ബസുകൾ നിർത്തുന്നത് തോന്നുംപടി; ഗതാഗതക്കുരുക്കിൽ കിഴക്കേക്കോട്ട
text_fieldsതിരുവനന്തപുരം: കിഴക്കേക്കോട്ട നോർത്ത് ബസ്സ്റ്റാൻഡിൽ ബസുകൾ തോന്നുംപടി നിർത്തുന്നതുമൂലം വാഹനയാത്ര ദുഷ്കരമാകുന്നതിനൊപ്പം ഗതാഗതക്കുരുക്കും വർധിക്കുന്നു. ബസ്ബേ മാത്രമായി ഉപയോഗിക്കാനുള്ള വീതിമാത്രമേ ഇവിടെയുള്ളൂ. എന്നാൽ ഒട്ടുമിക്ക സിറ്റി സർവീസുകളും ഇവിടെ എത്തുന്നുണ്ട്. സ്റ്റാൻഡിന് ഉൾക്കൊളളാവുന്നതിലധികം ബസുകൾ എത്തുന്നതോടെ റോഡിൽ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാനാവാത്ത സ്ഥിതിയുണ്ടാവുന്നു. ഇതിന് പുറമേ നോർത്ത് ബസ് സ്റ്റാൻഡിനോട് ചേർന്ന് സ്വകാര്യ ബസുകളും ഒരു നിയന്ത്രണവുമില്ലാതെ നിർത്തിയിടുന്നതോടെ കിഴക്കേക്കോട്ട വഴിയുള്ള ഓട്ടോകളും കാറുകളുമടക്കം മറ്റ് വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടുന്നു.
നോർത്ത് ബസ്സ്റ്റാന്റിൽ പൊലീസ് ഔട്പോസ്റ്റ് സ്ഥാപിച്ച് കൂടുതൽ ട്രാഫിക് പൊലീസുകാരെയടക്കം നിയോഗിക്കണമെന്ന ആവശ്യം അവഗണിക്കപ്പെടുകയാണ്. തിരക്കുള്ള സമയങ്ങളിൽ പോലും അപൂർവമായാണ് ഇവിടെ ഒന്നോ രണ്ടോ പൊലീസുകർ ഡ്യൂട്ടിക്കെത്തുക. ബസുകൾ നിശ്ചിതസമയത്തിൽ കൂടുതൽ പാർക്ക് ചെയ്യുന്നത് നിയന്ത്രിച്ചും റോഡിലെ സഞ്ചാരം സുഗമാമക്കാനാവും. എന്നാൽ ഇതിന് പൊലീസ് തയാറാവാറില്ല. ബസുകൾ തോന്നുംപടി നിർത്തിയിടുന്നതുമൂലം അട്ടക്കുളങ്ങര ഭാഗത്തുനിന്ന് ഓവർബ്രിഡ്ജ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഏറെ നേരം കുരുക്കിൽപ്പെടുന്നു. ഈ ഭാഗത്തെ സിഗ്നൽ ലൈറ്റുകൾ അവഗണിച്ച് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ മുന്നോട്ട് പോകുന്നതും പതിവ് കാഴ്ചയാണ്. ബസ്സ്റ്റാൻഡ് ഭാഗത്ത് ഇരുചക്രവാഹനങ്ങൾ, ഓട്ടോകൾ എന്നിവ ഉൾപ്പെടെയുള്ളവ പലപ്പോഴും തലനാരിഴക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗമെന്ന നിലയിൽ ഇവിടെ മുഴുവൻ സമയവും ഒന്നിലധികം പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമീഷണർക്കടക്കം വിവിധ സംഘടനകൾ പലവട്ടം നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.