‌ലിം പള്ളിക്ക് സമീപത്തുള്ള 30 ഓളം വീടുകളിലെ വെള്ളക്കെട്ട് മാറ്റാന്‍ ഫയര്‍ഫോഴ്‌സ് സംഘം ഇന്നലെ എത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ഓടയിലെ അടവ് മാറ്റുന്ന ജോലികള്‍ നടപ്പാക്കാന്‍ വാര്‍ഡ് കൗണ്‍സിലറെ ചുമതലപ്പെടുത്തുകയായിരുന്നു.പട്ടം, കോസ്‌മോ, ഉള്ളൂര്‍, മരുതംകുഴി, പൊട്ടക്കുഴി, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, മുന്നാംമൂട് ഭാഗങ്ങളിലെ വെള്ളക്കെട്ടുകള്‍ക്കും ശമനമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.