വയോധികനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞംസ്വദേശിയായ വയോധികനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. വിഴിഞ്ഞം കരയടിവിള കൈതവിളാകംവീട്ടിൽ ഷെഫിൻ (23), വെങ്ങാനൂർ കൈതവിളാകം ആരതിഭവനിൽ ജഗൻ എന്ന അഖിരാജ് (22) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 17ന് വൈകുന്നേരം ഏഴിനാണ് സംഭവം. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ 63 വയസ്സുള്ള പാസ്റ്റർ ജാക്സനെയാണ് എട്ടംഗ സംഘം ഹെൽമറ്റും തടിക്കഷണങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്. തലക്കും കണ്ണിനും സാരമായ പരിക്കേറ്റ പാസ്റ്റർ ചികിത്സയിലാണ്. സ്ഥലത്തെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചോദ്യംചെയ്തതിനാണ് സംഘം ഇത്തരത്തിൽ വയോധികനെ ആക്രമിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ ഡി.സി.പി ഡോ. ദിവ്യ വി. ഗോപിനാഥിെൻറ നിർദേശപ്രകാരം പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒന്നും രണ്ടും പ്രതികളായ ഇവരെ ശനിയാഴ്ച പിടികൂടിയത്. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐ സജി, സി.പി.ഒമാരായ കൃഷ്ണകുമാർ, അജികുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഈ കേസിലെ മറ്റു പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയതായും കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.