ഓണം വാരാഘോഷത്തിന് ഒരുങ്ങി തലസ്ഥാനം
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ‘ഓണം ഒരുമയുടെ ഈണം’ എന്ന പ്രമേയത്തിൽ ഓണം വാരാഘോഷത്തിന് തലസ്ഥാനം ഒരുങ്ങി. 27 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെയുള്ള ആഘോഷങ്ങളുടെ ഒരുക്കം പൂര്‍ത്തിയായതായി മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി.എ. മുഹമ്മദ് റിയാസും വാർത്തസമ്മേളനത്തിൽ അറിയിച്ചു. 27ന് വൈകീട്ട് ആറിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. നടന് ഫഹദ് ഫാസിലും നര്‍ത്തകി മല്ലിക സാരാഭായിയും മുഖ്യാതിഥികളാകും.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്തശിൽപം എന്നിവയുണ്ടാകും. ജില്ലയില്‍ വിവിധയിടങ്ങളില്‍ 30 വേദികളിലായി എണ്ണായിരത്തോളം കലാകാരന്മാര് പരിപാടികള്‍ അവതരിപ്പിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര, തൈക്കാട്, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്നിവിടങ്ങളാണ് പ്രധാന വേദികള്‍. ലേസര്‍ ഷോ പ്രദര്‍ശനം, വെര്‍ച്വല്‍ ഓണപ്പൂക്കളം, ട്രേഡ് ഫെയർ, ഫുഡ് ഫെസ്റ്റ് എന്നിവയും നടക്കും. ചലച്ചിത്ര പിന്നണി ഗായകരും ചലച്ചിത്ര താരങ്ങളും അണിനിരക്കുന്ന കലാപരിപാടികൾ ഒരാഴ്ചക്കാലം നിശാഗന്ധിയിൽ അരങ്ങേറും. മറ്റ് പ്രധാന വേദികളായ പൂജപ്പുര, കഴക്കൂട്ടം എന്നിവിടങ്ങളിലും പ്രമുഖ ഗായകരും സംഗീതജ്ഞരും ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. പ്രാദേശിക കലാകാരന്മാര്ക്ക് വലിയ പരിഗണന നല്‍കിയിട്ടുണ്ടെന്ന് മന്ത്രിമാർ പറഞ്ഞു.
കവടിയാർമുതൽ ശാസ്തമംഗലംവരെയും മണക്കാട് വരെയും വൈദ്യുത ദീപാലങ്കാരം ഒരുക്കും. കനകക്കുന്നില്‍ പ്രത്യേക ദീപാലങ്കാരവുമുണ്ടാകും. 26ന് വൈകീട്ട് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കർമം നടക്കും. സമാപന ഘോഷയാത്ര സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് അഞ്ചിന് മാനവീയം വീഥിക്ക് സമീപം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഫ്ലാഗ് ഓഫ് ചെയ്യും. ഹരിതചട്ടം പാലിക്കാൻ ഗ്രീന്‍ ആര്‍മി രൂപവത്കരിച്ചു. വി.ഐ.പികള്‍ക്കായി മുന്‍ വര്‍ഷങ്ങളില്‍ യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ ഒരുക്കിയ പവലിയന് ഇത്തവണ പബ്ലിക് ലൈബ്രറിക്ക് മുന്നിലേക്ക് മാറ്റും. ഭിന്നശേഷി കുട്ടികള്‍ക്ക് ഘോഷയാത്ര കാണാനുള്ള പ്രത്യേക സൗകര്യം ഒരുക്കും.
ഓണാഘോഷഭാഗമായി നഗരത്തില്‍ പഴുതടച്ച സുരക്ഷ ഒരുക്കും. ഓണം വാരാഘോഷത്തിന്റെ കവറേജ് മികച്ച നിലയില്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തവണ കാഷ് അവാര്‍ഡും മൊമന്റോയും നല്‍കും. മികച്ച അച്ചടി മാധ്യമം, അച്ചടി മാധ്യമ റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, മികച്ച ദൃശ്യമാധ്യമം, ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍, വിഡിയോഗ്രാഫര്‍, മികച്ച എഫ്.എം, മികച്ച ഓണ്‍ലൈന്‍ മാധ്യമം എന്നിങ്ങനെയാണ് പുരസ്കാരങ്ങള്‍ നല്‍കുക. മാസ്കറ്റ് ഹോട്ടലില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി.എ. മുഹമ്മദ് റിയാസ്, ഐ.ബി. സതീഷ് എം.എൽ.എ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
യോഗത്തിൽ വാരാഘോഷത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. രാവിലെ നടന്ന സംഘാടക സമിതികളുടെ യോഗത്തില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി.എ. മുഹമ്മദ് റിയാസ്, ജി.ആര്. അനില്‍, എം.എൽ.എമാരായ സി.കെ. ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, ജി. സ്റ്റീഫന്‍, ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, ഒ.എസ്. അംബിക, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.