തിരുവനന്തപുരത്തെ രോഗനിർണയ സാങ്കേതികവിദ്യ കേന്ദ്രമാക്കും -രാജീവ് ചന്ദ്രശേഖർ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്തെ അത്യാധുനിക രോഗനിർണയ സാങ്കേതികവിദ്യയുടെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം ഉണ്ടാകുമെന്ന് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരത്തെ ഡോക്ടർന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ‘എ പ്രിസ്ക്രിപ്ഷൻ ഫോർ ഹെൽത്ത്’ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമകാലിക ആരോഗ്യ വെല്ലുവിളികളെ വേണ്ടത്ര അഭിമുഖീകരിക്കുന്നതിൽ നമ്മൾ പരാജയമാണ്. മൂന്ന് പതിറ്റാണ്ട് മുമ്പുള്ള രോഗങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ നമ്മുടെ ആശുപത്രികളിലെ സൗകര്യങ്ങൾ. എന്നാൽ കോവിഡ് മഹാമാരിക്ക് ശേഷം പുതിയ ആരോഗ്യപ്രതിസന്ധികളാണ് സമൂഹം നേരിടുന്നത്. യുവജനങ്ങളിൽ വളരെ നേരത്തെ തന്നെ സംഭവിക്കുന്ന ഹൃദയാഘാതങ്ങൾ, ഡയബറ്റിക്, ജീവിതശൈലി രോഗങ്ങൾ തുടങ്ങി അനവധി പ്രശ്നങ്ങൾക്ക് അത്യാധുനിക ചികിത്സ സൗകര്യങ്ങൾ നമുക്ക് വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതിവേഗം വളരുന്ന മേഖലയെന്ന നിലയിൽ ഹെൽത്ത് ടൂറിസത്തിന്റെ തിരുവനന്തപുരത്തിന്റെ സാധ്യതകൾ മനസ്സിലാക്കി പുതിയ ദിശാബോധം നൽകി ഇവിടം മികച്ചതാക്കാനുള്ള എല്ലാ പരിശ്രമവും തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് വിജയകരമായി നടപ്പാക്കുന്നത് ഇന്ത്യ ഗവൺമെന്റിന്റെയും കേരള സർക്കാറിന്റെയും സഹകരണത്തോടെയുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന തലത്തിൽ ഫണ്ടിന്റെ അപര്യാപ്തത ഉണ്ട്.
കേരളത്തിലെ ഹെൽത്ത് ടൂറിസത്തെക്കുറിച്ചും എയിംസ് സ്ഥാപിക്കുന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഈ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു സമഗ്ര വിഷൻ പ്ലാൻ ഉണ്ടാക്കുമെന്നും പല മേഖലയിൽ വിദഗ്ദ്ധന്മാരുമായി ചേർന്ന് അവരുടെ ഉൾക്കാഴ്ചകൾ ഉൾപ്പെടുത്തി അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതി രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ ടി.പി. ശ്രീനിവാസൻ, ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷ്, ഡോ. എം.കെ.സി. നായർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.