സമയക്രമം പാലിക്കാതെ നാഗർകോവിൽ എക്സ്പ്രസ്; ദുരിതമൊഴിയാതെ യാത്രക്കാർ
text_fieldsതിരുവനന്തപുരം: രാവിലെയുള്ള പുനലൂർ-നാഗർകോവിൽ എക്സ്പ്രസ് സമയക്രമം പാലിക്കാത്തത് സ്ഥിരം യാത്രക്കാർക്ക് ദുരിതമായി. മറ്റ് ട്രെയിനുകൾ കടത്തിവിടാൻ നാഗർകോവിൽ എക്സ്പ്രസ് വിവിധയിടങ്ങളിൽ നിർത്തിയിടുന്നത് പതിവാണ്. യാത്രക്കാർ പലവട്ടം പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.
വ്യാഴാഴ്ച രാവിലെ പുനലൂരിൽ നിന്ന് കൊല്ലം വഴി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിൻ കഴക്കൂട്ടത്ത് എത്തിയത് രാവിലെ ഒമ്പത് കഴിഞ്ഞാണ്. ഇതിനുമുമ്പ് കൊല്ലത്തുനിന്നും പുറപ്പെട്ട കന്യാകുമാരി എക്സ്പ്രസ് ഈ സമയം കഴക്കൂട്ടത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. 9.40 കഴിഞ്ഞാണ് കന്യാകുമാരി എക്സ്പ്രസ് യാത്ര പുനരാരംഭിച്ചത്. പിന്നാലെ വന്ന ബംഗളൂരു- കൊച്ചുവേളി, ഇൻറർസിറ്റി, വഞ്ചിനാട് എക്സ്പ്രസുകളും തുടർന്ന് കടത്തിവിട്ടു. പാസഞ്ചറിലുണ്ടായിരുന്ന യാത്രക്കാരിൽ വലിയൊരു വിഭാഗം പാളംമുറിച്ചുകടന്ന് ഈ ട്രെയിനുകളിൽ കയറിപ്പറ്റുകയായിരുന്നു. അപകടകരമായ സാഹചര്യത്തിൽ ട്രെയിനുകൾ മാറിക്കയറാൻ യാത്രക്കാർ നിർബന്ധിതമാകുകയാണുണ്ടായത്. കൃത്യസമയത്ത് സ്ഥാപനങ്ങളിലും ഓഫിസുകളിലുമെത്താൻ മറ്റ് വഴിയില്ലാത്തതിനാലാണ് യാത്രക്കാർ പിടിച്ചിടുന്ന ട്രെയിനുകളിൽ നിന്നിറങ്ങി പിന്നാലെ വരുന്ന ട്രെയിനുകളിലേക്ക് കയറുന്നത്. കഴിഞ്ഞ ദിവസം ട്രെയിൻ വിട്ടശേഷം ഇത്തരത്തിൽ ഓടിക്കയറിയ ഒരാൾക്ക് പരിക്ക് പറ്റിയിരുന്നു.
വ്യാഴാഴ്ച ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട നാഗർകോവിൽ എക്സ്പ്രസ് വളരെ വൈകി 10.15ന് ശേഷമാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. തുടർന്ന്, കൊച്ചുവേളിയിലും പിടിച്ചിട്ടശേഷമാണ് 10.55ന് തമ്പാനൂരിലെത്തിയത്.അടുത്തിടെയായി രാവിലെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ പിടിച്ചിടുന്നത് പതിവാണെന്ന പരാതി വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.