കോടികൾ ചെലവിട്ട മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങിൽ ജീവനും സ്വത്തും സുരക്ഷിതമല്ലെന്ന് ഫയര്‍ഫോഴ്സ്; അംഗീകാരം നിഷേധിച്ചു
text_fieldsതിരുവനന്തപുരം: കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയ തിരുവനന്തപുരം കോർപറേഷനിലെ ബഹുനില പാർക്കിങ് സംവിധാനം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനാവാതെ ഭരണസമിതി . ആറരക്കോടിയോളം ചെലവഴിച്ച് പണിതുയർത്തിയ കേന്ദ്രത്തിന് ഫയർഫോഴ്സിന്റെ സുരക്ഷ അംഗീകാരം ലഭികാത്തതാണ് തിരിച്ചടിയായത്. ഇതോടെ കോർപറേഷൻ ജീവനക്കാരുടെ വാഹനങ്ങൾ താൽക്കാലികാടിസ്ഥാനത്തിൽ പാർക്ക് ചെയ്യുകയാണിവിടെ.
നിർമാണവേളയിലെ പിഴവാണ് ഫയർഫോഴ്സിന്റെ അംഗീകാരം ലഭിക്കാത്തതിനു കാരണം. രണ്ടുമാസം മുമ്പ് പാർക്കിങ് കേന്ദ്രം തുറന്നെന്ന് അവകാശപ്പെട്ടെങ്കിലും ഫയർഫോഴ്സിന്റെ അന്തിമ അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് പൂർണതോതിൽ പാർക്കിങ് കേന്ദ്രമെന്ന നിലയിൽ പ്രവർത്തനം ആരംഭിക്കാനോ നടത്തിപ്പ് ചുമതല കരാറുകാർക്ക് നൽകാനോ പാർക്കിങ് ഫീസ് നിശ്ചയിക്കാനോ കോർപറേഷന് കഴിഞ്ഞിട്ടില്ല. ഇനിയും ഒരുകോടിയോളം രൂപയുടെ അറ്റകുറ്റപ്പണി നടത്തിയെങ്കിൽ മാത്രമേ ഫയർഫോഴ്സിന്റെ അനുമതി ലഭിക്കൂവെന്നാണ് വിവരം.
കോർപേറഷൻ ഓഫിസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് കാർ പാർക്ക് ചെയ്യാൻ നിലവിൽ സംവിധാനമില്ല. റോഡരികിലോ സമീപത്തെ ചെറിയ ഇടങ്ങളിലോ വാഹനം പാർക്ക് ചെയ്ത ശേഷം നടന്നാണ് ഇവർ നഗരസഭ ഓഫിസിലെത്തുന്നത്. റോഡിലെ പാർക്കിങ് അധികമായാൽ ഗതാഗതക്കുരുക്കും പൊലീസിന്റെ പിഴയും നേരിടേണ്ടി വരും, ഇതോടെ, നഗരത്തിലെ രൂക്ഷമായ പാർക്കിങ് പ്രശ്നത്തിനു പരിഹാരമായാണ് മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം നിർമിക്കാൻ മുൻ മേയർ വി.കെ. പ്രശാന്തിന്റെ കാലത്ത് തീരുമാനിച്ചത്.
കോമ്പൗണ്ടിലെ കോഫി ഹൗസിന് സമീപത്താണ് ഏഴു നിലകളിലായി അത്യാധുനിക പാർക്കിങ് സംവിധാനം നിർമിച്ചത്. കേന്ദ്ര പദ്ധതിയായ അമൃതിൽ 5.64 കോടി രൂപ ചെലവിട്ടായിരുന്നു നിർമാണം. ഒരേ സമയം 102 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് കൺസൽട്ടൻറായ കിറ്റ്കോ എസ്റ്റിമേറ്റ് തയാറാക്കിയത് . തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പണികൾ പാതിവഴിയിൽ നിൽക്കേ ധിറുതിപിടിച്ച് 2020 ഓക്ടോബറിൽ ഉദ്ഘാടനവും നടത്തി.
എന്നാൽ, നിർമാണം പുരോഗമിച്ചതോടെ ഈ തുകക്ക് പദ്ധതി പൂർത്തിയാകില്ലെന്ന് ബോധ്യമായി. ഫണ്ട് തടസ്സമായതോടെ 6.13 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി. ഇതിനു ഭരണാനുമതിയും ലഭിച്ചു. എന്നാൽ, പാർക്കിങ് കേന്ദ്രത്തിന്റെ സിവിൽ ജോലികൾക്ക് ചുമതലപ്പെടുത്തിയ കമ്പനി കരാർ നൽകിയതിനേക്കാൾ 3.5 ശതമാനം തുകയും ഫയർ, ഇലക്ട്രിക്കൽ ജോലികൾ ചെയ്യാൻ ഏർപ്പാടാക്കിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി 9.5 ശതമാനം തുകയും കൂടുതൽ ക്വോട്ട് ചെയ്തത് വീണ്ടും തിരിച്ചടിയായി.
ഇതോടെ 6.71 കോടി രൂപയായി എസ്റ്റിമേറ്റ് തുക പുതുക്കി നിശ്ചയിച്ചു. എന്നാൽ, ഇതൊന്നും പാർക്കിങ് കേന്ദ്രത്തിൽ വാഹനം പാർക്ക് ചെയ്യുന്നവരുടെ ജീവനും സ്വത്തിനും ഉറപ്പു നൽകുന്നില്ലെന്നാണ് ഫയർഫോഴ്സിന്റെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.