വീട്ടുകരം തട്ടിപ്പ്: കോർപറേഷന് മുന്നിലെ പ്രതിപക്ഷ സമരങ്ങൾ അവസാനിപ്പിച്ചു
text_fields
തിരുവനന്തപുരം: വീട്ടുകരം തട്ടിപ്പ് സംഭവവുമായി ബന്ധപ്പെട്ട് കോർപറേഷൻ ആസ്ഥാനത്ത് പ്രതിപക്ഷപാർട്ടികൾ നടത്തിവന്ന പ്രതിഷേധ സമരങ്ങൾ അവസാനിപ്പിച്ചു. പ്രത്യേക കൗണ്‍സിൽ യോഗത്തിന് ശേഷമാണ് സമരം അസാനിപ്പിക്കുന്നതായി ബി.ജെ.പി നേതാക്കള്‍ അറിയിച്ചത്.
അതേസമയം, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നിയമസഭയില്‍ സര്‍ക്കാര്‍ ഉറപ്പുനല്കിയതിെൻറ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കുകയാണെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിലും കോണ്‍ഗ്രസ് പ്രതിനിധികള്‍ കോർപറേഷൻ ഓഫിസിലുമായാണ് സമരം നടത്തിവന്നത്. ബുധനാഴ്ച നിയമസഭയില്‍ എം. വിന്‍സെൻറ് എം.എല്‍.എയുടെ നേതൃത്വത്തിൽ വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിച്ചു. തട്ടിപ്പുകേസില്‍ പ്രതിയായ സൂപ്രണ്ടിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പ്രതികളായ മുഴുവന്‍പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 29 ദിവസമായി ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിനുള്ളില്‍ സമരത്തിലായിരുന്നു. ഒമ്പതുദിവസമായി നിരാഹാരസമരവും നടത്തി.
കൗണ്‍സില്‍ യോഗത്തിനുശേഷം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് നിരാഹാരമനുഷ്ഠിച്ച നേതാക്കള്‍ക്ക് നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ബി.ജെ.പി നടത്തിയ സമരം വിജയമാണെന്ന് സുരേന്ദ്രന് പറഞ്ഞു. വീട്ടുകരം തട്ടിപ്പ് കേസില്‍ അഴിമതി നടന്നതായി കോര്പറേഷന് ഭരണസമിതിതന്നെ സമ്മതിച്ചതായി ബി.ജെ.പി ജില്ല പ്രസിഡൻറ് വി.വി. രാജേഷ് പറഞ്ഞു.
പ്രത്യേക കൗൺസിലിലും കൊമ്പുകോർത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ
തിരുവനന്തപുരം: വീട്ടുകരം തട്ടിപ്പുകേസ് ചര്‍ച്ച ചെയ്യാൻ ചേര്‍ന്ന പ്രത്യേക കൗണ്‍സിലിലും ഭരണപക്ഷവും പ്രതിപക്ഷപാർട്ടി പ്രതിനിധികളും തമ്മിൽ കൊമ്പുകോർത്തു. മേയര്‍ ആര്യ രാജേന്ദ്രനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് കെ. മുരളീധരന് എം.പിക്കെതിരെ ഭരണപക്ഷം പ്രമേയം അവതരിപ്പിച്ചു. ഇതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ എത്തി. അവർ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
അജണ്ടയിലില്ലാത്ത പ്രമേയാവതരണം തെറ്റാണെന്നും ഇത് യു.ഡി.എഫ്-എല്‍.ഡി.എഫ് ധാരണപ്രകാരമുള്ള നാടകമാണെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി കക്ഷിനേതാവ് എം.ആര്. ഗോപന് രംഗത്തെത്തി. ബഹളത്തിനിടയില്‍ പ്രമേയം പാസാക്കിയതായി മേയര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍, വീട്ടുകരം തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണസമിതി കൈക്കൊണ്ടതെന്ന് ബി.ജെ.പി അംഗം തിരുമല അനില്‍ പറഞ്ഞു. കോർപറേഷെൻറ ആസ്തി സംരക്ഷിക്കുന്നതില്‍ ഭരണനേതൃത്വം വീഴ്ചവരുത്തിയതായും ആരോപിച്ചു.
തട്ടിപ്പ് കണ്ടുപിടിച്ചത് ഭരണസമിതിയും മേയറുമാണെന്ന് ഡി.ആര്. അനില്‍ മറുപടി നല്കി. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തിയെന്നും കൗണ്‍സില്‍ ഹാളില്‍ ഇത്തരം സമരങ്ങള്‍ അനുവദിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ച കാരണമാണ് പലപ്പോഴും പരിശോധനകള്‍ കൃത്യമായി നടക്കാത്തതെന്ന് രാഖി രവികുമാര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ തട്ടിപ്പിെൻറ ഭാഗമായി ജനങ്ങളുടെ തുക നഷ്ടമാകില്ലെന്ന് ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു ചര്‍ച്ചയില്‍ പറഞ്ഞു.
നഗരവാസികളുടെ വസ്തുവകകള്‍ ജപ്തി ചെയ്യുമെന്ന് ബി.ജെ.പി വ്യാജപ്രചാരണം നടത്തിയതായി ചര്‍ച്ചക്ക് മറുപടി നല്കിയ മേയര്‍ ആര്യ രാജേന്ദ്രന് പറഞ്ഞു. കോവിഡ് കാലത്ത് ജീവനക്കാര്‍ മുഴുവന്‍ ഓഫിസില്‍ എത്താതിരുന്നത് മൂലമാണ് ധനകാര്യ പരിശോധനകള്‍ മുടങ്ങിയത്. സോഫ്റ്റ്വെയര് പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കേസ് നല്കുന്നതില് കോർപറേഷന് വീഴ്ച സംഭവിച്ചിട്ടില്ല. ജനങ്ങള്‍ അടച്ച മുഴുവന്‍ തുകയും സംരക്ഷിക്കുമെന്നും മേയര്‍ പറഞ്ഞു.
ഒരാള്‍ക്കും പണം നഷ്ടപ്പെടില്ലെന്ന് സർക്കാർ; സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: കോര്‍പറേഷനില്‍ കെട്ടിട, ഭൂനികുതി അടച്ച ഒരാള്‍ക്കും പണം നഷ്ടപ്പെടില്ലെന്നും പണം അപഹരിച്ചവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി കെ. രാധാകൃഷ്ണന്. തിരുവനന്തപുരം നഗരസഭയിലെ നികുതിതട്ടിപ്പുമായി ബന്ധപ്പെട്ട് എം. വിന്‍സെൻറ് അവതരണാനുമതി തേടിയ അടിയന്തരപ്രമേയ നോട്ടീസിന് തദ്ദേശ മന്ത്രിക്ക്വേണ്ടി മറുപടി പറയുകയായിരുന്നു അദ്ദേഹം.
വകുപ്പുതല അന്വേഷണം ഉൾപ്പെടെ വിവിധ അന്വേഷണങ്ങള്‍ നടന്നുവരുകയാണ്. അന്വേഷണ പുരോഗതി വിലയിരുത്തി ആവശ്യമെങ്കില്‍ കൂടുതല്‍ നടപടി സ്വീകരിക്കും. തെറ്റുകാരായ നാലുപേരെ അറസ്റ്റ് ചെയ്യുകയും 13 പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആരുടെയും പാര്‍ട്ടി പരിഗണിക്കുന്ന വിഷയമില്ല.
നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളിലായി 35,92,906 രൂപയുടെ തട്ടിപ്പാണ് നടന്നത്. സംഭവം അറിഞ്ഞപ്പോൾത്തന്നെ നടപടികൾക്ക് തുടക്കം കുറിച്ചു. കാലതാമസം ഉണ്ടായിട്ടില്ല. രസീതുകള്‍ ഇല്ലെങ്കിലും സോണല്‍ ഓഫിസിലെ രജിസ്റ്റര്‍ നോക്കി പണമടച്ചവര്‍ക്ക് അത് നഷ്ടപ്പെടാതെ വകയിരുത്തും. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് എം. വിന്‍സെൻറ് കുറ്റപ്പെടുത്തി. കോർപറേഷനിലെ 15 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളിൽ സമഗ്രാന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തട്ടിപ്പിനെക്കുറിച്ച് തദ്ദേശ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.