അനധികൃത നിയമനം; പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
text_fieldsആറ്റിങ്ങൽ: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന് കീഴിലെ പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചും ഉപരോധവും നടത്തി. അടിസ്ഥാനയോഗ്യത പോലും ഇല്ലാത്തയാൾക്ക് ആംബുലൻസ് ഡ്രൈവർ നിയമനം നൽകിയെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് സമരം.
രാവിലെ 9.30നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും ഉപരോധവും സംഘടിപ്പിച്ചത്. ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ കഠിനംകുളം പൊലീസ് എസ്.എച്ച്.ഒ സാജു ആന്റണിയുടെയും എസ്.ഐ ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിഷേധക്കാരെ തടഞ്ഞു. ഉപരോധ സമരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സുനിൽ പെരുമാതുറ ഉദ്ഘാടനം ചെയ്തു.
സമരം അവസാനിപ്പിച്ച് മടങ്ങിയതിന് പിന്നാലെ പുതിയ ഡ്രൈവർ സ്ഥലത്തെത്തി ആംബുലൻസ് സർവിസ് നടത്താൻ ആരംഭിച്ചത് വീണ്ടും പ്രതിഷേധത്തിനിടയാക്കി. തുടർന്ന് പഞ്ചായത്തംഗം അൻസിൽ അൻസാരിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പി. മുരളിയുമായി ചർച്ച നടത്തുകയും നിയമനത്തിൽ ക്രമക്കേടുണ്ടെങ്കിൽ പരിശോധിക്കാമെന്ന ഉറപ്പിൽമേൽ സമരം അവസാനിപ്പിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റാഫി ബഷീർ, സഹീർ, തൗഫീഖ്, നാസിമുദ്ദിൻ, റിനാദ് റഹീം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.