കോർപറേഷന്റെ ഇലക്ട്രിക് ബസുകൾ ഇനി നഗരത്തിന് പുറത്തേക്കില്ല
text_fieldsതിരുവനന്തപുരം: കോർപറേഷന്റെ ഇലക്ട്രിക് ബസുകൾ ഇനി നഗരത്തിന് പുറത്തേക്ക് ഓടിക്കില്ല. കഴിഞ്ഞ ദിവസം ചേർന്ന അഡ്വൈസറി ബോർഡ് യോഗത്തിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ കോർപറേഷന് ഉറപ്പ് നൽകിയത്. നഗരത്തിൽ ഓടിക്കാനായി സ്മാർട്ട് സിറ്റി പദ്ധതിയിലൂടെ കോർപറേഷൻ വാങ്ങി നൽകിയത് 113 ഇലക്ട്രിക് ബസുകളാണ്. കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക്ക് ബസുകളിൽ ചിലത് പണിമുടക്കിയ സാഹചര്യത്തിലാണ് നഗരസഭ നൽകിയ ബസുകൾ ജില്ല വിട്ട് ഓടിച്ചതെന്നാണ് മേയർ ആര്യ രാജേന്ദ്രന് കെ.എസ്.ആർ.ടി.സി നൽകിയ വിശദീകരണം. നഗരസഭാ തലത്തിൽ ബസുകളുടെ ജി.പി.എസ് പരിശോധിച്ചതിൽ 20 ബസുകളിലധികം കൊല്ലം വരെ സർവിസ് നടത്തുന്നതായി മുമ്പ് കണ്ടെത്തിയത് വിവാദമായിരുന്നു. ഇനി ഇത്തരത്തിൽ പ്രതിസന്ധിയുണ്ടെങ്കിൽ തുടർ പ്രവർത്തനങ്ങൾക്കായി നഗരസഭയുടെ അനുവാദം വാങ്ങുമെന്നും അധികൃതർ മേയറെ അറിയിച്ചു.
നിലവിൽ 80 ബസുകളുടെ ജി.പി.എസ് അക്സസ് മാത്രമേ നഗരസഭക്കുള്ളൂ. ബാക്കിയുള്ള 33 ബസുകളിലെ ജി.പി.എസ് നഗരസഭ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ കേന്ദ്രം വഴി ബന്ധിപ്പിക്കാനും യോഗത്തിൽ ധാരണയായി.
ബസുകൾ കൈമാറിയപ്പോൾ നഗരസഭയും സ്മാർട്ട് സിറ്റിയും കെ.എസ്.ആർ.ടി.സിയുമായി പ്രത്യേക ത്രികക്ഷി കരാറിലേർപ്പെട്ടിരുന്നു. എന്നാൽ കരാറൊന്നും കെ.എസ്.ആർ.ടി.സി പാലിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ ആരോപണം. മന്ത്രിതലത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റൂട്ട് മാറ്റി ഓടിക്കുന്നതെന്തതായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.