വിടപറയുന്നത് സിനിമയിലെ സംഘാടന-നടന മികവ്
text_fieldsതിരുവനന്തപുരം: കവിയൂർ പൊന്നമ്മ യാത്രയായതിന്റെ വേദന മാറുംമുമ്പ് മലയാള സിനിമയിലെ പഴയമുഖങ്ങളുടെ പട്ടികയിൽനിന്ന് ടി.പി. മാധവനും പടിയിറങ്ങി. പൊലീസുകാരനായും ഡോക്ടറായും ബാങ്ക് മാനേജറായും കമ്പനി മുതലാളിയായും സ്വതസിദ്ധ അഭിനയ ശൈലിയിലൂടെ തിളങ്ങിയ മാധവൻ ഹാസ കഥാപാത്രങ്ങളും കാരക്ടർ റോളുകളും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു. അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ ‘നന്ദി പ്രിൻസി, ഒരായിരം നന്ദി’ എന്ന് പറയുന്ന നോവൽ ആരാധകനായ പൊലീസ് വേഷം അതിലൊന്ന് മാത്രം. പുലിവാൽ കല്യാണത്തിലെ ‘എന്നെ തല്ലരുത്, ഞാൻ മണവാളന്റെ അച്ഛനാ’ എന്ന് പറയുന്ന അച്ഛൻ വേഷവും മലയാളികൾ പെട്ടെന്നൊന്നും മറക്കില്ല. നാടോടിക്കാറ്റിൽ ദാസനെയും വിജയനെയും പുറത്താക്കുന്ന മാനേജരെ കാണുന്ന അതേ ആവേശത്തിലാണ് നരസിംഹത്തിലെ കാര്യസ്ഥനെയും മലയാളികൾ ഓർക്കുക.
1935 നവംബർ ഏഴിന് തിരുവനന്തപുരം വഴുതക്കാട്ട് എൻ.പി. പിള്ളയുടെയും സരസ്വതിയുടെയും മൂത്ത മകനായി ജനിച്ചു. 1975ൽ ‘രാഗം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയെങ്കിലും ശ്രദ്ധേയമായത് നടൻ മധു ഒരുക്കിയ ‘കാമം ക്രോധം മോഹം’ എന്ന ചിത്രത്തിലൂടെ. മധുവുമായുള്ള സൗഹൃദമാണ് പത്രപ്രവർത്തകനായ മാധവനെ അഭിനയരംഗത്ത് ഉറച്ചുനിൽക്കാൻ പ്രേരിപ്പിച്ചത്. 2015 ഒക്ടോബര്‍ 23ന് ഹരിദ്വാറിലെ ആശ്രമത്തില്‍ തളര്‍ന്നുവീണതോടെയാണ് ടി.പി. മാധവന്റെ ഏകാന്തവാസം പുറംലോകമറിഞ്ഞത്.
അമേരിക്കയിലുള്ള സഹോദരി അയക്കുന്ന തുകയും ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ നല്കുന്ന കൈനീട്ടവുമായിരുന്നു വരുമാനം. തമ്പാനൂരിലെ ഒരുവർഷത്തെ ഹോട്ടൽ വാസത്തിനിടെയാണ് ചില സഹപ്രവർത്തകർ ചേർന്ന് ഗാന്ധിഭവനിൽ എത്തിച്ചത്. ആരോഗ്യം മെച്ചപ്പെട്ടപ്പോൾ ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചെങ്കിലും മറവിരോഗം പിടിപെട്ടതോടെ മതിയാക്കി.1994 മുതല്‍ 1997 വരെ അമ്മയുടെ ജനറല്‍ സെക്രട്ടറിയും 2000 മുതല്‍ 2006 വരെ ജോയന്റ് സെക്രട്ടറിയുമായിരുന്നു. അവസാന കാലത്ത്ഒപ്പം ഉണ്ടായത് ഗാന്ധിഭവനും സ്നേഹനിധിയായ കുറച്ചുമനുഷ്യരും മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.