കള്ളക്കേസിൽ കുടുക്കിയെന്ന്: പള്ളിക്കൽ സി.ഐക്കെതിരെ യുവാക്കൾ പരാതി നൽകി
text_fieldsപള്ളിക്കൽ: കള്ളക്കേസിൽ കുടുക്കിയെന്നും അപമാനമുണ്ടാക്കിയ പള്ളിക്കൽ സി.ഐക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പള്ളിക്കൽ സ്വദേശികളായ യുവാക്കൾ പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയിൽ പരാതി നൽകി. പള്ളിക്കൽ സ്വദേശികളായ മുഹമ്മദ് ഷാൻ, ഇബ്നു, ഷറഫുദ്ദീൻ, മുഹമ്മദ് റാഷിഖ് എന്നിവരാണ് പള്ളിക്കൽ സി.ഐ ശ്രീജിത്തിനെതിരെ പരാതി നൽകിയത്.
ഇക്കഴിഞ്ഞ മാർച്ച് മൂന്നിന് രാത്രി 10.45 ന് പള്ളിക്കൽ ടൗണിന് സമീപം സുഹൃത്തിന്‍റെ ബന്ധു വീട്ടിലേക്ക് മദ്യപിച്ചെത്തിയ ആനകുന്നം സ്വദേശി മുകുന്ദൻ അതിക്രമിച്ചു കയറാൻ ശ്രമിച്ചു. തുടർന്ന് വീട്ടുകാർ അറിയിച്ചപ്പോഴാണ് തങ്ങൾ അവിടെയെത്തിയത്. ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ മുഖമിടിച്ച് വീണ് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. പിറ്റേന്ന് യുവാവിനെ മർദിച്ചെന്നാരോപിച്ച് തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും പരാതിയിൽ പറയുന്നു.
അതിനിടെ യുവാവിനെ മർദിച്ച കേസിൽ പ്രതികൾ ഇവർ തന്നെയെന്നും സദാചാര ഗുണ്ടായിസമാണ് നടന്നതെന്നും ഇവരിൽ മൂന്നുപേർ നേരത്തേയും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പള്ളിക്കൽ സി.ഐ പി. ശ്രീജിത്ത് വ്യക്തമാക്കി. സമാനമായ മറ്റൊരു സംഭവത്തിൽ റാഷിഖിനെതിരെ കേസുണ്ടെന്നും ഷാനെതിരെ ആദ്യമായാണ് കേസെന്നും സി.ഐ പറഞ്ഞു.
സംഭവദിവസം രാത്രി 12ഓടെ രക്തം വാർന്ന നിലയിൽ ഇഴഞ്ഞാണ് മുകുന്ദൻ സ്റ്റേഷനിലേക്ക് കടന്നുവന്നതെന്നും സ്റ്റേഷൻ വാഹനത്തിൽ താനാണ് ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചതും സി.ഐ പറഞ്ഞു. മൂക്ക് തല്ലിത്തകർത്ത നിലയിലായിരുന്നു. പ്രതികൾ ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ കൂടി തയാറായില്ല. പ്രതികൾ തന്നെ പുറത്ത് വിട്ട വിഡിയോയിൽ നാലുപേരും സംഭവസ്ഥലത്തുണ്ട്. മുകുന്ദന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും പി. ശ്രീജിത്ത് പറഞ്ഞു.
യുവാക്കളെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന നടന്ന ധർണയിൽ ജനകീയ സമരസമിതിയുടെ കൺവീനർ അൻവർ പള്ളിക്കൽ, മുൻ പഞ്ചായത്ത് അംഗം പള്ളിക്കൽ നസീർ, നാസർ, യാസർ, അനൂപ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.