ഓണക്കാലത്തെ വ്യാജമദ്യകടത്ത്; എക്സൈസ് പരിശോധന ശക്തമാക്കും
text_fieldsപേരൂർക്കട: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജമദ്യ വിതരണം തടയുന്നതിന് എക്സൈസ് പരിശോധന ശക്തമാക്കും. വ്യാജമദ്യത്തിന്റെ ഉൽപാദനം, വിതരണം, കടത്ത് തടയുന്നതിനായി അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ജെ. അനിൽ ജോസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജില്ലതല ജനകീയസമിതി യോഗത്തിന്റേതാണ് തീരുമാനം. സെപ്റ്റംബർ അഞ്ച് വരെ സ്പെഷൽ ഡ്രൈവ് പ്രവർത്തനങ്ങൾ തുടരും. ഇതിന്റെ ഭാഗമായി എക്സൈസ് ജില്ല ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പരിശോധനകൾക്കായി രണ്ട് സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റുകളും ഒരു അതിർത്തി പട്രോളിങ് യൂനിറ്റും പ്രവർത്തനനിരതമാണെന്നും ഡെപ്യൂട്ടി എക്സൈസ് കമീഷണർ പറഞ്ഞു.
തീവ്രയജ്ഞ പരിശോധനകളുടെ ഭാഗമായി ജില്ലയിൽ 698 റെയ്ഡുകളാണ് എക്സൈസ് സംഘം നടത്തിയത്. അതിർത്തിമേഖലകളിൽ എക്സൈസ്-പൊലീസ്-വനം വകുപ്പുകളുടെ സംയുക്ത പരിശോധന കർശനമാക്കുന്നതിനും നിരോധിത പുകയില ഉൽപന്നങ്ങൾ കുട്ടികളിലേക്കെത്തുന്നത് തടയുന്നതിന് പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപടികൾ ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു.
മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, വർക്കല, ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഓഫിസ് ഉദ്യോഗസ്ഥരും വനം, ആരോഗ്യം, ഡ്രഗ്സ് കൺട്രോൾ ഉൾപ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.