നടുക്കുന്ന ഓര്‍മ്മകളുമായി വിദ്യാർത്ഥികൾ മടങ്ങിയെത്തി
text_fieldsശംഖുംമുഖം: കണ്ണുകളിൽ ഭീതിയുമായി വിദ്യാർഥികൾ യുക്രെയ്നിലെ യുദ്ധഭൂമിയിൽ നിന്ന് നാടിന്റെ ആശ്വാസതീരമണഞ്ഞു. യുക്രെയ്നിൽ നിന്ന് റുമേനിയ വഴി ഡൽഹിയിലും മുബെയിലുമെത്തിയ 25 വിദ്യാർഥികളാണ് തിരുവനന്തപുരത്തെത്തിയത്.
മരണത്തെ മുഖാമുഖം കണ്ടാണ് കൊല്ലം കടയ്ക്കൽ സ്വദേശിയായ നബീയ നസീറിന്റെ തിരിച്ചുവരവ്. 'യുദ്ധം ആരംഭിച്ചപ്പോൾ തന്നെ രക്ഷാകർത്താക്കൾ പറഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് ടിക്കറ്റ് എടുത്ത് കിയവ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. വിമാനത്താവളം അടുക്കാറായപ്പോൾ അവിടെ ബോംബ് വർഷിച്ചു തുടങ്ങി. സഞ്ചരിച്ചിരുന്ന വാഹനം തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്.
തിരിച്ച് ബൊക്കോവിനീയർ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഹോസ്റ്റലിലെത്താൻ ദിവസം വേണ്ടി വന്നു. ഹോസ്റ്റലിൽ മടങ്ങിയെത്തിയശേഷം എംബസിയുടെ നിർദേശപ്രകാരം ബസിൽ റുമേനിയ അതിർത്തിയിലേക്ക് പുറപ്പെട്ടെങ്കിലും ബസിന് മുന്നോട്ട് പോകാൻ കഴിയാതെ അഭയാർഥികളെക്കൊണ്ട് റോഡുകൾ നിറഞ്ഞു. ബസിൽനിന്ന് ഇറങ്ങി ബാഗും തൂക്കി കിലോമീറ്ററേളം ജീവൻ കൈയിലൊതുക്കി ഭീതിയോടെ നടന്നാണ് അതിർത്തി കടന്ന് റുമേനിയയിലേക്ക് പ്രവേശിച്ചത്.
റുമേനിയയിലേക്ക് കടന്നപ്പോഴാണ് ജീവൻ തിരിച്ചു കിട്ടിയെന്ന തോന്നൽ തന്നെയുണ്ടായത്. കോഴ്സ് തീരാൻ മൂന്ന് മാസം മാത്രമാണ് ഇനി ബാക്കിയുള്ളത്. സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ യൂനിവേഴ്സിറ്റിയിൽ ഉപേക്ഷിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്- അവസാന വർഷ മെഡിക്കൽ വിദാർഥിയായ നബീയ മാധ്യമത്തോട് പറഞ്ഞു. തനിക്ക് നാടണയാൻ ഭാഗ്യം കിട്ടിയെങ്കിലും സുഹൃത്തുക്കൾ ജീവൻ തന്നെ തിരികെ കിട്ടുമോയെന്ന പേടിയോടെ ബങ്കറിനുള്ളിലാണ് കഴിയുന്നതെന്നും കാട്ടക്കട സ്വദേശിയായ അഖില തങ്കമണി സെബാസ്റ്റ്യൻ പറഞ്ഞു.
തിരികെ നാടണയാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെങ്കിലും കൊട്ടാരക്കര സ്വദേശിയ അലൻജേക്കബിന് സുഹൃത്തുക്കൾ അതിർത്തിയിൽ കുടങ്ങിക്കിടക്കുന്നതിന്റെ സങ്കടം. അതിർത്തിയിലെത്തിയ സുഹൃത്തുക്കളെ പട്ടാളക്കാർ ഉപദ്രവിക്കുകയാണ്. കരഞ്ഞുകൊണ്ടാണ് പലരും ഫോണിൽ പോലും സംസാരിക്കുന്നതെന്നും അലൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.