ടൈറ്റാനിയം ജോലി തട്ടിപ്പ്: ശ്യാംലാൽ അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ; അനിലിെൻറ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളി
text_fieldsതിരുവനന്തപുരം: ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യസൂത്രധാരൻ ശ്യാംലാലിനെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റൊരു പ്രതിയായ കോഫി ഹൗസ് ജീവനക്കാരൻ അനിൽകുമാറിെൻറ രണ്ട് മുൻകൂർ ജാമ്യാപേക്ഷകളും കോടതി തള്ളി. ശ്യാംലാലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യമാണ് പൂജപ്പുര പൊലീസ് ഉന്നയിച്ചത്.
എന്നാൽ, തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി അഞ്ചു ദിവസം മതിയെന്ന് നിർദേശിച്ച് തിങ്കളാഴ്ച വരെയാണ് ഇയാളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
റിമാൻഡിലുള്ള ഇടനിലക്കാരി ദിവ്യ ജ്യോതിയെ കഴിഞ്ഞദിവസം മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡിയിലുള്ള ഇവരെ മ്യൂസിയം പൊലീസ് ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിധേയമാക്കി. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് മ്യൂസിയം പൊലീസ് ഇവരുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുമെന്നാണ് വിവരം.
ടൈറ്റാനിയം തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ ദിവ്യ ജ്യോതി, ശ്യാംലാൽ എന്നിവരെ കഴിഞ്ഞദിവസം കസ്റ്റഡിയിൽ വാങ്ങാനായിരുന്നു പൊലീസ് നീക്കം. എന്നാൽ, വെഞ്ഞാറമൂട് പൊലീസ് കേസ് ഡയറി ഹാജരാക്കാത്തതിനെ തുടർന്നാണ് ശ്യാംലാലിെൻറ പ്രൊഡക്ഷൻ വാറന്റ് വൈകിയത്. തട്ടിപ്പിെൻറ സൂത്രധാരൻ ശ്യാംലാലാണെന്നാണ് പൊലീസ് പറയുന്നത്.
ടൈറ്റാനിയം കമ്പനിയിലെ ലീഗൽ ഡി.ജി.എം കൂടിയായ പ്രതി ശശികുമാരൻ തമ്പിയും ശ്യാംലാലും ചേർന്ന് മറ്റു പ്രതികളുടെ സഹായത്തോടെ ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. അതിനിടെ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ ഇടനിലക്കാരിൽ ഒരാളായ എം.എല്‍.എ ഹോസ്റ്റലിലെ ഇന്ത്യന്‍ കോഫീഹൗസ് ജീവനക്കാരൻ അനില്‍കുമാറിന്റെ രണ്ട് മുന്‍കൂര്‍ ജാമ്യഹരജികളും കോടതി തളളി.
ഒന്നാം പ്രതി ദിവ്യ ജ്യോതി നടത്തിയ 27 തട്ടിപ്പു കേസുകളില്‍ ആറുപേരെ ദിവ്യ ജ്യോതിക്ക് പരിചയപ്പെടുത്തി നല്‍കിയത് അനില്‍ കുമാറാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഇയാള്‍ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെന്നും ബാങ്ക് രേഖകള്‍ അടക്കം പരിശോധനക്ക് വിധേയമാക്കേണ്ടതിനാല്‍ ഇയാള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു. പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണു മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.