തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കുന്നു
text_fieldsതിരുവനന്തപുരം: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിപുലമായ ശുചിത്വ-സൗന്ദര്യവത്കരണ പദ്ധതികളുമായി ശുചിത്വമിഷനും തദ്ദേശഭരണ വകുപ്പും. ജില്ല കലക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ ശുചിത്വ സമിതി യോഗം ചേർന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 36 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ യോഗം ചർച്ച ചെയ്തു.
കോവളം, വർക്കല ഉൾപ്പെടുന്ന ബീച്ചുകൾ, പാർക്കുകൾ, ഡാമുകൾ, മ്യൂസിയം, മൃഗശാല തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള ബിന്നുകൾ, പൊതു ശുചിമുറികൾ, ശരിയായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബോധവത്കരണ ബോർഡുകൾ ഉൾപ്പെടെയുള്ളവ അടിയന്തരമായി ഇവിടങ്ങളിൽ സ്ഥാപിക്കും.
നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കും.
അടിയന്തരം, ഹ്രസ്വകാലം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ബോർഡുകൾ സ്ഥാപിക്കുക, മാലിന്യക്കൂനകൾ നീക്കം ചെയ്യുക, പൊതുശുചിമുറികൾ കേടുപാടുകൾ തീർത്ത് ഉപയോഗയോഗ്യമാക്കുക, നിരോധിത ഉൽപന്നങ്ങളുടെ ഉപയോഗം കർശനമായി നിരോധിക്കുക എന്നിവയാണ് അടിയന്തര ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കലക്ടറേറ്റ് വിഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽ, ഷാജി ക്ലമന്റ്, ഫെയിസി. എ, അശോക് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.