മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്ക് നിലംപൊത്തിയത്
text_fieldsപേരൂർക്കട: കുടപ്പനക്കുന്ന്-ഇരപ്പുകുഴി റോഡിൽ കൂറ്റൻ തണൽമരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണ് ഇരുചക്രവാഹനയാത്രികർക്ക് പരിക്കേറ്റു. കല്ലയം സ്വദേശികളായ സുരേഷ്, രഞ്ജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം.
കുടപ്പനക്കുന്നിൽനിന്ന് ഇരപ്പുകുഴിയിലേക്ക് പോകുന്ന റോഡിന്റെ ഇടതുവശത്തെ വളവിൽനിന്നിരുന്ന കൂറ്റൻ തണൽ മരത്തിന്റെ ശിഖരങ്ങളാണ് കാറ്റിൽ ഒടിഞ്ഞ് റോഡിലേക്ക് വീണത്. കല്ലയം ഭാഗത്തേക്ക് പോകുകയായിരുന്നു സ്കൂട്ടർ യാത്രികരായ യുവാക്കൾ. മരക്കൊമ്പ് ഇവരുടെ വാഹനത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഇവർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
തിരുവനന്തപുരത്ത് നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് കൊമ്പുകൾ മുറിച്ചുനീക്കിയത്.
കുടപ്പനക്കുന്ന്-ഇരപ്പുകുഴി റോഡ് ആറുമാസം മുമ്പാണ് റീ ടാർ ചെയ്തത്. റോഡ് വീതിയിൽ ടാർ ചെയ്തതോടെ മരം റോഡിലേക്കായി. വളവിൽ കൂറ്റൻ മരം നിൽക്കുന്നതിനാൽ പലപ്പോഴും ഇവിടെ വാഹനാപകടങ്ങൾ സംഭവിച്ചിരുന്നു. മരത്തിെൻറ ശിഖരങ്ങളിൽ വാഹനങ്ങൾ തട്ടുന്നതും സ്ഥിരം സംഭവമായിരുന്നു. ഇതോടുകൂടി പൊതുജനങ്ങൾ ഇടപെട്ട് പി.ഡബ്ല്യു.ഡി അധികൃതരെ അടിയന്തരമായി വിവരം അറിയിച്ചിരുന്നു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും നൂലാമാലകൾക്കിടയിൽപ്പെട്ട് മരം അതേപടിതന്നെ നിലകൊണ്ടു. അതിനിടെ അപകടകരമായി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റുമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
വാഹനാപകടങ്ങൾ സ്ഥിരം സംഭവമായതോടെ അധികൃതർ ഇടപെട്ട് മരത്തിൽ റിഫ്ലക്ടർ പതിപ്പിച്ചുവെങ്കിലും അതും ശാശ്വത പരിഹാരം ഉണ്ടാക്കിയില്ല. അതിനിടെയാണ് ശിഖരങ്ങൾ വീണ് ഇപ്പോൾ അപകടം ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.