കോർപറേഷൻ കൗൺസിൽ | ഇന്ധനവില വർധന: യു.ഡി.എഫിന്റെ പ്രതിഷേധ പ്രമേയത്തിൽ വെട്ടിലായി ഭരണ-പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: ഇന്ധനവില വർധനയിൽ ഭരണ- പ്രതിപക്ഷ കക്ഷികളെ വെട്ടിലാക്കി കോർപറേഷൻ കൗൺസിലിൽ യു.ഡി.എഫ് പ്രതിഷേധ പ്രമേയം. ഇന്ധന വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അവതരിപ്പിച്ച വാക്കാൽ പ്രമേയമാണ് ഭരണ - പ്രതിപക്ഷ കക്ഷികളെ കുഴക്കിയത്.
ആദ്യം പ്രോത്സാഹിപ്പിച്ച ഇടത് അംഗങ്ങൾ വാഹന രജിസ്ട്രേഷൻ ഫീസ് വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടി പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ മൗനത്തിലായി. ഈ ഭാഗം ഒഴിവാക്കിയുള്ള പ്രമേയത്തിന് ഒടുവിൽ കൗൺസിൽ അംഗീകാരം നൽകി.
പദ്ധതി ചെലവ് റെക്കോഡ് നേട്ടം കൈവരിച്ചതിൽ ജീവനക്കാരെയും നികുതിദായകരെയും അഭിനന്ദിച്ച് മേയർ അവതരിപ്പിച്ച പ്രമേയമാകട്ടെ രാഷ്ട്രീയ വാഗ്വാദത്തിലും മുങ്ങി. കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് പി. പത്മകുമാർ ആണ് പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ജോൺസൺ ജോസഫ് പിന്താങ്ങി. വില നിർണായാധികാരം എണ്ണക്കമ്പനികൾക്ക് നൽകിയ കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാറാണ് വില വർധനക്ക് കാരണമെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്. സലിം വാദിച്ചു. കേന്ദ്രം ഈടാക്കുന്നതിനെക്കാൾ കൂടുതൽ നികുതി സംസ്ഥാന സർക്കാർ ഈടാക്കുന്നുണ്ടെന്നും ഇതു കുറക്കണമെന്നും തിരുമല അനിൽ ആവശ്യപ്പെട്ടു.
പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടണമെന്നും അനിൽ പറഞ്ഞു. ഇടത് അംഗങ്ങളായ രാഖി രവികുമാർ, ഡി.ആർ. അനിൽ, സ്റ്റാൻലി ഡിക്രൂസ് എന്നിവർ സംസ്ഥാന സർക്കാറിനെയും വി.ജി. ഗിരികുമാർ കേന്ദ്ര-സംസ്ഥാന സർക്കാറിനെയും പിന്തുണച്ചു. ഒടുവിൽ സംസ്ഥാന സർക്കാറിനെതിരെയുള്ള ഭാഗം ഒഴിവാക്കിയുള്ള പ്രമേയം ഇടത്-യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോടെ പാസാക്കി.
ശുചീകരണ തൊഴിലാളികൾ, ആന്റി മൊസ്ക്വിറ്റോ വർക്കേഴ്സ്, ഡ്രൈവർമാർ എന്നീ തസ്തികകളിൽ ജോലി നോക്കുന്ന 60 പിന്നിട്ട താൽക്കാലിക ജീവനക്കാരെ ഒഴിവാക്കാൻ കൗൺസിൽ തീരുമാനിച്ചു.
മുൻ ഭരണസമിതിയുടെ കാലത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച എയ്റോബിക് ബിന്നുകൾ അറ്റകുറ്റപ്പണി നടത്താൻ 44.92 ലക്ഷം രൂപ ചെലവഴിക്കാൻ യോഗം അനുമതി നൽകി. മുൻ ഭരണസമിതിയുടെ കാലത്ത് വാങ്ങിയ 25 പെട്ടി ഓട്ടോകൾക്കുപുറമേ മാലിന്യനീക്കത്തിന് 25 ഹെൽത്ത് സർക്കിളുകൾക്കായി 25 ട്രൈ സ്കൂട്ടർ വാങ്ങാനുള്ള ടെൻഡർ യോഗം അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.