ശേഖരിച്ചത് രണ്ട് ലക്ഷം ഇഷ്ടികകൾ; പൊങ്കാല കഴിഞ്ഞു നഗരവും ക്ലീൻ; നഗരസഭക്ക് കൈയടി
text_fieldsആറ്റുകാൽ പൊങ്കാലക്കുശേഷം നഗരസഭ ജീവനക്കാർ തിരുവനന്തപുരം നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടപ്പോൾ
തിരുവനന്തപുരം: മുൻ വർഷങ്ങളിലെപ്പോലെ ഇക്കുറിയും പൊങ്കാലക്ക് പിന്നാലെ മണിക്കൂറുകൾക്കകം നഗരം ശുചിയാക്കി തിരുവനന്തപുരം കോർപറേഷൻ മാതൃകയായി. കടുത്തവേനൽ കാരണം വൈകിട്ട് മൂന്ന് മണിയോടെ ശുചീകരണം ആരംഭിക്കുമെന്നാണ് കോർപറേഷൻ അറിയിച്ചിരുന്നതെങ്കിലും അതിനു മുമ്പുതന്നെ തൊഴിലാളികൾ ജോലി ആരംഭിച്ചു. ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിൽ മേയർ ആര്യ രാജേന്ദ്രൻ ശുചീകരണം ഉദ്‌ഘാടനം ചെയ്‌തു. 3000 തൊഴിലാളികളാണ് ഇന്നലെ രാത്രി 7.30 ഓടെ തന്നെ പ്രധാന വീഥികളില്ലെല്ലാം വൃത്തിയാക്കിയത്.
രാത്രി വൈകിയും പുലർച്ചെയും ഒരു മടിയും കൂടാെതെ അവർ ജോലി ചെയ്തു. മാലിന്യം ഈഞ്ചയ്ക്കലിലെ കെ.എസ്.ആർ.ടിയുടെ സ്ഥലം, ജഗതി ഗ്രൗണ്ട്, ശാസ്തമംഗലം, ആറ്റുകാൽ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ കുഴിയെടുത്ത് മൂടുകയും ചിലത് കത്തിച്ചു കളയുകയും ചെയ്തു. ട്വാറസ്, വലിയ ടിപ്പർ ഉൾപ്പെടുന്ന വാഹനങ്ങളിലാണ് മാലിന്യം നീക്കിയത്. ഭൂരിഭാഗം സ്ഥലങ്ങളിലും ഹരിത ചട്ടം ഉറപ്പാക്കാൻ സാധിച്ചു. ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേനാ പ്രവർത്തകർ, ജനപ്രതിനിധികൾ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ എല്ലാവരും ചേർന്നാണ് നഗരം ശുചിയാക്കിയത്. ഏകദേശം പത്തു കിലോമീറ്ററോളം ദൂരത്തിൽ ഇക്കുറി പൊങ്കാല അടുപ്പുകൾ നിരന്നിരുന്നു. പ്ലാസ്‌റ്റിക് ഉപയോഗം പരമാവധി കുറക്കണമെന്ന് കോർപറേഷൻ ഭക്‌തരോട് നിർദ്ദേശിച്ചിരുന്നു.
പൊങ്കാലയ്‌ക്ക് ശേഷം രാത്രിവരെ ശേഖരിച്ചത് രണ്ട് ലക്ഷം ഇഷ്ടികകൾ. ഇഷ്ടികയുടെ എണ്ണം ഇനിയും കൂടുമെന്ന് അധികൃതർ. ശേഖരിച്ച ഇഷ്‌ടികകൾ പുത്തരിക്കണ്ടം മൈതാനത്തേക്കാണ് മാറ്റിയത്. ലൈഫ് ഭവനപദ്ധിതിയിലുള്ളവക്ക് ഇഷ്ടികകൾ സൗജന്യമായി നൽകും. ഇത്തവണ 35 ഗുണഭോക്താക്കളാണ് പട്ടികയിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.