ട്രിഡ ഇനി ഓൺലൈനായി വാടക പിരിക്കും
text_fieldsതിരുവനന്തപുരം: വാടകക്ക് നൽകിയ കെട്ടിടങ്ങളുടെയും കടകളുടെയും പാർക്കിങ് സ്ഥല ങ്ങളുടെയും തുക പിരിക്കാൻ ഓൺലൈൻ പേമെന്റ് സിസ്റ്റം നടപ്പാക്കാൻ ട്രിഡ. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് സഹകരണസംഘം സൗജന്യമായാണ് തയാറാക്കിയത്. ആദ്യപടിയായി കെട്ടിടങ്ങൾ ഡിജിറ്റലൈസ് ചെയ്ത്, വാടക്കാരുടെ വിവരങ്ങളും വാടക കരാറും സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യും.
തുടർന്ന് ഓരോ മാസത്തെയും ബില്ലുകൾ ഇ- മെയിലിലൂടെയും എസ്.എം.എസിലൂടെയും അറിയിക്കും. എഗ്രിമെന്റും പുതുക്കലിനും പരാതികൾ കൈകാര്യം ചെയ്യാനും പ്രത്യേക സംവിധാനമുണ്ടാകും. മാർച്ച് മുതൽ ഓൺലൈൻ സംവിധാനത്തിലാകും തുക പിരിക്കുന്നത്.
കൗണ്ടറിലൂടെ പണമടക്കാനുള്ള സൗകര്യം തുടരും. മന്ത്രി എം.ബി. രാജേഷ് ഉൾപ്പെടെ പങ്കെടുത്ത ട്രിഡ ജനറൽ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം അറിയിച്ചത്.
വാടകയിനത്തിൽ ട്രിഡക്ക് കീഴിലെ വിവിധ സ്ഥാപനങ്ങൾ വരുത്തിയ 1,12,92,869 കോടി രൂപ കുടിശ്ശിക അടിയന്തരമായി പിരിച്ചെടുക്കണമെന്നും വരുമാനം വർധിപ്പിക്കാനുള്ള പുതിയമാർഗങ്ങൾ കണ്ടെത്തണമെന്നും മന്ത്രി നിർദേശിച്ചു. തലസ്ഥാനത്തെ വികസന പദ്ധതികളിൽ ട്രിഡയുടെ മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തണം.
ട്രിഡ ജനറൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷനായ മന്ത്രി റെന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനവും ജീവനക്കാർക്കുള്ള സി.യു.ജി.എ കാർഡ് വിതരണവും നടത്തി. വിഴിഞ്ഞം മദർപോർട്ട് വികസനമേഖലയിലെ വരുമാനം കുറഞ്ഞവർക്ക് അനുയോജ്യമായ പാർപ്പിട പദ്ധതി, പാളയത്ത് അർബൻ പാർക്ക്, പൗഡിക്കോണത്ത് കാർഷിക ഉൽപന്ന സംസ്കരണ വിപണന കേന്ദ്രം എന്നിവ ആംരഭിക്കുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്തു.
ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, സെക്രട്ടറി എൽ.എസ്. ദീപ, വി.കെ. പ്രശാന്ത് എം.എൽ.എ, കൗൺസിലർ ബിന്ദു മേനോൻ, സി. ലെനിൻ, സി. പ്രസന്നകുമാർ, എം. രാധാകൃഷ്ണൻ നായർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.