ജീവനെടുത്ത് ടിപ്പറുകൾ
text_fieldsതിരുവനന്തപുരം: അധികാരികളെയും പൊലീസിനെയും കാഴ്ചക്കാരാക്കി തലസ്ഥാനത്തെ റോഡുകളിലൂടെ ടിപ്പറുകൾ തലങ്ങും വിലങ്ങും പായുമ്പോൾ ജില്ലയിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം വർധിക്കുന്നു.
ജീവൻ പൊലിയുമ്പോൾ മന്ത്രിമാർ വീടുകളിലെത്തി കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും തൊട്ടുപിറകെ ജില്ല പൊലീസ് മേധാവി ടിപ്പറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള പത്രക്കുറിപ്പ് പുറത്തിറക്കുന്നതുമല്ലാതെ മണ്ണും കരിങ്കലുമായി പായുന്ന സ്വകാര്യ കമ്പനികളുടേതടക്കമുള്ള കൊലകൊല്ലി ടിപ്പറുകളെ നിലക്ക്നിറുത്താൻ ആർക്കും സാധിക്കുന്നില്ല.
സ്കൂൾ സമയങ്ങളിൽപോലും ടിപ്പറുകളുടെ മത്സരയോട്ടം പതിവാണ്. ശ്രീകാര്യം- കഴക്കൂട്ടം, ആക്കുളം-മെഡിക്കൽ കോളജ്, പേട്ട- ചാക്ക, മണക്കാട്- തമ്പാനൂർ, പൂജപ്പുര- ജഗതി, പേരൂർക്കട- വട്ടിയൂർക്കാവ്, കേശവദാസപുരം- മണ്ണന്തല, തിരുവല്ലം-വാഴമുട്ടം എന്നീ റോഡുകളിലെല്ലാം ഇതാണു സ്ഥിതി. തിരുവല്ലത്ത് വിഴിഞ്ഞത്തേക്ക് കരിങ്കല്ലു കയറ്റി വരുന്ന ടിപ്പറുകളാണ് പലപ്പോഴും ഭീഷണി ഉയർത്തുന്നത്.
കഴിഞ്ഞ മാർച്ചിൽ മാത്രം ടിപ്പറുകളുടെ മരണയോട്ടത്തിൽ രണ്ട് ജീവനുകളാണ് തലസ്ഥാനത്ത് പൊലിഞ്ഞത്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള കല്ലുകളുമായി പോവുകയായിരുന്ന ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് സ്കൂട്ടര്‍ യാത്രക്കാരനായ അനന്തു (24) മരിച്ചിരുന്നു. തൊട്ടടുത്ത ദിവസം പനവിള ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ കടന്ന് അമിതവേഗത്തിലെത്തിയ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ അധ്യാപകൻ സുധീർ മരിച്ചു.
പനവിളയിൽ നിന്ന് തമ്പാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സുധീർ സഞ്ചരിച്ച സ്കൂട്ടറിൽ അതേ ദിശയിലെത്തിയ ടിപ്പർ ലോറിയുടെ മുൻവശം തട്ടുകയായിരുന്നു. നിയന്ത്രണംവിട്ട സ്കൂട്ടർ ടിപ്പറിനും സമീപത്തുകൂടി പോവുകയായിരുന്ന ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിപ്പോയി.
റോഡിലേക്ക് വീണ സുധീറിന്റെ ശരീരത്തിലൂടെ ടിപ്പറിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. ഇന്നലെ വെട്ടുറോഡിൽ പെരുമാതുറ സ്വദേശി റുക്സാനക്ക് സംഭവിച്ചതും ഇതിന്റെ മറ്റൊരു ചിത്രമായിരുന്നു.
അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് തിരക്കേറിയ രാവിലെയും വൈകിട്ടും ടിപ്പറുകൾക്ക് ഗതാഗത നിയന്ത്രണം കൊണ്ടുവന്നത്. ഇതു പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധന എവിടെയും നടക്കുന്നില്ല. ടിപ്പറുകൾക്ക് നിലവിലുള്ള നിയന്ത്രണം അപര്യാപ്തമാണെന്നാണ് നിരത്തിലെ അപകടക്കണക്കുകൾ കാണിക്കുന്നത്.
മരിച്ചവരും രക്ഷപ്പെട്ടവരും
2024 മാർച്ച് 20
പനവിള ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ കടന്ന് അമിതവേഗത്തിലെത്തിയ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ അധ്യാപകൻ സുധീർ (49) മരണപ്പെട്ടു.
2024 മാർച്ച് 19
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ടോറസ് ലോറിയിൽ നിന്ന് പാറക്കല്ല് തെറിച്ചു തലയിൽ വീണ് ബി.ഡി.എസ് വിദ്യാർഥി അനന്തു ബി. അജികുമാർ (24 ) മരണപ്പെട്ടു
2024 ജനുവരി 24
പേയാട് കാട്ടുവിള - ചെറുകോട് റോഡിൽ ടിപ്പറുമായി കൂട്ടിയിടിച്ച് വിളപ്പിൽശാല പറയാട് എള്ളുവിള വീട്ടിൽ എം. അനൂപ് (22) മരിച്ചു
2023 സെപ്റ്റംബർ 10
പുലർച്ചെ തിരുവല്ലം-പാച്ചല്ലൂർ റോഡിൽ കുളത്തിൻകര ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ ഓടിക്കൊണ്ടിരുന്ന ടിപ്പറിനു പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ അർജുൻ (ശംഭു 21), ശ്രീദേവ് (21) എന്നിവർ മരിച്ചു.
2023 ഡിസംബർ 10
വിഴിഞ്ഞം ജങ്ഷനിൽ വെങ്ങാനൂർ സ്വദേശി സന്ധ്യാറാണിയുടെ കാലുകളിൽ കൂടി അമിത വേഗതയിലെത്തിയ ടിപ്പർ കയറിയിറങ്ങി, വലതുകാൽ പിന്നീട് മുറിച്ചുമാറ്റി.
2023 മാർച്ച് 15
മലയിൻകീഴ് തച്ചോട്ടുകാവ് - അന്തിയൂർക്കോണം റോഡിൽ മൂങ്ങോട് ജംഗ്ഷനു സമീപം അമിത ലോഡുമായി പോകുകയായിരുന്ന ടിപ്പറിൽ നിന്നു കരിങ്കല്ല് തെറിച്ച് റോഡരികിലെ വീട്ടുമുറ്റത്ത് പതിച്ചു. കുട്ടികൾ നിന്നതിനടുത്താണ് കല്ല് വീണത്. ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം
പോത്തൻകോട്: ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞം പദ്ധതിപ്രദേശത്തേക്ക് പാറ കൊണ്ടുപോയി മടങ്ങിയ ലോറിക്കാണ് തീപിടിച്ചത്. തിരികെ പാറ എടുക്കാനായി പോത്തൻകോട് ജഗ്ഷനിൽ എത്തുന്നതിന് 200 മീറ്റർ മുമ്പാണ് ടിപ്പറിന് തീപിടിച്ചത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. വാഹനത്തിന്റെ എഞ്ചിനാണ് തീപിടിച്ചത്.
പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അരുണ്‍, വാഹനം റോഡ് സൈഡിൽ നിർത്തി പുറത്തിറങ്ങി. ഉടനെ ഫയർ എക്സിറ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് കഴക്കൂട്ടം ഫയർ സ്റ്റേഷനിലെ രണ്ട് ഫയർ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ടിപ്പറിന്റെ ഡീസൽ ടാങ്കിലേക്ക് തീപടരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ടിപ്പറിന്റെ മുൻഭാഗം പൂർണമായും കത്തി. അപകടത്തെതുടർന്ന് പോത്തൻകോട് രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.