സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെടുന്നവർ രേഖകൾ കരുതണം
text_fieldsതിരുവനന്തപുരം: കോവിഡ് ചികിത്സയുടെ ഭാഗമായി പി.എച്ച്.സികൾ, സി.എച്ച്.സികൾ, മറ്റ് സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽനിന്ന് സ്വകാര്യ ആശുപത്രികളിലെ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലേക്ക് (സി.എസ്.എൽ.ടി.സി) റഫർ ചെയ്യപ്പെടുന്നവർ ചികിത്സാ ആനുകൂല്യം ലഭിക്കുന്നതിന് അക്കാര്യം ആശുപത്രി അധികൃതരെ മുൻകൂട്ടി ധരിപ്പിക്കണമെന്നും റഫർ ചെയ്തതിെൻറ രേഖകൾ സൂക്ഷിക്കണമെന്നും ജില്ല കലക്ടർ ഡോ. നവ്ജ്യോത് ഖോസ.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിലുള്ള ആശുപത്രികളിലാകും ആനുകൂല്യം ലഭിക്കുക. സർക്കാർ ആശുപത്രിയിൽനിന്ന് റഫർ ചെയ്തതാണെന്ന വിവരം അറിയിക്കാത്തതിനെതുടർന്ന് ആനുകൂല്യങ്ങൾ നഷ്ടമാകുന്നെന്ന പരാതികളെതുടർന്നാണ് നിർദേശം. റഫർ ചെയ്യുന്നവർക്ക് ചികിത്സ സൗജന്യമായിരിക്കും. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി രോഗിയുടെ ചികിത്സാ ചെലവ് സർക്കാർ അതത് ആശുപത്രികൾക്ക് നൽകും.
കാസ്പ് ഗുണഭോക്താക്കളായ ആയുഷ്മാൻ ഭാരത് കാർഡ് ഉള്ളവർക്ക് ഈ ആശുപത്രികളിൽ നേരിട്ടെത്തി കോവിഡ് ചികിത്സ തേടാം. കാസ്പ് പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളുടെ വിവരങ്ങൾ sha.kerala.gov.in ൽ ലഭ്യമാണ്.
ജില്ലയിൽ നിലവിൽ 19 ആശുപത്രികൾ കാസ്പ് പദ്ധതിക്ക് കീഴിലുണ്ട്. കൂടുതൽ ആശുപത്രികളെ പദ്ധതിക്കുകീഴിൽ കൊണ്ടുവരാൻ നടപടി പുരോഗമിക്കുകയാണ്.
ആറ് സ്വകാര്യ ആശുപത്രികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സക്ക് മാറ്റിവെക്കണമെന്ന ജില്ല ഭരണകൂടത്തിെൻറ നിര്‍ദേശം പാലിക്കാത്ത ആറ് സ്വകാര്യ ആശുപത്രികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. 24 മണിക്കൂറിനകം ആശുപത്രികള്‍ മതിയായ കാരണം കാണിച്ചില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരവും പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവും നടപടി സ്വീകരിക്കുമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കോവിഡ് വ്യാപന സാഹചര്യത്തില്‍ ജില്ലയില്‍ ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സക്ക് മാറ്റിവെക്കണമെന്ന് കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നിര്‍ദേശം നല്‍കിയത്. ചില ആശുപത്രികള്‍ ഇത് പാലിക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
ചികിത്സക്ക് കൂടുതല്‍ സൗകര്യങ്ങള്‍
തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വെള്ളറട രുഗ്മിണി മെമ്മോറിയല്‍ ആശുപത്രിയെ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററാക്കിയതായി (സി.എസ്.എല്‍.ടി.സി) ജില്ല കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ഇവിടെയുള്ള 300 കിടക്കകളില്‍ 225 എണ്ണം സി.എസ്.എല്‍.ടി.സിക്കായും 50 എണ്ണം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ എംപാനല്‍ ചെയ്ത രോഗികള്‍ക്കായും മാറ്റിവെക്കും. 25 കിടക്കകള്‍ ആശുപത്രിയില്‍ നേരിട്ടെത്തുന്ന കോവിഡ് രോഗികള്‍ക്ക് നല്‍കും.
കോവിഡ് രോഗികളുടെ ബ്ലോക്ക് ഒഴിച്ച് മറ്റുള്ള സ്ഥലങ്ങളില്‍ നോണ്‍ കോവിഡ് ഒ.പി പ്രവര്‍ത്തിപ്പിക്കും. ആവശ്യമെങ്കില്‍ 300 കിടക്കകളും സി.എസ്.എല്‍.ടി.സിക്കായി ഏറ്റെടുക്കും. തിരുവനന്തപുരം, ചിറയിന്‍കീഴ് താലൂക്കുകളില്‍ രണ്ടുവീതം ഡി.സി.സികള്‍ (ഡൊമിസിലറി കെയര്‍ സെൻറര്‍)ഏറ്റെടുത്തിട്ടുണ്ട്. ഇവിടങ്ങളില്‍ 250 കിടക്കകള്‍ ഉണ്ടാകും. തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ജീവനക്കാരെ ഉടന്‍ നിയോഗിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.