തുമ്പയില്‍ പോയാൽ സ്പേസ് മ്യൂസിയം കാണാം; ബഹിരാകാശ നേട്ടങ്ങൾ അനുഭവിച്ചറിയാം
text_fieldsശംഖുംമുഖം: വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ സ്പേസ് മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നവീകരിച്ച സ്പേസ് മ്യൂസിയത്തിന്റെ ഉദ്ഘാടനം ഐ.എസ്.ആര്.ഒ ചെയര്മാന് എസ്. സോമനാഥ് നിര്‍വഹിച്ചു. തുമ്പയില്‍ ബഹിരാകാശ ഗവേഷണത്തിനും വിക്ഷേപണത്തിനുമായി വര്‍ഷങ്ങള്‍ക്കുമുമ്പ് നാട്ടുകാര്‍ വിട്ടുനല്‍കിയ സ്ഥലത്ത് അന്നുണ്ടായിരുന്ന സെന്റ് മേരി മഗ്ദലന്പള്ളി നിലനിര്‍ത്തി ഇതിലാണ് സ്പേസ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. ശാസ്ത്രവിദ്യാർഥികള്‍ക്ക് ഒട്ടേറെ ഗുണകരമായ വിദശീകരണങ്ങള്‍ ഉൾപ്പെടെ മ്യൂസിയത്തിലൂണ്ട്.
1962 ലാണ് തുമ്പ എന്ന മത്സ്യഗ്രാമത്തില്‍ തുമ്പ ഇക്വട്ടോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് (ടെര്ല്സ്) സ്ഥാപിക്കാന്‍ ഇന്ത്യന്‍ നാഷനല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ച് (ഇന്‍കോസ്പാര്‍) തീരുമാനിച്ചത്. ഭൂമിയുടെ കാന്തികരേഖയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നെന്ന കാരണത്താല്‍ ഈ പ്രദേശം അനുയോജ്യമാണെന്ന് അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ഡോ. ചിറ്റ്നിസ് കണ്ടെത്തിയിരുന്നു. സ്ഥലം ഏറ്റെടുക്കണമെങ്കില്‍ കുടിയൊഴിപ്പിക്കല്‍ ഉള്‍പ്പെടെ ഒട്ടേറെ കടമ്പകളുണ്ടായിരുന്നു.
എന്നാല്‍, രാജ്യത്തിന്റെ ശാസ്ത്രവളര്‍ച്ചയും നാടിന്റെ വികസനവും സ്വപ്നം കണ്ട് ഒരു ഉപാധിമാത്രം മുന്നിൽവെച്ച് മത്സ്യഗ്രാമം പൂര്‍ണ മനസ്സോടെ സ്ഥലം വിട്ടുനല്‍കി. സ്ഥലത്ത് അന്നുണ്ടായിരുന്ന സെന്റ് മേരി മഗ്ദലന്‍ പള്ളിയുടെ അൾത്താര പൊളിക്കരുതെന്ന നിര്‍ദേശമായിരുന്നു അത്. സ്ഥലം ഏറ്റെടുത്ത അധികൃതര്‍ അത് അംഗീകരിക്കുകയും ചെയ്തു. പള്ളി അങ്ങനെതന്നെ നിലനിര്‍ത്തി.
ഏറെക്കാലം തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്റെ ഓഫിസായിരുന്ന പള്ളി പിന്നീട് സ്പേസ് മ്യൂസിയമാക്കി മാറ്റിയെങ്കിലും പരിമിതികളേറെയുണ്ടായിരുന്നു. ഇത് വര്‍ഷങ്ങള്‍ക്കുശേഷം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം. ഇന്ത്യന്‍ റോക്കറ്റ് സയന്‍സിനും ബഹിരാകാശ ഗവേഷണത്തിനും അടിത്തറ പാകിയ തുമ്പയിലെ വിക്ഷേപണ കേന്ദ്രത്തിന്റെ സ്ഥാപകന്‍ വിക്രം സാരാഭായി, പില്ക്കാലത്ത് ഇന്ത്യന്‍ മിസൈലുകളുടെ പിതാവ് എന്നറിയപ്പെട്ട മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, റഡാര്‍ നിര്‍മാണരംഗത്ത് അതുല്യ സംഭാവനകള്‍ നല്കിയ ആര്. അറവമുദൻ ഉള്‍പ്പെടെയുള്ളവരുടെ കരുത്തിൽ ബഹിരാകാശ ഗവേഷണരംഗത്ത് ഭാരതം സ്വയംപര്യാപ്തത നേടിയെടുത്ത നേര്‍ക്കാഴ്ച്ചകള്‍ മ്യൂസിയത്തില്‍നിന്ന് നേരിട്ട് അറിയാം.
മ്യൂസിയം സന്ദര്‍ശനത്തിന് പി.ആര്.ഒ വി.എസ്.എസ്.എസിയുമായി 0471-2564292 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.